|    Jul 22 Sat, 2017 4:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് ക്യാംപ് ആഗസ്ത് 12 മുതല്‍

Published : 14th July 2017 | Posted By: fsq

 

കരിപ്പൂര്‍: കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകളുടെ സമയ ഷെഡ്യൂള്‍ പുറത്തിറങ്ങി. തീര്‍ത്ഥാടകരുടെ ഹജ്ജ് വിമാന സമയം നിശ്ചയിച്ചുള്ള ഹജ്ജ് മാനിഫെസ്റ്റ് അടുത്തയാഴ്ചയാണ് പുറത്തിറങ്ങുക. മുംബൈയില്‍ തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകളില്‍ ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ അവസാന ഘട്ടത്തിലെത്തി. ആഗസ്ത് 13 മുതലാണ് 26 വരെയായി 14 ദിവസങ്ങളിലായാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ വിമാനം 13നു രാവിലെ 6.45നു പുറപ്പെടും. ആദ്യ ഒമ്പതു ദിവസങ്ങളില്‍ മൂന്നു വിമാനങ്ങളും 20, 22, 25, 26 തിയ്യതികളില്‍ രണ്ടു വിമാനങ്ങളും 23നു നാലു വിമാനങ്ങളും സര്‍വീസിനുണ്ടാവും. അവസാന ദിവസത്തിലെ ഒരു വിമാനം 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളും മറ്റുള്ളവയെല്ലാം 300 പേരെ ഉള്‍ക്കൊള്ളുന്ന വിമാനവുമാണ്. സപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് തീര്‍ത്ഥാടകരുടെ മടക്കയാത്ര. നെടുമ്പാശ്ശേരിയില്‍ നിന്നു ജിദ്ദയിലേക്കും മടക്കം മദീനയില്‍ നിന്നു നെടുമ്പാശ്ശേരിയിലേക്കുമാണ് തീര്‍ത്ഥാടനയാത്ര ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിനു പുറമേ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും സംസ്ഥാന ഹജ്ജ് ക്യാംപ് വഴി നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഹജ്ജിനു പോകുന്നത്. ലക്ഷദ്വീപ് തീര്‍ത്ഥാടകര്‍ ആഗസ്ത് 17നു കേരളത്തിലെത്തും. ഇവരുടെ യാത്ര 20നാണ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് സൗദി എയര്‍ലൈന്‍സാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്. ജിദ്ദയിലേക്ക് സമയ സ്ലോട്ടിനുള്ള അനുമതി ലഭിച്ചതോടെയാണ് ഹജ്ജ് മാനിഫെസ്റ്റ് തയ്യാറാക്കുന്നതിനായി വിമാന കമ്പനി സര്‍വീസ് സമയപ്പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയത്. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ അടുത്ത മാസം 13ന് ആരംഭിക്കുന്നതോടെ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം 7 മുതല്‍ നെടുമ്പാശ്ശേരിയില്‍ തുടങ്ങും. തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ മാനിഫെസ്റ്റ് അനുസരിച്ച് ശരിയാക്കിവയ്ക്കുന്നതിനാണ് ക്യാംപിന്റെ ഒരാഴ്ച മുമ്പുതന്നെ ഹജ്ജ് സെല്‍ നെടുമ്പാശ്ശേരിയില്‍ തുടങ്ങുന്നത്. ഹജ്ജ് ക്യാംപ് 12 മുതല്‍ ആരംഭിക്കും. ഹജ്ജിനു പോകുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ ആഗസ്ത് 2നു കൊച്ചിയിലെത്തും. വിസ സ്റ്റാമ്പിങ് നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ ഇവ എണ്ണിത്തിട്ടപ്പെടുത്താനും മറ്റുമായി സംസ്ഥാന ഹജ്ജ് ഓഫിസ് പ്രതിനിധികള്‍ മുംബൈയിലേക്ക് പോകുന്നുണ്ട്. ഇതിനു ശേഷം കൊറിയര്‍ വഴിയാണ് പാസ്‌പോര്‍ട്ടുകള്‍ എത്തുക. പാസ്‌പോര്‍ട്ടുകളും അനുബന്ധ രേഖകളും നേരത്തേ ക്ലിയര്‍ ചെയ്തുവയ്ക്കാനാണ് ഹജ്ജ് സെല്‍ നേരത്തേ ആരംഭിക്കുന്നത്. സെല്‍ ഉദ്യോഗസ്ഥരാണ് തീര്‍ത്ഥാടകരുടെ യാത്രാരേഖകള്‍ ക്യാംപില്‍ വിതരണം ചെയ്യുന്നത്. എസ്പി റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാവും സെല്‍ പ്രവര്‍ത്തിക്കുക. മടക്കസര്‍വീസുകള്‍ പൂര്‍ത്തിയാവുന്നതു വരെ ഹജ്ജ് സെല്‍ ക്യാംപില്‍ പ്രവര്‍ത്തിക്കും. 12ന് ആരംഭിക്കുന്ന ക്യാംപ് വൈകീട്ട് 7നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വിമാനം 13നു രാവിലെ 6.45നു മന്ത്രി കെ ടി ജലീ ല്‍ ഫഌഗ്ഓഫ് ചെയ്യും. ആദ്യ ദിനം രാവിലെ 6.45, 11.30, വൈകീട്ട് 5.15 സമയങ്ങളിലായി മൂന്നു വിമാനങ്ങളാണ് പുറപ്പെടുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക