|    Jun 24 Sun, 2018 2:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജും വഖ്ഫും ന്യൂനപക്ഷ വകുപ്പിന്റെ ഭാഗമാക്കാന്‍ ശ്രമിക്കും : മന്ത്രി കെ ടി ജലീല്‍

Published : 29th January 2017 | Posted By: fsq

kt-jaleel

കോഴിക്കോട്: ഹജ്ജും വഖ്ഫ് ബോര്‍ഡും മൈനോറിറ്റി വെല്‍ഫെയറിന്റെ ഭാഗമാക്കേണ്ടതുണ്ടെന്നും അതിനുവേണ്ടി ശ്രമം നടത്തുമെന്നും ന്യൂനപക്ഷ ക്ഷേമകാര്യ – വഖ്ഫ് മന്ത്രി കെ ടി ജലീല്‍. വഖ്ഫ് ബോര്‍ഡ് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. അഖില കേരള വഖ്ഫ് സംരക്ഷണ സമിതി സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.വഖ്ഫ് സംബന്ധമായ തര്‍ക്കങ്ങളിലേറെയും മുസ്‌ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ക്കിടയിലെ പരാതിയുമായി ബന്ധപ്പെട്ടുള്ളവയാണ്. ഇത് വഖ്ഫ് സ്വത്തിന്റെ മേഖല നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുന്നതിനു തടസ്സമാവുന്നുണ്ട്. സമുദായത്തിലെ അഭിപ്രായഭിന്നതകളും പള്ളികളും മദ്‌റസകളും പിടിച്ചടക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുമാണ് വഖ്ഫ് സംബന്ധമായ കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. വഖ്ഫ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ കോഴിക്കോട് കേന്ദ്രമായി രണ്ടംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ട്രൈബ്യൂണല്‍ ആരംഭിക്കും. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനും കണ്ടെത്തുന്നതിനുമായി റീസര്‍വേ നടത്തും. ഇതിനായി അടുത്ത ബജറ്റില്‍ പണം അനുവദിക്കാമെന്ന് ധനമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖ്ഫ് സ്വത്തുക്കള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ ശ്രമിക്കേണ്ടതുണ്ട്. മിക്ക കമ്മിറ്റികളും വഖ്ഫ് ബോര്‍ഡിനു മുന്നില്‍ വരുമാനം മറച്ചുവച്ചാണ് കാണിക്കുന്നത്. കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ മരിച്ചതിനാല്‍ ഒഴിവുവന്ന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം പ്രതിനിധാനം ചെയ്ത സംഘടനയിലെ പ്രതിനിധിക്ക് തന്നെ നല്‍കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി പി നസീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സൈനുദ്ദീന്‍, അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, പി ടി അബ്ദുല്‍ ഖാദര്‍, പി ടി മൊയ്തീന്‍ കുട്ടി, എ എം സീതിക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss