|    Aug 20 Sun, 2017 4:11 am
FLASH NEWS

ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്നുമുതല്‍ ക്യാംപില്‍ എത്തിത്തുടങ്ങും ; ആദ്യ വിമാനം നാളെ

Published : 12th August 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോവുന്ന തീര്‍ത്ഥാടകര്‍ ഇന്നു മുതല്‍ നെടുമ്പാശ്ശേരിയിലെ ക്യാപില്‍ എത്തിത്തുടങ്ങും. വോളന്റിയര്‍മാര്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ക്യാംപില്‍ എത്തിത്തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ മുഴുവന്‍ വോളന്റിയര്‍മാരും എത്തിയതോടെ ക്യാംപ് സജീവമായി. നാളെ യാത്ര തിരിക്കുന്ന തീര്‍ത്ഥാടകരാണ് ഇന്ന് എത്തുന്നത്. മൂന്ന് വിമാനങ്ങളിലായി 900 ഹാജിമാരാണ് ആദ്യ ദിവസം പുറപ്പെടുക. രാവിലെ 6.45 നും ഉച്ചയ്ക്ക് 11.30 നും, വൈകീട്ട് 5.15 നുമാണ് വിമാനങ്ങള്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു യാത്രയാവുന്നത്. ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ വിമാനം നാളെ രാവിലെ 6.45ന് മന്ത്രി കെ ടി ജലീല്‍ ഫഌഗ്ഓഫ് ചെയ്യും. ക്യാംപില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ വോളന്റിയര്‍മാരുടെ പ്രത്യേക യോഗം ഇന്നലെ വൈകീട്ട് ചേര്‍ന്ന് ചുമതലകളെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. 492 വോളന്റിയര്‍മാരെയാണ് ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 100 പേര്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ സേവനം അനുഷ്ടിക്കും. ക്യാംപില്‍ സേവനം ചെയ്യുന്ന 392 പേരില്‍ 150 പേര്‍ വനിതകളാണ്. സ്ത്രീ തീര്‍ത്ഥാടകരുടെ സഹായത്തിനായാണ് ഇവരുടെ സേവനം. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വോളന്റിയര്‍മാരുടെ ചുമതലകള്‍ ക്രമീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ ക്യാംപില്‍ എത്തിയാല്‍ പിറ്റേന്ന് വിമാനത്തവളത്തിലേക്ക് യാത്രയാവുന്നതുവരെ വോളന്റിയര്‍മാര്‍ സേവനത്തിനുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക