|    Sep 22 Sat, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹജ്ജ് പരിസമാപ്തിയിലേക്ക്; തീര്‍ത്ഥാടകര്‍ മിനാ വിടുന്നു

Published : 24th August 2018 | Posted By: kasim kzm

മക്ക: ആത്മനിര്‍വൃതിയോടെ ഹജ്ജ് തീര്‍ത്ഥാടകര്‍ മിനാ താഴ്‌വരയില്‍ നിന്നു മടക്കയാത്ര തുടങ്ങി. അറഫയിലും മിനായിലും തമ്പുകളില്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളില്‍ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങള്‍ കഴുകിക്കളഞ്ഞ് കളങ്കരഹിതരായാണ് അവരുടെ മടക്കം. മൂന്ന് ജംറകളിലും കല്ലെറിഞ്ഞശേഷം ഇന്നലെ സന്ധ്യക്കു മുമ്പ് ഏറെ പേരും മിനാ വിട്ടു. രാത്രി മിനായില്‍ തങ്ങിയ ഹാജിമാര്‍ ഇന്നു ജംറകളില്‍ കല്ലേറ് നടത്തിയശേഷം മക്കയിലേക്ക് തിരിക്കും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ച 24 ലക്ഷം തീര്‍ത്ഥാടകരില്‍ 70 ശതമാനം പേരും മിനാ വിട്ടതായി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. മക്കയിലെ കഅ്ബയില്‍ ഹജ്ജിന്റെ അവസാനകര്‍മമായ വിടപറയല്‍ പ്രദക്ഷിണം നടത്തിയാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്. അതിനാല്‍ മക്കയില്‍ ഹറം പരിസരത്ത് വന്‍ തിരക്കാണ്. ഇന്ത്യയുള്‍പ്പെടെ വിദേശത്തുനിന്നുള്ള ഹാജിമാര്‍ മടക്കയാത്രയ്ക്കു മുമ്പായി ഈ പ്രദക്ഷിണം നിര്‍വഹിക്കും. ജംറകളില്‍ കല്ലേറ് ക്രമത്തില്‍, സമാധാനപരമായി നടന്നുവെന്നും ഒരുവിധത്തിലുള്ള തിരക്കും അത്യാഹിതവുമില്ലാതെ ഹജ്ജ് സമാപിക്കുന്നതില്‍ സംതൃപ്തിയുണ്ടെന്നും സുരക്ഷാവിഭാഗം മേധാവി ജനറല്‍ ഖാലിദ് ബിന്‍ ഖരാര്‍ അല്‍ ഹര്‍ബി പറഞ്ഞു. സൗദിയില്‍ നിന്നു സ്വദേശികളും വിദേശികളുമായി 2,22,145 പേര്‍ രജിസ്റ്റര്‍ ചെയ്ത് ഹജ്ജിനെത്തി. രേഖകളില്ലാതെ ഹജ്ജ് നിര്‍വഹിച്ചവര്‍ നാലു ലക്ഷം വരും. മക്കയിലും മിനായിലും അറഫയിലും മുസ്ദലിഫയിലും വഴിതെറ്റി അലഞ്ഞ 1,90,000 ഹാജിമാരെ താമസസ്ഥലത്ത് എത്തിച്ചു. 1,260 സൗദി സ്‌കൗട്ടുകളും കെഎംസിസി, ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ആര്‍എസ്‌സി, വിഖായ, സവാ, കെസിഎഫ് സംഘടനകള്‍ക്കു കീഴില്‍ ആയിരക്കണക്കിന് വോളന്റിയര്‍മാരും ഹാജിമാര്‍ക്ക് സേവനം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss