|    Aug 19 Sat, 2017 8:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജിന് ബുക്ക് ചെയ്ത മലയാളി സംഘത്തിന് ടൂറിസ്റ്റ് വിസ നല്‍കി തട്ടിപ്പ്

Published : 9th October 2016 | Posted By: SMR

ആബിദ്

കോഴിക്കോട്: ഹജ്ജ്-ഉംറ യാത്രയുടെ പേരില്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പരാതി. ഹജ്ജിനായി മാസങ്ങള്‍ക്ക് മുമ്പ് ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് പണം നല്‍കി സല്‍ക്കാരം നടത്തി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ നിരവധി പേരാണ് പരിശുദ്ധ കര്‍മത്തിന് പോവാനാവാതെ ഇത്തവണ കുടുങ്ങിയത്. ജിദ്ദയിലെത്തിയിട്ടും ഹജ്ജ് ചെയ്യാനാവാത്തവരും ഏജന്റിന്റെ സംഘം മരുഭൂമിയില്‍ ഇറക്കിവിട്ടതിനാല്‍ നടന്ന് കുന്നും മലകളും കയറിയിറങ്ങി പുണ്യസ്ഥലത്തെത്തേണ്ടി വന്നവരുമുണ്ട്. ഹജ്ജ് യാത്രയ്ക്ക് ഒരാളില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ ഈടാക്കുന്നത്. യാത്ര മുടങ്ങിയവര്‍ക്ക് ഈ തുക തിരിച്ചു നല്‍കാന്‍ പോലും പല ഗ്രൂപ്പുകളും തയ്യാറാവുന്നില്ല. അടുത്ത തവണ നേരത്തേ പോവാമെന്ന് വാഗ്ദാനം ചെയ്ത് പണം പിടിച്ചു വയ്ക്കുകയാണ്. നല്ലൊരു കര്‍മത്തിനായി നീക്കിവച്ച പണമായതിനാ ല്‍ നിര്‍ബന്ധിച്ച് തിരിച്ചു വാങ്ങാന്‍ പലരും മടിക്കുന്നു. പരിശുദ്ധ കര്‍മത്തിന്റെ പേരില്‍ പരാതിയുമായി നടക്കേണ്ടെന്ന് കരുതുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ വേണ്ടത്ര വരുന്നില്ലെന്നത് തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ വളമാവുന്നു.
ഇത്തവണ കൊല്ലത്തു നിന്ന് ഹജ്ജിന് പുറപ്പെട്ട കണ്ണനല്ലൂര്‍ വടക്കേമുക്ക് റസിയ മന്‍സിലി ല്‍ അബ്ദുര്‍ റഹീം, ഭാര്യ റഫീഖ, ബന്ധുക്കളും മുട്ടക്കാവ് സ്വദേശികളുമായ ദമ്പതികള്‍ തുടങ്ങി ഏഴംഗ സംഘത്തിന് പറഞ്ഞറിയിക്കാനാവാത്ത ദുരിതം നേരിടേണ്ടിവന്നു. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലം പള്ളിമുക്കിലെ ഭാരത് ഹജ്ജ് ഗ്രൂപ്പ് ഉടമ വൈ ഷാജഹാന് മൂന്ന് ലക്ഷം രൂപ നല്‍കിയ അബ്ദുര്‍ റഹീമിനും ബന്ധുക്കള്‍ക്കും ആദ്യം യാത്ര സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. അന്വേഷിച്ചപ്പോള്‍ ഇത്തവണ ഹജ്ജിന് പോവാനാവില്ലെന്ന് അറിയിച്ചപ്പോള്‍ പണം തിരിച്ചു ചോദിച്ചു. പണം തരാനാവില്ലെന്നും അടുത്ത തവണ നേരത്തേ പോവാനാവുമെന്നുമായിരുന്നു മറുപടി.
പണം തിരിച്ചുകിട്ടണമെന്ന് വാശി പിടിച്ചപ്പോള്‍ ഇത്തവണ തന്നെ എങ്ങിനെയെങ്കിലും ശ്രമിക്കാമെന്ന് അറിയിച്ചു.  എല്ലാവരോടും യാത്ര പറയാനും സപ്തംബര്‍ അഞ്ചിനോ ആറിനോ പോവാനാവുമെന്നും അഗസ്ത് 30ന് അറിയിച്ചു. ഒന്നിന് യാത്രയയപ്പ് സല്‍ക്കാരമൊരുക്കി. നാലിന് വിസ കൈയില്‍ കിട്ടിയിട്ടുണ്ടെന്നും അഞ്ചിന് എയര്‍പോര്‍ട്ടിലെത്താനും അതിനായി കൊട്ടാരക്കരയില്‍ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. മറ്റ് എട്ടുപേര്‍ കൂടി സംഘത്തിലുണ്ടായിരുന്നു.
എയര്‍പോര്‍ട്ടില്‍ ഹജ്ജിനാണ് വന്നതെന്ന് പറയരുതെന്ന് പറഞ്ഞു ടൂറിസ്റ്റ് വിസയാണ് നല്‍കിയത്. ഹജ്ജും ഉംറയും ചെയ്യാന്‍ പാടില്ലെന്ന് വിസയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവിടെ ചെല്ലുമ്പോള്‍ മുത്തവ്വഫിന്റെ പേപ്പര്‍ വാങ്ങിത്തരാമെന്ന് സമാധാനിപ്പിച്ചു. തുടര്‍ന്ന് ജിദ്ദ ആഭ്യന്തര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. മൂന്ന് ദിവസം അവിടെ തങ്ങിയ ശേഷം ഒരു വണ്ടിയില്‍ ഷറഫിയ്യയിലെത്തിച്ചു. അവിടെ നിന്ന് രണ്ട് വണ്ടികളിലായി  മക്കയിലേക്ക് പുറപ്പെട്ടു. ആറു മണിക്കൂറോളം കറങ്ങിത്തിരിഞ്ഞ വണ്ടി പരിശോധനയുണ്ടെന്ന് പറഞ്ഞ് മരുഭൂമിക്കു സമീപം നിര്‍ത്തി അവിടെ ഇറക്കിവിട്ടു.
മറ്റൊരു വണ്ടിയില്‍ യാത്ര ചെയ്തിരുന്ന ഷാജഹാന്‍ അതിനിടയില്‍ മുങ്ങി. അബ്ദുര്‍ റഹീം ഭാര്യ റഫീഖ, ബന്ധുക്കളും മുട്ടക്കാവ് സ്വദേശികളുമായ ദമ്പതികള്‍, സംഘത്തിന്റെ അമീര്‍ ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ഷറഫിയയില്‍ നിന്ന് ഇവര്‍ക്കൊപ്പം കൂടിയ രണ്ട് ഇടുക്കി സ്വദേശികള്‍, ആലപ്പുഴ സ്വദേശിയായ ഒരു ഏജന്റ് എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം മരുഭൂമിയിലൂടെ നടന്ന് കുന്നും മലകളും കയറിയിറങ്ങി വാഹന സൗകര്യമുള്ള  സ്ഥലത്തെത്തി. അവിടെ നിന്ന് ജീപ്പില്‍ അസീസിയയിലേക്ക് പോയി. കമ്പിയിട്ടതിനാല്‍ 20 വര്‍ഷമായി കാല്‍ മടക്കാന്‍ പോലുമാവാത്ത റഫീഖ വളരെ പ്രയാസപ്പെട്ടാണ് നടന്നത്. അതിനിടയില്‍ അവര്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. അസീസിയയില്‍ നിന്ന് കാറില്‍  അറഫാ ദിനത്തിന് തലേന്ന് രാത്രി മക്കയിലെത്തി.
മക്കയ്ക്ക് വളരെ അകലെയായി അമീര്‍ ഒരു ഡോര്‍മെട്രി സംഘടിപ്പിച്ചു കൊടുത്തു. ആറു പേര്‍ വീതം താമസിച്ചിരുന്ന അവിടേക്ക് മക്കയില്‍ നിന്ന് കാര്‍ വിളിച്ച് പോവേണ്ടിവന്നു. ഹജ്ജിന് മുമ്പ് ഒരു ഉംറ പോലും ചെയ്യാന്‍ പറ്റിയില്ല. ഹജ്ജിന് ശേഷം മദീനയിലേക്ക് പോയി. യാത്രയ്ക്കുള്‍പ്പെടെ വേണ്ടി വന്ന മുഴുവന്‍ ചെലവും സ്വന്തം കൈയില്‍ നിന്നാണ് വഹിച്ചത്. വിസയ്ക്ക് 28 ദിവസത്തെ കാലാവധി മാത്രമായിരുന്നു. അതിനാല്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളൊന്നും സന്ദര്‍ശിക്കാനുമായില്ല. അതിനിടെ മദീനയില്‍ നിന്ന് ഷാജഹാനെ കണ്ടെങ്കിലും വളരെ മോശമായാണ് പെരുമാറിയതെന്ന് അബ്ദുര്‍റഹീം പറഞ്ഞു. ഇനിയാരും ഇത്തരം തട്ടിപ്പിനിരയാവരുതെന്ന നിര്‍ബന്ധമുള്ളതിനാല്‍ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് സംഭവം സംബന്ധിച്ച് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അബ്ദുര്‍ റഹീം.
ഇക്കാര്യമന്വേഷിക്കുന്നതിനാ യി തേജസ് പ്രതിനിധി ഷാജഹാനുമായി ബന്ധപ്പെട്ടെങ്കിലും എനിക്കൊന്നുമറിയില്ല എന്നു പ റഞ്ഞ് ഫോണ്‍ കട്ടുചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക