|    Mar 29 Wed, 2017 3:01 pm
FLASH NEWS

ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ തുടങ്ങി

Published : 19th July 2016 | Posted By: sdq

കരിപ്പൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ തുടങ്ങി. പ്രവാസി തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് സ്വീകരണം അവസാനിച്ചതോടെയാണ് ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ക്കു തുടക്കമായത്.
മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നിന്ന് പാസ്‌പോര്‍ട്ടുകള്‍ സൗദി ഹജ്ജ് കോണ്‍സിലേറ്റില്‍ എത്തിച്ചാണ് വിസ സ്റ്റാ—മ്പ് ചെയ്യുന്നത്. പിന്നീട് പാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും കൊറിയര്‍, തപാല്‍ മുഖേന സംസ്ഥാന ഹജ്ജ് കമ്മറ്റികള്‍ക്ക് അയച്ചുകൊടുക്കും. അവസരം ലഭിച്ചവരില്‍ പ്രവാസികളല്ലാത്തവരുടെ പാസ്‌പോര്‍ട്ടുകള്‍ നേരത്തെ തന്നെ സംസ്ഥാന ഹജ്ജ് കമ്മറ്റികള്‍ കേന്ദ്രഹജ്ജ് കമ്മറ്റികള്‍ക്കു കൈമാറിയിട്ടുണ്ട്. എന്നാല്‍, എന്‍ആര്‍ഐക്കാരായവരുടെ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 15 ആയിരുന്നു. കേരളത്തില്‍ നിന്നാണ് പ്രവാസികളായ ഹജ്ജ് തീര്‍ത്ഥാടകര്‍ ഏറെയുള്ളത്. ഒരിക്കല്‍ ഹജ്ജ് വിസ സ്റ്റാ—മ്പ് ചെയ്ത പാസ്‌പോര്‍ട്ടിലും കൈകൊണ്ട് എഴുതിയ മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ടിലും വിസ സ്റ്റാമ്പിങ് നടത്തില്ല.
രാജ്യത്തുനിന്ന് ഇത്തവണ 1,00,020 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. തീര്‍ത്ഥാടകരെ സഹായിക്കാനായി 500 ഖാദിമുല്‍ ഹുജ്ജാജുമാരെയും(വോളന്റിയര്‍മാര്‍)അയക്കുന്നുണ്ട്.
ഹജ്ജ് സര്‍വീസുകള്‍ ആഗസ്ത് നാലു മുതലാണ് ആരംഭിക്കുക. സപ്തംബര്‍ 5ന് അവസാനിക്കും. കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ ആഗസ്ത് 22 മുതലാണ് ആരംഭിക്കുന്നത്. കേരളത്തില്‍ ഹജ്ജ് ക്യാംപ് ആഗസ്ത് 21നാണ് ആരംഭിക്കുക. 14ന് പാസ്‌പോര്‍ട്ടുകള്‍ കൊച്ചിയിലെത്തും. ഇതിനു മുന്നോടിയായി വിസ സ്റ്റാമ്പിങ് നടപടികള്‍ പൂര്‍ത്തിയായ പാസ്‌പോര്‍ട്ടുകള്‍ ശേഖരിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫിസ് ജീവനക്കാര്‍ മുംബൈക്കു പോവും. ഹജ്ജ് തീര്‍ത്ഥാടനത്തിലെ പ്രധാന കര്‍മമായ അറഫ സംഗമത്തിന്റെ അഞ്ച് ദിവസം മുമ്പുതന്നെ രാജ്യത്തു നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകരെയും മക്കയിലെത്തിക്കും. സപ്തംബര്‍ 10നാണ് അറഫ ദിനമായി കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ചാണ് വിമാന ഷെഡ്യൂള്‍ പുറത്തിറക്കിട്ടുള്ളത്.  


ആകെയുളള 21 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ 11 ഇടങ്ങളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കേരളം ഉള്‍പ്പെടെ നാലിടത്ത് സൗദി അറേബ്യന്‍ എയര്‍ലൈന്‍സും നാലിടത്തുനിന്ന് ഫ്‌ലൈനാസും രണ്ടിടത്തു നിന്ന് സ്‌പൈസ് ജെറ്റും സര്‍വീസ് നടത്തും. 45,000 രൂപയാണ് വിമാന ടിക്കറ്റ് നിരക്കായി നല്‍കുന്നത്. മടക്ക സര്‍വീസുകള്‍ സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെയാണു ക്രമീകരിച്ചിരിക്കുന്നത്. 2100 സൗദി റിയാല്‍ ഹജ്ജ് തീര്‍ത്ഥാടന ചെലവിലേക്കായി പുറപ്പെടുന്ന സമയത്തു നല്‍കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day