|    Aug 22 Wed, 2018 7:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ് ക്യാംപില്‍ ഇന്നു മുതല്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

Published : 5th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപില്‍ ഇന്നു മുതല്‍ വാഹനങ്ങ ള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കു തിരിയുന്ന റൗണ്ട് എബൗട്ടില്‍ നിന്നു ഹാജിമാരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ തിരിഞ്ഞു പോവണമെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ സിയാലിന്റെ പാര്‍ക്കിങ് സ്ഥലത്തോ, മറ്റെവിടെയെങ്കിലുമോ പാര്‍ക്ക് ചെയ്ത ശേഷം സന്ദര്‍ശകര്‍ക്കു ഹജ്ജ് ക്യാംപില്‍ പ്രവേശിക്കാവുന്നതാണ്. എന്നാല്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ ക്യാംപിലേക്ക് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കില്ല. ഇനിയുള്ള ദിവസങ്ങളില്‍ ക്യാംപിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്താണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എട്ടിനു രണ്ടു വിമാനങ്ങളും ഒമ്പതിന് മൂന്നു വിമാനങ്ങളുമാണ് പുറപ്പെടുന്നത്. ഒമ്പതിന് പുറപ്പെടാനുള്ള 1640 തീര്‍ത്ഥാടകര്‍ കൂടി എട്ടിനു ക്യാംപിലേക്ക് എത്തുന്നതോടെ ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന സിയാല്‍ അക്കാദമിയില്‍ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക. ഈ ദിവസങ്ങളില്‍ തീര്‍ത്ഥാടകരെ യാത്രയയക്കാന്‍ എത്തുന്നവര്‍ വിമാനത്താവളത്തിലെ ടി ത്രീ ടെര്‍മിനലില്‍ ഇറക്കിയ ശേഷം അവിടെ നിന്നു തന്നെ മടങ്ങണമെന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു.

റിയാലായി മാറിയെടുക്കാം
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യന്‍ രൂപ റിയാലായി മാറിയെടുക്കാന്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ സൗകര്യമൊരുക്കി. ബോംബെ മര്‍ക്കന്റയിന്‍ ബാങ്കാണ് ഇതിനായി പ്രത്യേക കൗണ്ടര്‍ തുറന്നിരിക്കുന്നത്. സൗദിയിലെ ചെലവുകള്‍ക്കായി ഓരോ തീര്‍ത്ഥാടകര്‍ക്കും 2100 റിയാല്‍ വീതം ഹജ്ജ് കമ്മിറ്റി നല്‍കുന്നുണ്ട്. ഇതിനു പുറമെ റിയാല്‍ ആവശ്യമുള്ളവര്‍ക്കാണു പ്രത്യേക കൗണ്ടര്‍ തുറന്നിരിക്കുന്നത്. ഇന്ത്യന്‍ രൂപ റിയാലായി മാറ്റിയെടുക്കാന്‍ എത്തുന്നവര്‍ പാന്‍ കാര്‍ഡ് കൂടി കൊണ്ടുവരണമെണു ബാങ്കിന്റെ ചുമതലയുള്ള നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ പോയിന്റ് നോഡല്‍ ഓഫിസര്‍ നവാസ് അറിയിച്ചു.

ബാഗിന്റെ തൂക്കം അധികമായാല്‍ സ്വീകരിക്കില്ല
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്നു മക്കയിലേക്കു യാത്രതിരിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ കൈവശംവയ്ക്കുന്ന ബാഗിന്റെ (ഹാന്‍ഡ് ബാഗ്) തൂക്കം 10 കിലോഗ്രാമില്‍ അധികമായാല്‍ സ്വീകരിക്കുന്നതല്ലെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ബാഗിന്റെ വലുപ്പം പരമാവധി കുറയ്ക്കാനും തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം. 22 കിലോഗ്രാമില്‍ താഴെ തൂക്കമുള്ള രണ്ട് ബാഗുകള്‍ ബാഗേജില്‍ കൊണ്ടുപോവാന്‍ സൗകര്യമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss