|    Oct 18 Wed, 2017 4:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജിന് വീണ്ടും പോവുന്നവര്‍ 2000 റിയാല്‍ നല്‍കണം

Published : 2nd August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി/കൊണ്ടോട്ടി/മലപ്പുറം: ഹജ്ജ് കര്‍മത്തിന് രണ്ടാം തവണ പോകുന്നവര്‍ അധികമായി 2000 റിയാല്‍ (34220 ഇന്ത്യന്‍ രൂപ) നല്‍കണമെന്ന സൗദി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിത്തുടങ്ങി. കഴിഞ്ഞ 28ാം തിയ്യതി മുതലാണ് ഹജ്ജ് വിസ അടിക്കുന്നവര്‍ക്ക് അധിക തുക നല്‍കേണ്ടി വന്നത്. സൗദി സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഈ നിബന്ധന  വന്നതോടെ ഹാജിമാര്‍ക്ക് കൂടുതല്‍ പണമടയ്‌ക്കേണ്ട അവസ്ഥയാണ്. ഇനി ആഗസ്ത് 22 വരെ അടിക്കുന്ന ഹജ്ജ് വിസയില്‍ വീണ്ടും പോകുന്നവരെല്ലാം ഈ പണം നല്‍കേണ്ടി വരും. ഇത്രയും കാലം ഇല്ലാതിരുന്ന പുതിയ നിയമം സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോകുന്നവരെയാണ് ബാധിക്കുക. വീണ്ടും ഹജ്ജ് ചെയ്യുന്നവര്‍ക്ക് 34000 രൂപയുടെ അധിക ബാധ്യത ഉണ്ടാവുമെന്നര്‍ഥം. 2016ല്‍ സൗദി സര്‍ക്കാര്‍ രണ്ടാം തവണ ഉംറ നിര്‍വഹിക്കാന്‍ വരുന്നവര്‍ അധികമായി 2000 റിയാല്‍ നല്‍കണമെന്നു നിയമം കൊണ്ടുവന്നിരുന്നു. അന്നു തന്നെ ഹജ്ജിനും ഈ നിയമം ബാധകമാക്കുമെന്ന് സൗദി സര്‍ക്കാര്‍  വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അറിയാതെയാണ് പലരും ഈ വര്‍ഷം വീണ്ടും ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങിയത്. ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കുന്നതിനു വേണ്ടിയാണ് സൗദി സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും സാമ്പത്തിക നേട്ടം തന്നെയാണ് ഇതിലൂടെ സൗദി ലക്ഷ്യംവയ്ക്കുന്നത്.  അതേസമയം, നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഇന്ന് രാവിലെ 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷനാവും. ഈ മാസം 12 മുതലാണ് നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപ് ആരംഭിക്കുന്നത്. ഹജ്ജ് സര്‍വീസുകള്‍ 13ന് തുടങ്ങും.  ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ ഓരോ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ 300 ഹജ്ജ് വോളന്റിയര്‍മാരുടെ സേവനവും ക്യംപില്‍ ലഭ്യമാക്കും. ഹജ്ജ് ക്യാംപിനോട് അനുബന്ധിച്ച് ഹജ്ജ് ഓഫിസ് ഉടന്‍ താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. ഒമ്പതാം തിയ്യതി മുതല്‍ ഹജ്ജ് സെല്ലും ക്യാംപില്‍ പ്രവര്‍ത്തനം തുടങ്ങും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക