|    Apr 27 Fri, 2018 4:09 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഹജ്ജ്: ആഗോള സമാധാന സമ്മേളനം

Published : 11th September 2016 | Posted By: SMR

സുബൈര്‍  കുന്ദമംഗലം

ഭൂമിയുടെ പൊക്കിള്‍ക്കൊടി എന്നു വിശേഷിപ്പിക്കുന്ന മക്കയില്‍ ഹജ്ജ് കാലത്ത് 25-30 ലക്ഷം ജനങ്ങളാണ് ഒത്തുകൂടുന്നത്. ഒരു കൊച്ചു ഭൂപ്രദേശത്ത്- അതും മരുഭൂമിയില്‍- ഇത്രയധികം ജനസാഗരം സമ്മേളിക്കുന്ന മറ്റൊരു സ്ഥലവും ലോകത്തില്ല. വര്‍ഷംതോറും മുടങ്ങാതെ വിജയകരവും സമാധാനപൂര്‍ണമായും നടന്നുവരുന്ന ഈ ആഗോള സമ്മേളനം ഒരു മഹാവിസ്മയം തന്നെ.
ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും വേഷക്കാരും രാജ്യാതിര്‍ത്തികള്‍ അപ്രസക്തമാക്കിക്കൊണ്ട് ദൈവസന്നിധിയില്‍ ഏകോദര സഹോദരന്മാരായി കഴിഞ്ഞുകൂടുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ദിനരാത്രങ്ങള്‍. പരമകാരുണികന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് പുണ്യഭൂമിയിലെത്തുന്ന ജനലക്ഷങ്ങളെ ദൈവം തന്നെ കാത്തുസംരക്ഷിക്കുന്ന ചേതോഹര ദൃശ്യമാണ് ഹജ്ജിലെങ്ങും. ‘ശ്രേഷ്ഠമായ ഇബാദത്ത്’ നിര്‍വഹിച്ച നിര്‍വൃതിയോടെ, പിറന്നുവീണ കുഞ്ഞിന്റെ നൈര്‍മല്യത്തോടെ തിരിഞ്ഞുനടക്കുന്ന ഹാജിയെപ്പോലെ പരിശുദ്ധനായി ആരാണുള്ളത്?
മനുഷ്യസമൂഹം ഒരൊറ്റ ജനതയാണെന്ന് പ്രായോഗികമായി പ്രഖ്യാപിക്കുന്ന മഹാസംഗമത്തിന്റെ പേരാണ് ഹജ്ജ്. ദേശ-ഭാഷ-വര്‍ഗ-വര്‍ണ-ഗോത്രമഹിമകളെല്ലാം വലിച്ചുകീറിയും അഴിച്ചുമാറ്റിയുമാണ് ഹാജി മീഖാത്ത് (ഇഹ്‌റാം വസ്ത്രമണിയുന്ന സ്ഥലം) പിന്നിടുന്നത്. ദേശഭിത്തികള്‍ തട്ടിത്തകര്‍ത്ത് ഭാഷാകടമ്പകള്‍ അറുത്തുമാറ്റി സകല ജാടകളും കാറ്റില്‍പ്പറത്തി തീര്‍ത്ഥാടകന്‍ ഹജ്ജിലൂടെ പുനര്‍ജന്മത്തിനു ശ്രമിക്കുകയാണ്. ഒരേ വസ്ത്രമണിഞ്ഞ് ഒരേ മന്ത്രമുരുവിട്ട് ഒരേ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് ഹാജി.
ഹജ്ജ് തീര്‍ത്ഥാടകരുടെ യൂനിഫോമും ഡ്രസ്‌കോഡും തങ്ങളുടെ നിസ്സഹായതയും നിസ്സാരതയും തുറന്നുകാട്ടും. കഫന്‍ പുടവയെ ഓര്‍മിപ്പിക്കുന്ന തുന്നാത്ത ഇഹ്‌റാം തുണികള്‍. ഖബറിന്റെ ഇരുട്ടും ഭീകരതയും സ്മൃതിപഥത്തിലെത്തിക്കുന്ന മിനാ ടെന്റിലെ ഉറക്കം. ദേഹത്തു ചുറ്റിയ തുണിക്കഷണങ്ങളും ആറടി മണ്ണുമാണ് തനിക്ക് അവസാനമായി അനുവദിച്ചുകിട്ടിയതെന്ന തിരിച്ചറിവ് നല്‍കുന്നുണ്ട് മിനായിലെ പരുപരുത്ത മണല്‍ത്തിട്ടയിലെ കിടത്തം. അറഫാ നിറുത്തം മഹ്ശറയും വിചാരണയും വിദൂരമല്ലെന്ന സൂചന നല്‍കുന്നു. മുസ്ദലിഫയും സഅ്‌യും ത്വവാഫും ജംറകളിലെ കല്ലേറും ബലിയും മുടിയെടുക്കലും കര്‍മങ്ങളുടെ നൈരന്തര്യം വിളിച്ചോതുന്നു.
മീഖാത്തില്‍ വച്ച് ഇഹ്‌റാമില്‍ പ്രവേശിച്ച ശേഷം മാത്രമല്ല, ഹജ്ജിനു മാനസികമായി തയ്യാറെടുത്തുകഴിഞ്ഞാല്‍ തന്നെ ഹാജി നിരന്തര ചലനത്തിലാണ്; പ്രവാചക പ്രഭു ഇബ്രാഹീമിന്റെ ജീവിതം പോലെ. ഹജ്ജ് നിര്‍വഹിച്ചു തിരിച്ചെത്തിയ ശേഷം ആ ചലനം ജനസേവനമായും പരോപകാരമായും തുടര്‍ന്നുകൊണ്ടേയിരിക്കണം.
ഹജ്ജിനെ ജിഹാദുമായി (ധര്‍മസമരം) ബന്ധിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. ദൈവപ്രീതിയും സ്വര്‍ഗവും കാംക്ഷിച്ചുകൊണ്ട് ഹജ്ജ് നിര്‍വഹിച്ചു പരിശുദ്ധനായി തിരിച്ചെത്തുന്ന ഭക്തന്‍ മനുഷ്യരാശിയുടെ വിമോചനത്തിനും പുനരുദ്ധാരണത്തിനും കഠിനാധ്വാനം ചെയ്യണമെന്ന സൂചനയാണിത്. ഭക്തിയും തീര്‍ത്ഥാടനവും ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കാനുള്ള കുറുക്കുവഴികളല്ലെന്നും ഹജ്ജിലൂടെ സമാര്‍ജിച്ച ധാര്‍മിക ശിക്ഷണം ജനസേവനത്തിനു മുതല്‍ക്കൂട്ടാകണമെന്നും ഉറക്കെ വിളിച്ചുപറയുന്ന സൂചന.
ആരാധനയുടെ തലം വിട്ട് മനുഷ്യവിമോചനത്തിന്റെ പ്രവിശാലമായ പ്രതലത്തിലേക്ക് ഹജ്ജ് രൂപാന്തരപ്പെടുന്നത് ഇതുകൊണ്ടാണ്. പ്രവാചക പത്‌നി ആയിശ നിവേദനം ചെയ്യുന്നു: ”ഞാന്‍ ചോദിച്ചു: ദൈവദൂതരേ, ജിഹാദ് ഉല്‍കൃഷ്ട കര്‍മമായി ഞാന്‍ കാണുന്നു. അതിനാല്‍, ഞങ്ങള്‍ ജിഹാദ് ചെയ്യെട്ടയോ? അപ്പോള്‍ അവിടന്ന് പറഞ്ഞു: പുണ്യകരമായ ഹജ്ജ് ഉല്‍കൃഷ്ട ജിഹാദാകുന്നു” (ബുഖാരി).
മനസ്സും ശരീരവും സമ്പത്തും ഒത്തുചേരുന്ന ജിഹാദാണല്ലോ ഹജ്ജ്. അതിനാല്‍, ഹജ്ജിലെ ഓരോ ചലനവും ജിഹാദിനെ ഓര്‍മപ്പെടുത്താതിരിക്കില്ല. ദേഹേച്ഛയ്ക്കും അധാര്‍മികതയ്ക്കും തിന്മയ്ക്കുമെതിരേയുള്ള ജിഹാദ്. സകലവിധ പൈശാചിക വിദ്രോഹശക്തികള്‍ക്കുമെതിരേയുള്ള പോരാട്ടം. ജംറയില്‍ കല്ലെറിയുന്ന ഹാജി സ്വഹൃദയത്തില്‍ കുടിയിരുത്തപ്പെട്ട പൈശാചികതയെയാണ് എറിഞ്ഞോടിക്കുന്നത്. കല്ലേറ് ആത്മപരിശോധനയ്ക്കു വിധേയമാവുന്നില്ലെങ്കില്‍ ഹജ്ജ് കേവലം യാന്ത്രികവും ഹജ്ജ് യാത്ര ടൂറും മിനായും അറഫയും മുസ്ദലിഫയും വിനോദസഞ്ചാര കേന്ദ്രങ്ങളുമായി അനുഭവപ്പെടും.
അറഫാ സംഗമത്തില്‍ പങ്കെടുക്കാതെ ഒരാളുടെ ഹജ്ജ് പൂര്‍ണമാവില്ല. ദുല്‍ഹജ്ജ് 9നാണ് അറഫാദിനം. ‘അറഫ’യെന്ന അറബിപദത്തിന് അറിഞ്ഞുവെന്നര്‍ഥം. അറിവിന്റെ കേദാരമാണ് അറഫ. മനുഷ്യന്‍ തന്റെ ദൗര്‍ബല്യവും നിസ്സഹായതയും തിരിച്ചറിയുന്ന മൈതാനം. ദൈവികാനുഗ്രഹങ്ങളുടെ വിളനിലം. സ്വര്‍ഗത്തില്‍ നിന്നു ബഹിഷ്‌കൃതരായ ആദമും ഹവ്വയും സുദീര്‍ഘമായ അന്വേഷണത്തിനും അലച്ചിലിനും ശേഷം കണ്ടുമുട്ടിയത് അറഫയിലാണെന്നാണ് ചരിത്രം. വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്റെ അവതരണം നിലച്ച മണ്ണും അറഫ തന്നെ.
അറഫ മഹ്ശറിനെ ഓര്‍മിപ്പിക്കുന്നു. മരണാനന്തരം നന്മതിന്മകളുടെ കണക്കെടുപ്പിനു വേണ്ടി ഒരുമിച്ചുകൂടുന്ന മഹ്ശറിനെ. സ്രഷ്ടാവിനെ കണ്ടെത്താനുള്ള ആത്മീയ വെളിച്ചം പകരുന്ന വിളക്കുമാടമായി മഹ്ശര്‍ പരിണമിക്കുന്നത് അങ്ങനെയാണ്. വിശ്വസാഹോദര്യത്തിന്റെ പറുദീസയാണ് അറഫ. മനുഷ്യരെല്ലാം ഒരൊറ്റ ജനതയും ഒരേ ദൈവത്തിന്റെ സൃഷ്ടികളുമാണെന്ന സന്ദേശം പകരുന്ന സമ്മേളന നഗരി. രാജാവെന്നോ പ്രജയെന്നോ ധനികനെന്നോ ദരിദ്രനെന്നോ ശക്തനെന്നോ അശക്തനെന്നോ അവിടെ നോട്ടമില്ല. ആര്‍ക്കും ആരെക്കാളും ഒരു പരിഗണനയുമില്ല.
ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഭൗതികജീവിതത്തിന്റെ നശ്വരതയും പാരത്രിക ജീവിതത്തിന്റെ അനശ്വരതയും നിശ്ശബ്ദമായി വിളംബരം ചെയ്യുന്നതാണ്. പ്രവാചകന്‍ അരുളി: ”ഹജ്ജ് അറഫയാകുന്നു.” പ്രപഞ്ചനാഥന്‍ ഏറ്റവുമധികം ശ്രേഷ്ഠമായി കാണുന്ന ദിവസം കൂടിയാണിത്. ”അറഫാ ദിനത്തേക്കാള്‍ നരകവിമോചിതരുണ്ടാകുന്ന ദിവസമില്ലെ”ന്നും പ്രവാചകന്‍ അറിയിച്ചിട്ടുണ്ട്. അറഫയില്‍ സമ്മേളിച്ച ജനലക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്നു മറ്റു മുസ്‌ലിംകള്‍ വ്രതമനുഷ്ഠിക്കും.
പ്രവാചകന്റെ അറഫാ പ്രഭാഷണം പ്രസിദ്ധമാണ്. ഹ്രസ്വമെങ്കിലും ഉജ്ജ്വലമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു അത്. മാനവചരിത്രം ഇന്നേവരെ സമാനമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല. അക്രമവും അനീതിയും മനുഷ്യാവകാശ ധ്വംസനവും ഭരണകൂട ഭീകരതയും താണ്ഡവമാടുന്ന ആധുനിക ലോകം ചെവികൊടുക്കേണ്ട വാക്കുകളാണത്. മനുഷ്യജീവനും അഭിമാനവും സമ്പത്തും പരിപാവനമാണെന്നും അവ കൈയേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രവാചകന്‍ ഓര്‍മിപ്പിച്ചു. കരുത്തന്‍ ദുര്‍ബലനെയും ഭൂരിപക്ഷം ന്യൂനപക്ഷത്തെയും കൊന്നൊടുക്കുന്ന കാട്ടുനീതി അരങ്ങേറുന്ന ആധുനിക ലോകത്ത് പ്രവാചകന്റെ അറഫാ പ്രസംഗം എത്രമാത്രം പ്രത്യാശ പകരുന്നതാണ്!
പലിശക്കെതിരേ യുദ്ധം പ്രഖ്യാപിച്ച തിരുദൂതന്‍ സാമ്പത്തിക ചൂഷണത്തിനു വിധേയരായി നട്ടംതിരിയുന്ന ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീര്‍ പകര്‍ന്നതും ഈ പ്രഭാഷണത്തിലാണ്. അടിച്ചമര്‍ത്തപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തവര്‍ക്കു വേണ്ടി, വിശിഷ്യാ സ്ത്രീവര്‍ഗത്തിന്റെ കാര്യത്തില്‍ അവിടന്നു പ്രത്യേകം ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചു. സര്‍വോപരി, സര്‍വവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും മാനവകുലം ഒരൊറ്റ മാതാപിതാക്കളുടെ മക്കളും ഏകോദര സഹോദരന്മാരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇ്രബാഹീം കുടുംബത്തിന്റെ ത്യാഗനിര്‍ഭരമായ ജീവിതത്തുടിപ്പുകള്‍ അയവിറക്കാതെ ഹജ്ജ് പൂര്‍ണമാവില്ല. ജീവിതം മുഴുക്കെ അല്ലാഹുവിനു സമര്‍പ്പിച്ച ഇബ്രാഹീം ഖലീലുല്ല (അല്ലാഹുവിന്റെ ഉറ്റമിത്രം)യെന്ന മഹോന്നത പദവിക്ക് അര്‍ഹനായി.
അല്ലാഹുവോടുള്ള അനുസരണത്തില്‍ ഭാര്യ ഹാജറയും മകന്‍ ഇസ്മാഈലും ഒട്ടും പിറകിലായിരുന്നില്ല. ഭാര്യയെയും കൈക്കുഞ്ഞിനെയും മക്കയുടെ വിജനതയില്‍ അല്ലാഹുവെ ഏല്‍പിച്ച് നടന്നകന്ന ഇബ്രാഹീമിന്റെ സമര്‍പ്പണവും വിശ്വാസദാര്‍ഢ്യവും ഏതു മാപിനി ഉപയോഗിച്ചാണ് അളക്കുക? ചങ്കുപൊട്ടിക്കരഞ്ഞ ഇസ്മാഈലിനു വേണ്ടി ദാഹജലം അന്വേഷിച്ചുള്ള പ്രതീക്ഷാനിര്‍ഭരമായ മാതാവിന്റെ ഓട്ടം സങ്കല്‍പിച്ചുനോക്കുക. ഭര്‍ത്താവിന്റെ പ്രബോധനപ്രയാണ യജ്ഞത്തില്‍ ഹാജറയും പുത്രനും തടസ്സമായില്ല. അല്ലാഹൂവിന്റെ കല്‍പന ശിരസാവഹിച്ച് സ്വപുത്രന്റെ കഴുത്തില്‍ കത്തിവയ്ക്കുന്ന ഇബ്രാഹീമിന്റെയും ദൈവകല്‍പന നടപ്പാക്കാന്‍ കഴുത്തു നീട്ടിക്കൊടുക്കുന്ന ഇസ്മാഈലിന്റെയും സമര്‍പ്പണത്തിന്റെ തീക്ഷ്ണത വരച്ചുകാട്ടുക എളുപ്പമല്ല.
ഹജ്ജ് ത്യാഗമാണ്, സഹനമാണ്, പരീക്ഷണമാണ്, സമര്‍പ്പണമാണ്, ഭൗതികതയെ പുറംകാലു കൊണ്ട് ചവിട്ടിമാറ്റി വിണ്ണിന്റെ വിശാലതയിലേക്കു പറന്നുയരാനുള്ള തീവ്രയത്‌നം. ഹജ്ജ് പ്രതീക്ഷയാണ്, കരുത്താണ്, വിജയമാണ്, ലക്ഷ്യപ്രാപ്തിയാണ്. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ നടന്നകന്ന ഇബ്രാഹീമും ഹാജറയും ഇസ്മാഈലും വിശ്വാസത്തിന്റെ കരുത്തില്‍ നേടിയെടുത്ത ലോകനേതൃപദവിയെന്ന ഐതിഹാസിക വിജയം. താന്‍ അധമനല്ലെന്നും ഉന്നതമായ ആദര്‍ശത്തിന്റെ വക്താവും പ്രയോക്താവുമാണെന്നും ഹജ്ജ് തീര്‍ത്ഥാടകനെ ഓര്‍മപ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss