|    Jun 25 Mon, 2018 12:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ്-ഉംറ ഏജന്‍സികള്‍ക്കുള്ള വ്യവസ്ഥകള്‍ പ്രസിദ്ധപ്പെടുത്തി : സേവനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ തീര്‍ത്ഥാടകര്‍ക്ക് നഷ്ടപരിഹാരം

Published : 10th January 2017 | Posted By: fsq

hajj

ജിദ്ദ: ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കു നല്‍കുന്ന സേവനങ്ങളില്‍ ഉത്തരവാദപ്പെട്ട കമ്പനികളും ഏജന്‍സികളും വീഴ്ചവരുത്തിയാല്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞദിവസം തുടക്കം കുറിച്ച വെബ്‌സൈറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഹജ്ജ്-ഉംറ മന്ത്രാലയം നിരവധി പുതിയ നിയമങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ സ്വീകരിക്കുന്നതിനും സേവനപ്രവര്‍ത്തനങ്ങള്‍ സദാ നിരീക്ഷിക്കുന്നതിനും മേല്‍നോട്ട സമിതികളും ആശയവിനിമയ കേന്ദ്രങ്ങളും രൂപീകരിച്ച് തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.വിദേശ തീര്‍ത്ഥാടകരുടെ താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ സേവനങ്ങള്‍ കുറ്റമറ്റതാണെന്ന് മന്ത്രാലയം ഉറപ്പുവരുത്തും. തീര്‍ത്ഥാടകരുടെ പരാതികള്‍ പ്രത്യേക സമിതിയുടെ പരിഗണനയ്ക്കു വിടും. വീഴ്ചവരുത്തിയ സേവന ഏജന്‍സികള്‍ക്കെതിരേ ശിക്ഷ തീരുമാനിക്കുന്നത് ഈ പ്രത്യേക സമിതിയായിരിക്കും. മികച്ച സേവനം നല്‍കാത്ത ഹജ്ജ്-ഉംറ കമ്പനികള്‍ക്കു പിഴ ചുമത്തുകയോ ഒന്നോ അതിലധികമോ വര്‍ഷത്തേക്ക് സേവനം നിര്‍ത്തിവയ്പിക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തലും കരാര്‍ വ്യവസ്ഥ പ്രകാരമുള്ള മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കലും ഏജന്‍സികളുടെയും കമ്പനികളുടെയും ബാധ്യതയാണ്. കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഹജ്ജ് മന്ത്രാലയം കമ്പനികളില്‍ നിന്ന് സാമ്പത്തിക ഈട് വാങ്ങും. നഷ്ടപരിഹാരം നല്‍കാന്‍ കമ്പനികള്‍ വിസമ്മതിച്ചാല്‍ മന്ത്രാലയം കോടതിയെ സമീപിക്കും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍, പരാതികള്‍ സ്വീകരിക്കല്‍, ഗതാഗതം, ലഗേജുകള്‍ യഥാസ്ഥാനത്ത് എത്തിക്കല്‍, കരാറിലുള്ള അവകാശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തല്‍, താമസസൗകര്യം ഉറപ്പാക്കല്‍, വിമാന ടിക്കറ്റുകളുടെ സ്ഥിരീകരണം, അസ്സല്‍ ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പകരം ടിക്കറ്റ് നല്‍കി അതിന്റെ തുക വിദേശ ഏജന്റില്‍ നിന്ന് ഈടാക്കല്‍ തുടങ്ങിയവ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനല്‍കുന്ന സേവനങ്ങളില്‍ ചിലതാണ്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് അനുമതിപത്രം (തസ്‌രീഹ്) ലഭ്യമാക്കി നല്‍കേണ്ടതും ബന്ധപ്പെട്ട ഏജന്‍സിയുടെയും കമ്പനിയുടെയും ഉത്തരവാദിത്തമാണെന്നും തീര്‍ത്ഥാടകരുടെ അവകാശത്തില്‍ വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss