|    Nov 21 Wed, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ്; തീര്‍ത്ഥാടകരുടെ ആദ്യ സംഘം 12ന് എത്തും

Published : 27th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴി യാത്ര തിരിച്ച ഹാജിമാര്‍ അടുത്തമാസം 12 മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തും. പ്രളയം മൂലം പ്രവര്‍ത്തനം തടസ്സപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 29 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് ഹാജിമാരുടെ മടക്കയാത്രയ്ക്ക് നെടുമ്പാശ്ശേരി വഴി തന്നെ അവസരമൊരുങ്ങുന്നത്. മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള സംസം വെള്ളം വിമാനത്താവളത്തിലെ ടിത്രീ ടെര്‍മിനലില്‍ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. അഞ്ചു ലിറ്റര്‍ വീതമുള്ള 12,000 ക്യാനുകളാണ് മുന്‍കൂട്ടി എത്തിച്ചിരുന്നത്. ഹാജിമാരുടെ മടക്കയാത്രയ്ക്ക് 30 സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി ഹജ്ജ് കമ്മിറ്റികള്‍ വഴി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്ത് നിന്നു യാത്രയായത് 12,013 പേരാണ്. ഇതില്‍ 10,784 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 1229 പേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് യാത്രയായത്. കേരളത്തില്‍ നിന്ന് 5,110 പുരുഷന്‍മാരും, 6,579 സ്ത്രീകളും അടക്കം 11,689 പേരാണ് യാത്രയായത്. ഇവരോടൊപ്പം രണ്ടു വയസ്സില്‍ താഴെ പ്രായമായ 23 കുട്ടികളും യാത്ര തിരിച്ചിട്ടുണ്ട്. 277 പേര്‍ ലക്ഷദ്വീപില്‍ നിന്നും 47 പേര്‍ മാഹിയില്‍ നിന്നും യാത്രയായിട്ടുണ്ട്. മദീന വിമാനത്താവളത്തില്‍ നിന്നാണ് ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നത്. സപ്തംബര്‍ 12ന് സൗദി സമയം പുലര്‍ച്ചെ 4.40ന് മദീനയില്‍ നിന്ന് ആദ്യസംഘം ഹാജിമാരുമായി പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. സപ്തംബര്‍ 26നാണ് ഹാജിമാരുമായി അവസാന വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss