|    Mar 27 Mon, 2017 4:24 pm
FLASH NEWS

ഹജ്ജ് യാത്ര : പ്രതിസന്ധി മറികടന്നത് ഹജ്ജ് കമ്മിറ്റിയുടെയും സൗദി എയര്‍ലൈന്‍സിന്റെയും പ്രവര്‍ത്തനമികവില്‍

Published : 3rd September 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടത്തില്‍ നേരിട്ട പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞത് സൗദി എയര്‍ലൈന്‍സിന്റെ നിശ്ചയദാര്‍ഢ്യവും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സംഘാടനമികവുംകൊണ്ട് മാത്രമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടകരെ മക്കയില്‍ എത്തിക്കുന്നതിന് രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍നിന്നാണ് വിവിധ വിമാനക്കമ്പനികള്‍ ഹജ്ജ് സര്‍വീസ് നടത്തുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം അടക്കം നാല് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് തീര്‍ത്ഥാടകരെ മക്കയില്‍ എത്തിക്കുന്നതിന് 450 പേര്‍ കയറാവുന്ന രണ്ടു വിമാനങ്ങള്‍ 10 ദിവസവും ഓരോ വിമാനം വീതം ആറു ദിവസവും എന്ന ക്രമത്തിലാണ് സൗദി എയര്‍ലൈന്‍സ് തയ്യാറാക്കിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി ഒരു ജംബോ വിമാനത്തിന് സൗദി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സുരക്ഷാകാരണങ്ങളാല്‍ യാത്രാനുമതി നിഷേധിച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇത്തരം സാഹചര്യങ്ങളില്‍ ദിവസങ്ങളോളം യാത്ര പ്രതിസന്ധിയിലാവുകയാണ് പതിവ്. എന്നാല്‍, ഇതില്‍ പതറാതെ സൗദി എയര്‍ലൈന്‍സും ഹജ്ജ് കമ്മിറ്റിയും കൈക്കൊണ്ട തീരുമാനങ്ങള്‍ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനം സുഗമമാക്കി.
ഓരോ ദിവസവും നിശ്ചയിച്ച തീര്‍ത്ഥാടകരെ കൊണ്ടുപോവുന്നതിനായി 300ഉം 350ഉം പേര്‍ക്ക് യാത്രചെയ്യാവുന്ന മൂന്ന് വിമാനങ്ങള്‍ എത്തിച്ചാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തിയത്. 10 ദിവസംകൊണ്ട് 900 തീര്‍ത്ഥാടകരെയും ആറുദിവസംകൊണ്ട് 450 തീര്‍ത്ഥാടകരെയുമാണ് കൊണ്ടുപോവേണ്ടിയിരുന്നത്. ഈ മാസം 24ന് 300 പേര്‍ യാത്രചെയ്യുന്ന രണ്ടു വിമാനങ്ങളും 350 പേര്‍ക്ക് യാത്രചെയ്യാവുന്ന ഒരു വിമാനവുമാണ് സര്‍വീസ് നടത്തിയത്. മൂന്നാമത്തെ വിമാനത്തില്‍ 50 സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വിമാന ഷെഡ്യൂളില്‍ മാറ്റംവന്നതോടെ യാത്രക്കാരുടെ വിവരങ്ങള്‍ വീണ്ടും തരംതിരിക്കുക എന്നതായിരുന്നു ഹജ്ജ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥര്‍ നേരിട്ട പ്രധാന പ്രശ്‌നം. രണ്ടു വിമാനങ്ങളിലായി 450 തീര്‍ത്ഥാടകരെ യാത്രയാക്കാനുള്ള നടപടികളാണ് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നത്. ഇത് മൂന്നു വിമാനങ്ങളിലേക്കായി പെട്ടെന്നു തന്നെ തരംതിരിക്കേണ്ടിവന്നു. ഇത്തരത്തില്‍ പുനര്‍നിര്‍ണയം നടത്തുമ്പോള്‍ ഓരോ കവറിലും ഉള്‍പ്പെട്ടിരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു വിമാനത്തില്‍ തന്നെ യാത്ര ഉറപ്പാക്കുന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിവരും.ഹജ്ജ് ക്യാംപില്‍ പ്രവര്‍ത്തിക്കുന്ന സൗദി എയര്‍ലൈന്‍സ് ഓഫിസിലെ ജീവനക്കാരും ഇക്കാര്യത്തില്‍ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിയത്. രണ്ടുദിവസത്തിനുശേഷം ജംബോ വിമാനത്തിന് പറന്നുയരാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് 450 പേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ടു വിമാനങ്ങള്‍ വീതം നെടുമ്പാശ്ശേരിയില്‍ എത്തിയതോടെയാണ് ആശ്വാസമായത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day