|    Nov 25 Sat, 2017 11:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹണിബീ-2 വിവാദം : ജീന്‍ പോള്‍ ലാലിന്റെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ: ഇന്നു വിശദമായ വാദം

Published : 7th August 2017 | Posted By: fsq

 

കൊച്ചി: നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നു വിശദമായ വാദം കേള്‍ക്കും. യുവനടിയുടെ പരാതി പ്രകാരം പനങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് സംവിധായകന്‍ ജീന്‍ പോള്‍, നടന്‍ ശ്രീനാഥ് ഭാസി, അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. അഭിനയിച്ചതിനുള്ള പ്രതിഫലം നല്‍കിയില്ലെന്നും സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു തന്റെ ശരീരം ചിത്രീകരിച്ചെന്നുമാണ് യുവനടി നല്‍കിയ പരാതി. പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടു പോലിസ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരും സിനിമാമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും അന്വേഷണവുമായി സഹകരിക്കാത്ത ഇവര്‍ക്കു ജാമ്യം നല്‍കിയാല്‍ സിനിമാ മേഖലയില്‍ നിന്നുള്ള സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നുമാണ് പോലിസിന്റെ വാദം. കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഒഴികെയുള്ളവരുടെ പങ്കിനെക്കുറിച്ചു പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി വിധി വന്ന ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കാനാണ് പോലിസിന്റെ തീരുമാനം. ഇതിനിടെ, സിനിമയുടെ സെന്‍സര്‍ കോപ്പി ലഭിക്കുന്നതിനുള്ള നടപടികളും പോലിസ് ഊര്‍ജിതമാക്കി. നടി അഭിനയിക്കാന്‍ വിയോജിപ്പ് അറിയിച്ച രംഗം മറ്റൊരാളെ ഉപയോഗിച്ചു ചിത്രീകരിച്ച ശേഷം നടിയുടെതെന്ന പേരില്‍ സിനിമയില്‍ ഉപയോഗിച്ചുവെന്നാണ് പ്രധാന പരാതി. ഇതടക്കമുള്ള പല കാര്യങ്ങളും സെന്‍സര്‍ കോപ്പി പരിശോധനയിലൂടെ വ്യക്തമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക