|    May 28 Sun, 2017 4:16 pm
FLASH NEWS

ഹജ്ജ് തീര്‍ത്ഥാടകര്‍ മിനാ താഴ്‌വരയോട് വിടപറഞ്ഞു

Published : 16th September 2016 | Posted By: SMR

സലീം  ഉളിയില്‍

മിന: പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച് നിര്‍മലമായ മനസ്സോടെ ഹാജിമാര്‍ മിനാ താഴ്‌വരയോട് വിടപറഞ്ഞു. അവസാനദിവസമായ ഇന്നലെ മൂന്ന് ജംറകളിലെയും കല്ലേറുകര്‍മം നിര്‍വഹിച്ച മുഴുവന്‍ ഹാജിമാരും വിടവാങ്ങിയതോടെ ഭക്തിസാന്ദ്രമായിരുന്ന മിനാ വിജനമായി.
മൂന്നാംദിവസത്തെ കല്ലേറുകര്‍മം നിര്‍വഹിച്ചതിനുശേഷം ഭൂരിഭാഗം തീര്‍ത്ഥാടകരും ബുധനാഴ്ച തന്നെ മിനാ വിട്ടിരുന്നു. ഇന്ത്യന്‍ ഹാജിമാരിലധികവും മക്കയിലെയും അസീസിയ്യയിലെയും താമസസ്ഥലത്തേക്കാണു മടങ്ങിയത്. 19 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുത്ത ഹജ്ജ് അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ ശാന്തമായാണ് കടന്നുപോയത്. ഇന്നലെ വൈകീട്ടോടെ മുഴുവന്‍ തീര്‍ത്ഥാടകരും മിനാ വിടണമെന്ന് അധികൃതര്‍ മുതവ്വിഫുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നാലുകിലോമീറ്റര്‍ വീതിയിലും മൂന്നുകിലോമീറ്റര്‍ നീളത്തിലുമായി പരന്നുകിടക്കുന്ന മിനാ താഴ്‌വരയില്‍ അത്യാധുനിക സൗകര്യങ്ങളായിരുന്നു അധികൃതര്‍ ഒരുക്കിയിരുന്നത്. പൊതുവേ തിരക്കു കുറവായതിനാല്‍ ആയാസരഹിതമായാണ് ഹാജിമാര്‍ ജംറകളിലേക്കു നീങ്ങിയത്.
അനധികൃത ഹാജിമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ റോഡുകളില്‍ അന്തിയുറങ്ങുന്ന അവസ്ഥ മിനായിലുണ്ടായിരുന്നില്ല. കടുത്ത ചൂടാണ് മക്ക, മിനാ, അറഫ തുടങ്ങിയ സ്ഥലങ്ങളില്‍ അനുഭവപ്പെട്ടിരുന്നത്. ഹജ്ജ് പ്രയാസരഹിതമായി നടക്കുന്നതിന് മികച്ച സുരക്ഷയാണ് സൗദി സര്‍ക്കാര്‍ ഒരുക്കിയത്. വിവിധ സുരക്ഷാവിഭാഗവും സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്റ് എന്നിവയും തിരക്കുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു.
ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള മികച്ച പദ്ധതികളാണ് വിവിധ വകുപ്പുകള്‍ സ്വീകരിച്ചത്. കര്‍മങ്ങള്‍ അവസാനിച്ചതോടെ ഹാജിമാരുടെ തിരിച്ചുപോക്കിന് തുടക്കമായി. തീര്‍ത്ഥാടകരുടെ തിരിച്ചുപോക്കിനാവശ്യമായ എല്ലാവിധ ഒരുക്കങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയപ്രകാരം ആരംഭിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
തീര്‍ത്ഥാടകരുടെ വരവ് ആരംഭിച്ച ദുല്‍ഖഅദ് ഒന്നു മുതല്‍ തിരിച്ചുപോവുന്നതു വരെയള്ള പദ്ധതികളാണ് ജവാസാത്ത് ആവിഷ്‌കരിച്ചത്. തീര്‍ത്ഥാടകര്‍ യഥാസമയം രാജ്യം വിടണമെന്നും നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളുമെന്നും ജവാസാത്ത് മുന്നറിയിപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day