|    Nov 20 Mon, 2017 9:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് : നെടുമ്പാശ്ശേരിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍

Published : 3rd August 2017 | Posted By: fsq

 

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവുന്നവരുടെ യാത്ര വിമാനസമയം ചേര്‍ത്തുള്ള മാനിഫെസ്റ്റോ രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. കരിപ്പൂരില്‍ ഹജ്ജ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകളില്‍ ഹജ്ജ് വിസ സ്റ്റാമ്പിങ് പൂര്‍ത്തിയായി വരികയാണ്. ഇതനുസരിച്ചാണു കേന്ദ്ര ഹജ്ജ് കമ്മിറ്റി മാനിഫെസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. നിലവില്‍ സര്‍വീസ് ആരംഭിച്ച മറ്റു സംസ്ഥാനങ്ങളിലും ഹജ്ജ് മാനിഫെസ്റ്റ് വൈകിയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഹജ്ജ് ക്യാംപായ നെടുമ്പാശ്ശേരിയില്‍ കഴിഞ്ഞവര്‍ഷത്തേക്കാളും 15 ശതമാനം സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് ക്യാംപിനോട് അനുബന്ധിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസ് താല്‍ക്കാലികമായി ഏഴു മുതല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലേക്കു മാറ്റും. ഹജ്ജ് ക്യാംപ് 12ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 13നു രാവിലെ 6.30നുള്ള ആദ്യ ഹജ്ജ് വിമാനം മന്ത്രി ഡോ. കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സ് 39 വിമാനങ്ങളാണു ഹജ്ജിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കരിപ്പൂര്‍ ഹജ്ജ് ഹൗസ് വിവാഹസല്‍ക്കാരങ്ങള്‍ക്കു മാത്രം വാടകയ്ക്കു നല്‍കിയാല്‍ മതിയെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹജ്ജ് വോളന്റിയര്‍ തിരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടത്തിയതെന്നും ഇതില്‍ തിരഞ്ഞെടുക്കപ്പെടാത്തവരുടെ ആക്ഷേപത്തില്‍ കഴമ്പില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 11,355 പേര്‍ക്കും, ലക്ഷദ്വീപില്‍ നിന്ന് 305 പേരും മാഹിയില്‍ നിന്ന് 28 പേരും ഉള്‍െപ്പടെ 11,688 പേര്‍ക്കാണ് അവസരം ലഭിച്ചത്. അടുത്തവര്‍ഷം മുതല്‍ ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നടത്തുന്നതിന് വീണ്ടും സമ്മര്‍ദ്ദം ചെലുത്തും. നിലവില്‍ അഞ്ച് മെമ്മോറാണ്ടം ഇതുമായി കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു നല്‍കിയിട്ടുണ്ട്. യോഗത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, ഇ കെ അഹമ്മദ് കുട്ടി, പി പി അബ്ദുറഹ്മാന്‍, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, പ്രഫ. എം കെ അബ്ദുല്‍ ഹമീദ്, ശരീഫ് , അഹമ്മദ് മൂപ്പന്‍, എ കെ അബ്ദുറഹ്മാന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക