|    Sep 26 Wed, 2018 11:52 am
Home   >  Todays Paper  >  page 12  >  

ഹജ്ജ്: അറഫാ സംഗമം ഇന്ന്

Published : 20th August 2018 | Posted By: kasim kzm

സലീം ഉളിയില്‍

മക്ക: ഒരേ വസ്ത്രവും ഒരേ ലക്ഷ്യവുമായി അന്തിമ വിചാരണയെ ഓര്‍മിപ്പിച്ചു ലക്ഷോപലക്ഷം വിശ്വാസികള്‍ ഇന്ന് അറഫയെ പാല്‍ക്കടലാക്കും. 25 ലക്ഷത്തോളം വിശ്വാസികള്‍ അറഫയില്‍ സമ്മേളിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന മന്ത്രോച്ചാരണവുമായി ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ അറഫ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ട്രെയിനിലും ബസ്സിലും കാല്‍നടയായുമാണ് ഹാജിമാര്‍ അറഫയിലെത്തുന്നത്.
ഹജ്ജിന്റെ പൂര്‍ണതയ്ക്ക് അറഫയില്‍ നില്‍ക്കല്‍ നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഹജ്ജിന് എത്തിയതിനു ശേഷം വിവിധ രോഗങ്ങളാലും മറ്റും ആശുപത്രിയില്‍ കഴിയുന്നവരെ ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിക്കും. അറഫയില്‍ ളുഹ്‌റും അസ്‌റും ചുരുക്കി ഒന്നിച്ചു നമസ്‌കരിച്ച ശേഷം മസ്ജിദുന്നമിറയില്‍ അറഫാ ഖുതുബ നടക്കും. അറഫയിലെത്തുന്ന വിശ്വാസികള്‍ തങ്ങളില്‍ വന്നുപോയ പാപങ്ങള്‍ ഏറ്റുപറഞ്ഞു പശ്ചാത്താപവിവശരാവും.
അറഫയില്‍ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി വിവിധ സുരക്ഷാവിഭാഗങ്ങള്‍ അറഫയിലെത്തി. അറഫയില്‍ ഹാജിമാര്‍ക്കുള്ള താല്‍ക്കാലിക ടെന്റുകളുടെ പണി ഇതിനകം പൂര്‍ത്തിയായി. വിവിധ മുത്വവ്വിഫിനു കീഴിലുള്ളവര്‍ക്ക് നില്‍ക്കുന്നതിനു നമ്പറുകളിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. കടുത്ത ചൂടാണ് അറഫയിലും പരിസരങ്ങളിലും അനുഭവപ്പെടുന്നത്. ഇതിനു ശമനമുണ്ടാക്കുന്നതിന് വാട്ടര്‍ സ്‌പ്രേ സംവിധാനം ഒരുക്കിയിട്ടുണ്ട്.
അറഫ ആശുപത്രിയില്‍ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അറഫയുടെ പരിധി നിശ്ചയിച്ചുള്ള വലിയ ബോര്‍ഡുകളുണ്ട്. ആശുപത്രി, ജബലുറഹ്മ, മസ്ജിദുന്നമിറ തുടങ്ങിയവ മനസ്സിലാക്കുന്നതിന് മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അറഫയില്‍ നിന്ന് സൂര്യാസ്തമയത്തിനു മുമ്പേ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് തിരിക്കും. അവിടെ രാപ്പാര്‍ക്കുന്ന തീര്‍ത്ഥാടകര്‍ പിശാചിന്റെ പ്രതീകമായ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് മിനാ വഴി ജംറയിലെത്തും. തുടര്‍ന്ന് മൂന്നു ദിവസമായാണ് കല്ലേറു കര്‍മം നിര്‍വഹിക്കുക. അറഫയിലേക്കുള്ള യാത്രയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വിവിധ മുതവ്വിഫിനു കീഴിലുള്ള ഹാജിമാര്‍ക്ക് അറഫയിലെത്താന്‍ വ്യത്യസ്ത സമയം നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ ഹാജിമാര്‍ മിനായിലെത്തിയിരുന്നു.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ തീര്‍ത്ഥാടകര്‍ അവരവരുടെ താമസസ്ഥലത്തുനിന്ന് പുലര്‍ച്ചെയോടെയാണ് മിനായിലേക്കു നീങ്ങിയത്. മിനായിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഒരുക്കങ്ങള്‍ ഇന്നലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവീദ് നേരിട്ടു കണ്ടു വിലയിരുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss