|    Jan 23 Mon, 2017 6:19 pm
FLASH NEWS

ഹജ്ജ് കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളായി

Published : 17th July 2016 | Posted By: SMR

കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകളുടെ പരിപൂര്‍ണ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. ഹജ്ജ് തീര്‍ത്ഥാടനത്തിലെ പ്രധാന കര്‍മമായ അറഫ സംഗമത്തിന്റെ അഞ്ച് ദിവസം മുമ്പ് തന്നെ രാജ്യത്തു നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകരേയും മക്കയിലെത്തിക്കും.
സപ്തംബര്‍ 10നാണ് അറഫ ദിനമായി കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ചാണ് വിമാന ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള 21 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ 11 ഇടങ്ങളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കേരളം ഉള്‍പ്പെടെ നാലിടങ്ങളില്‍ സ—ൗദി അറേബ്യന്‍ എയര്‍ലൈന്‍സും, നാലിടങ്ങളില്‍ നിന്ന് ഫ്‌ളൈനാസും, രണ്ടിടങ്ങളില്‍ നിന്ന് സ്‌പൈസ് ജെറ്റും സര്‍വീസ് നടത്തും. 45,000 രൂപയാണ് വിമാന ടിക്കറ്റ് നിരക്കായി നല്‍കുന്നത്. ആഗസ്ത് നാലു മുതല്‍ ആരംഭിക്കുന്ന ഹജ്ജ് സര്‍വീസുകള്‍ സപ്തംബര്‍ 5ന് അവസാനിക്കും.
മടക്ക സര്‍വീസുകള്‍ സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 2100 സൗദി റിയാല്‍ ഹജ്ജ് തീര്‍ത്ഥാടന ചെലവിലേക്കായി പുറപ്പെടുന്ന സമയത്ത് നല്‍കും. നാലു ലക്ഷം അപേക്ഷകരില്‍ ഇത്തവണ 1,00020 പേര്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇവരില്‍ 45,000 പേര്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിച്ചത്. തീര്‍ത്ഥാടകരെ സഹായിക്കാനായി 500 ഖാദിമുല്‍ ഹജ്ജാജിമാരേയും(വോളന്റിയര്‍മാര്‍)അയക്കുന്നുണ്ട്.
സര്‍ക്കാര്‍ ഹജ്ജ് ക്വാട്ടയില്‍ 500 പേര്‍ക്കും, മെഹറം സീറ്റുകളിലേക്ക് 200 പേരേയും തിരഞ്ഞടുത്തിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരമാണ് ഹജ്ജ് ക്വാട്ട വീതം വച്ചത്. അസം, ബിഹാര്‍, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ അപേക്ഷകള്‍ കുറവായതിനാല്‍ അധികം വന്ന 8,687 സീറ്റുകള്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷമായി അപേക്ഷ നല്‍കിയിട്ടും അവസരം ലഭിക്കാതെ കാത്തിരിക്കുന്ന കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കി. തീര്‍ത്ഥാടകരില്‍ നിന്ന് താമസ സ്ഥലത്തിന്റെ കാറ്റഗറി അനുസരിച്ചാണ് തുക ഈടാക്കിയിട്ടുള്ളത്.
ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവരില്‍ നിന്ന് 2,17,150 രൂപയും അസീസി കാറ്റഗറിക്കാരില്‍ നിന്ന് 1,83,300 രൂപയുമാണ് ഈടാക്കിയിട്ടുള്ളത്. അപേക്ഷകരില്‍ സബ്‌സിഡിയില്ലാത്തവരില്‍നിന്ന് വിമാനക്കൂലിയോടൊപ്പം 15200 രൂപ കൂടുതലായി ഈടാക്കിയിട്ടുണ്ട്. അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പ ആവശ്യപ്പെട്ടവരില്‍ നിന്ന് 8,160 രൂപയും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 10,700 രൂപയും അധികം ഈടാക്കിയിട്ടുണ്ട്. എസ്ബിഐ, യുബിഐ ശാഖകള്‍ വഴിയാണ് പണം സ്വീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക