|    May 24 Wed, 2017 7:24 pm
FLASH NEWS

ഹജ്ജ് സബ്‌സിഡി എന്ന മരീചിക

Published : 3rd September 2016 | Posted By: G.A.G

imthihan-SMALLപതിവു പോലെ മുറതെറ്റാതെ  ഈ വര്‍ഷവും ഹജ്ജ് സീസണോടൊപ്പം ഹജ്ജ് സബ്‌സിഡി വിവാദവും ആരംഭിച്ചിരിക്കുന്നു.ദോഷം പറയരുതല്ലോ, ഹജ്ജ് ക്യാമ്പില്‍ വെച്ച് ഹജ്ജ് മന്ത്രി കെ .ടി ജലീല്‍ തന്നെയാണ് ഈ വര്‍ഷത്തെ സംവാദം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖാന്തിരം ഹജ്ജിനു പോകുന്ന യാത്രക്കാര്‍ക്ക് വിമാനക്കൂലിയിനത്തില്‍ വര്‍ഷം തോറും ഭീമമായ തുക ഖജനാവില്‍ നിന്നും സബ്‌സിഡിയായി നല്‍കുന്നു എന്നാണ് വിവാദത്തിന്റെ ആകത്തുക.

വാസ്തവത്തില്‍ യാഥാര്‍ത്ഥ്യവുമായി ഈ പ്രചാരണത്തിനു അകന്ന ബന്ധം മാത്രമേ ഉളളൂ.  ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ  ഹാജിമാരെ കൊണ്ടു പോകാനുളള അനുവാദം പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യക്കോ അവരുമായി കരാറില്‍ ഏര്‍പ്പെടുന്നവരിലോ പരിമിതമാണ്. അതിനാല്‍ തന്നെ അവര്‍ ഏകപക്ഷീയമായി നിശ്ചയിക്കുന്ന ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഹജ്ജ് യാത്രികര്‍ ഒടുക്കേണ്ടിവരുന്നത്.

അന്താരാഷ്ട്രതലത്തില്‍ പരസ്യടെന്‍ഡര്‍ മുഖാന്തിരം കരാറുപ്പിക്കാന്‍ ഹജ്ജ്കമ്മറ്റിക്ക് അധികാരം നല്‍കുന്ന പക്ഷം ഇതിനേക്കാള്‍ എത്രയോ കുറഞ്ഞ നിരക്കില്‍  യാത്ര സാധ്യമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ലാഭകരമല്ലാത്ത ആഭ്യന്തര സര്‍വ്വീസുകളാലും പൊതുമേഖലാസ്ഥാപനങ്ങളുടെ മുഖമുദ്രയായ കെടുകാര്യസ്ഥതയാലും നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാനുളള മാര്‍ഗമായി ഹജ്ജ് യാത്രയെ കാണുന്ന സര്‍ക്കാര്‍ തുറന്ന വിപണിയിലെ പരസ്യ ടെന്‍ഡറിനു തയ്യാറല്ല.ഹജ്ജ് സബ്‌സിഡി എന്ന ഓമനപ്പേരില്‍ എയര്‍ ഇന്‍ഡ്യക്കു വര്‍ഷം തോറും ഗ്രാന്‍ഡ് അനുവദിക്കുന്ന സര്‍ക്കാര്‍ ഇതിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷിയെയാണ് ലക്ഷ്യമാക്കുന്നത്.

ഒരേ സമയം എയര്‍ ഇന്ത്യക്ക് ആശ്വാസം. അതോടൊപ്പം മുസ്ലിംകള്‍ക്ക് വമ്പിച്ച ആനുകൂല്യം നല്‍കി എന്ന പുകമറ സൃഷ്ടിച്ച് വോട്ടുബാങ്ക് തട്ടിപ്പ്. ഏതാനും വര്‍ഷങ്ങളായി ഈ തട്ടിപ്പിനെ സാമുദായിക ധ്രുവീകരണത്തിനുളള ആയുധമായി സംഘ്പരിവാര്‍ ശക്തികള്‍ ഉപയോഗിക്കുന്നു എന്നത് വാസ്തവമാണ്. പൊതുഖജനാവിലെ ധനം ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രമായി ദുരുപയോഗം ചെയ്യുന്നു എന്നാണ് പ്രചാരണം. ഒന്നാമതായി ആ ഹജ്ജ് സബ്‌സിഡിയുടെ യഥാര്‍ത്ഥ്യമെന്തെന്ന് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു.

രണ്ടാമതായി, ഇനി പ്രചരിപ്പിക്കപ്പെടുന്നതു പോലെ സബ്‌സിഡി നല്‍കുന്നുണ്ട് എന്നു വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ പോലും അതെങ്ങനെയാണ് വിവേചനമാകുന്നത്. ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയിലെ വ്യത്യസ്തവിഭാഗങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ പണം ചിലവഴിക്കുന്നുണ്ട്. കുംഭമേള, അമര്‍നാഥ് യാത്ര തുടങ്ങിയവക്കു വേണ്ടി ശതകോടികളാണ് വര്‍ഷം തോറും ചിലവിടുന്നത്. ഇസലാം മത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വിദേശത്തായതു കൊണ്ട് ആ ആനുകൂല്യം വിമാനക്കൂലിയുടെ രൂപത്തില്‍ ലഭിക്കുന്നു എന്നു മാത്രം. ഇത് യാതൊരു തരത്തിലുളള വിവേചനമോ വര്‍ഗീയ പ്രീണനമോ അല്ലെന്നും മറിച്ച് ഒരു ശരിയായ മതേതര രാജ്യത്തിന്റെ കടമയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.

ദൗര്‍ഭാഗ്യവശാല്‍ സംഘപരിവാര്‍ ശക്തികളുടെ പ്രചാരണം ചില മുസലിം വിഭാഗങ്ങളെ മാപ്പു സാക്ഷികളാക്കി മാറ്റിയിരിക്കുന്നു. ‘അവിഹിതമായി’ തങ്ങള്‍പറ്റിക്കൊണ്ടിരിക്കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് അവരും ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ അതോടൊപ്പം എയര്‍ ഇന്ത്യയുടെ തട്ടിപ്പിനെക്കുറിച്ച് അവര്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ഖേദകരം. സബ്‌സിഡി പറ്റുക എന്നത് എന്തോ അപരാധമാണ് എന്ന രീതിയിലാണ് ഇക്കൂട്ടരുടെ സംസാരം. എന്നാല്‍ സബ്‌സിഡി എന്നത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ  ഔദാര്യമല്ല, അതിലെ പൗരന്‍മാരുടെ അവകാശമാണ് എന്ന ആധുനിക രാഷ്ട്രമീംമാംസകരുടെ അഭിപ്രായം ഇക്കൂട്ടരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day