|    Aug 17 Fri, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു

Published : 12th August 2018 | Posted By: kasim kzm

തിരുവനന്തപുരം/കരിപ്പൂര്‍: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2015 ആഗസ്തില്‍ രൂപീകൃതമായ കമ്മിറ്റിയായിരുന്നു നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഈ കമ്മിറ്റിയുടെ കാലാവധി 11ന് അവസാനിച്ചു. തുടര്‍ന്ന്, 12 മുതല്‍ പുതിയ ഹജ്ജ് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
രണ്ട് എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 16 പേരാണ് പുതിയ ഹജ്ജ് കമ്മിറ്റിയില്‍. പുതിയ അംഗങ്ങള്‍ പി വി അബ്ദുല്‍ വഹാബ് എംപി, കാരാട്ട് റസാഖ് എംഎല്‍എ (കൊടുവള്ളി), മുഹമ്മദ് മുഹ്‌സിന്‍ എം എല്‍എ (പട്ടാമ്പി), അബ്ദുര്‍റഹ്്മാന്‍ എന്ന ഉണ്ണി (കൊണ്ടോട്ടി), സജീര്‍ മുസ്‌ല്യാര്‍ (മലപ്പുറം), എല്‍ സുലൈഖ (കാഞ്ഞങ്ങാട്), ഡോ. ബഹാവുദ്ദീന്‍ കൂരിയാട് (ചെമ്മാട്), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (കൊല്ലം), എം എസ് അനസ് (അരൂര്‍), സി മുഹമ്മദ് ഫൈസി (കൊടുവള്ളി), മുഹമ്മദ് കാ സിം കോയ (പൊന്നാനി), വി ടി അബ്ദുല്ലക്കോയ തങ്ങള്‍ (കാടാമ്പുഴ), എച്ച് മുസമ്മില്‍ ഹാജി (ചങ്ങനാശ്ശേരി), പി കെ അഹമ്മദ് (കോഴിക്കോട്) ഇവര്‍ക്കു പുറമെ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഐഎഎസും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ശിഹാബ് തങ്ങളും എക്‌സ് ഒഫിഷ്യോ അംഗങ്ങളാണ്. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ യോഗം കൂടി പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം തിങ്കളാഴ്ച രാവിലെ ഹജ്ജ് കാര്യ മന്ത്രി ഡോ. കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരും. പുതിയ ചെയര്‍മാനെ യോഗത്തില്‍ തിരഞ്ഞെടുക്കും. പുതിയ കമ്മിറ്റിയില്‍ നിന്നാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുക. സി മുഹമ്മദ് ഫൈസിക്കാണ് സാധ്യത.
കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരും മരണശേഷം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമായിരുന്നു ഇന്നലെ കാലാവധി കഴിഞ്ഞ കമ്മിറ്റിയുടെ ചെയര്‍മാന്‍. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിതാ അംഗം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ വനിതാ സാന്നിധ്യമുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഇതാദ്യമായാണ് വനിത ഉള്‍പ്പെടുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജിന് വോളന്റിയര്‍മാരായി വനിതകളും വേണമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss