|    Nov 20 Tue, 2018 3:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹനാന് പിന്തുണയേറുന്നു

Published : 28th July 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍
ഇടുക്കി: “ജീവിക്കാനാണു പണിയെടുക്കുന്നത്, ഉപദ്രവിക്കരുത്’ ഹനാന്റെ തേട്ടം കേരളം ഏറ്റെടുത്തിരിക്കുന്നു. പിന്തുണയേറുകയാണ് ഹനാന്, പതറാതെ പടപൊരുതി ജീവിതം കെട്ടിപ്പടുക്കാന്‍.
മൂന്നുദിവസമായി മീന്‍’വല’യില്‍ കുടുങ്ങിയ നിലയിലായിരുന്നു മലയാളി സൈബര്‍ ലോകം. അവള്‍ക്ക് ജീവിതം അറിവായതുമുതല്‍ പ്രാരബ്ധങ്ങള്‍ നിറഞ്ഞതുതന്നെയാണ്. മോശം കുടുംബ സാഹചര്യത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതും പിതാവ് ഉപേക്ഷിച്ചുപോയതോടെ ആലംബമറ്റ മാതാവിനെയും സഹോദരനെയും സംരക്ഷിക്കലുമെല്ലാം ബാല്യത്തിലെ ഹനാന് വലിയ ഭാരമായിരുന്നു. യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കുടുംബം പോറ്റാന്‍ പണിക്കിറങ്ങിയതാണ്.  മിടുക്കിയാണ്, സ്മാര്‍ട്ടാണ്, ബുദ്ധിമതിയാണ്. നന്നായി പഠിക്കും. അല്‍ അസ്ഹര്‍ കോളജിലെ ആര്‍ട്‌സ് പരിപാടികളില്‍ അടക്കം നിറസാന്നിധ്യമാണ് ഹനാന്‍. ഡിഗ്രിക്ക് ചേരാന്‍ എത്തിയപ്പോള്‍ ജീവിതസാഹചര്യം അറിഞ്ഞ് അല്‍ അസ്ഹര്‍ കോളജ് അധികൃതര്‍ പഠനവും അനുബന്ധ കാര്യങ്ങളും സൗജന്യമായി നല്‍കാന്‍ സൗകര്യമൊരുക്കിയിരുന്നു. പഠനത്തിനു മാത്രം പണം കണ്ടെത്തിയാല്‍ പോരാ എന്നുള്ളതിനാലാണ് എറണാകുളത്ത് താമസമുറപ്പിച്ചത്.
രോഗിയായ മാതാവിനെ സംരക്ഷിക്കണം. കിടപ്പാടമുണ്ടാക്കണം. ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതം കെട്ടിപ്പടുക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടവള്‍ക്ക്. അവധി ദിവസങ്ങളിലും പലപ്പോഴും പഠനമുള്ളപ്പോഴും ആങ്കറിങ് പോലുള്ള പരിപാടികള്‍ കിട്ടിയാല്‍ പോയിരിക്കും. അല്‍ അസ്ഹറിലെ പഠനം കഴിഞ്ഞാല്‍ കോളജിന്റെ ബസ്സില്‍ തന്നെയാണ് പുത്തന്‍കുരിശ് വരെ പോവുക. അവിടെ നിന്നു മറ്റു വാഹനങ്ങളില്‍ കൊച്ചിയിലെത്തും. ഇങ്ങനെയാണു രീതി. തമ്മനത്തെ മീന്‍ കച്ചവടം പൊള്ളയാണെന്ന വാദവുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നതോടെ ഹനാന്റെ ജീവിതം കൂടുതല്‍ ചര്‍ച്ചയായി. തികഞ്ഞ അനുകമ്പയോടെ തുടക്കത്തില്‍ ഹനാനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ, തമ്മനത്തെ മീന്‍ വില്‍പനയുടെ ആത്മാര്‍ഥതയില്‍ സംശയം ജനിച്ചതോടെ എതിരാവുകയായിരുന്നു.
അതേസമയം, മീന്‍ കച്ചവടത്തില്‍ മാത്രം ഒതുങ്ങേണ്ട ചര്‍ച്ച ഹനാന്റെ സ്വകാര്യ ജീവിതത്തിലേക്കു കൂടി കടന്നു. അവിടെ സോഷ്യല്‍ മീഡിയയ്ക്കു പിഴച്ചു. ഇന്നലെ മുതല്‍, ഹനാനെ ആക്ഷേപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു തുടങ്ങി. മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.തമ്മനത്തെ മീന്‍ വില്‍പന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും- സമൂഹത്തിന്റെ പിന്തുണ നൂറുശതമാനം ആവശ്യം തന്നെയാണ് ഹനാന്. സമാനജീവിതം പേറുന്ന അനവധി പേരുടെ നാടറിഞ്ഞ പ്രതിനിധിയാണവള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss