|    Nov 13 Tue, 2018 10:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ്: അടിയന്തര സാഹചര്യങ്ങളൊരുക്കി കരിപ്പൂര്‍

Published : 10th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: ഇടുക്കി ഡാമിലെ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവള പ്രവര്‍ത്തനം താറുമാറായാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നു നടത്താന്‍ നിര്‍ദേശം. ഇതിനുള്ള തയ്യാറെടുപ്പുകളും മുന്‍കരുതലുകളും നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ദില്ലി കേന്ദ്രകാര്യാലയം കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവുവിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തി. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ ഇന്നലെ അനുമതി നല്‍കിയതിന് തൊട്ടുപിറകെയാണ് ആവശ്യമെങ്കില്‍ ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. ഹജ്ജ് സര്‍വീസിന് നെടുമ്പാശ്ശേരിയില്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്കാണ് കരിപ്പൂരില്‍ അനുമതി ലഭിച്ചത്. ഹജ്ജ് സര്‍വീസ് മാറ്റുകയാണെങ്കി ല്‍ ആവശ്യമായ വോളന്റിയര്‍മാരെ നല്‍കാമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ട് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വോളന്റിയര്‍മാരുടെ സേവനത്തിന് പുറമെയാണിത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഈവര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ ഈ മാസം ഒന്നുമുതലാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ആരംഭിച്ചത്. 29 വിമാനങ്ങളാണ് ആകെ സര്‍വീസിനുള്ളത്. തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു പറഞ്ഞു. വലിയ വിമാന സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ അടുത്തവര്‍ഷം മുതല്‍ കൊച്ചിയില്‍ നിന്ന് കരിപ്പൂരിലേക്ക് മാറ്റാനാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss