|    Mar 23 Thu, 2017 8:01 am
FLASH NEWS

ഹജ്ജിനെ വിദേശകാര്യവകുപ്പില്‍നിലനിര്‍ത്തണം: പ്രതിനിധിസംഘം

Published : 17th September 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: കേന്ദ്ര വിദേശകാര്യവകുപ്പില്‍നിന്ന് ഹജ്ജ് സംഘാടന ചുമതല ന്യൂനപക്ഷക്ഷേമ വകുപ്പിലേക്കു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. മികച്ച രീതിയില്‍ ഹജ്ജ് നടത്തിപ്പ് സാധ്യമാവണമെങ്കില്‍ കേന്ദ്ര വിദേശകാര്യവകുപ്പിനു കീഴില്‍ തന്നെ നിലനിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് പ്രതിനിധിസംഘം തലവന്‍ സഫര്‍ സരേഷ്‌വാല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച ആലോചനകള്‍ നടക്കുകയും ഇപ്പോള്‍ നീക്കം സജീവമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സഫര്‍ സരേഷ്‌വാലയുടെ പ്രതികരണം. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന മുന്‍ മന്ത്രി ഷാനവാസ് ഹുസയ്‌ന്റെ നേതൃത്വത്തില്‍ ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതായും ബിജെപി പാളയത്തിലുള്ള മുസ്‌ലിം നേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതിനുള്ള പുനസ്സംഘാടനമാണ് നടക്കുന്നതെന്നും റിപോര്‍ട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളും ശുപാര്‍ശകളുമടങ്ങിയ വിശദമായ റിപോര്‍ട്ട് പ്രതിനിധിസംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.
ഹാജിമാര്‍ കര്‍മങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കിയെന്നും മടക്കയാത്ര ഇന്നുമുതല്‍ ആരംഭിക്കുമെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ജിദ്ദയില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൊല്‍ക്കത്തയിലേക്കാണ് ആദ്യ വിമാനം. മദീനയില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ മടക്കം സപ്തംബര്‍ 29നാണു തുടങ്ങുക. ഒക്ടോബര്‍ 16 ഓടെ മുഴുവന്‍ ഹാജിമാരും ഇന്ത്യയില്‍ തിരിച്ചെത്തും.
ഹാജിമാര്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഒരുക്കിയതെന്നും മറ്റൊരു രാഷ്ട്രത്തിനും ഇത്രയും മികച്ച സജ്ജീകരണങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും സഫര്‍ സരേഷ്‌വാല അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധികളോ ചെറിയ അപകടമോ ഇല്ലാതെ ഹജ്ജ് സീസണ്‍ പൂര്‍ത്തിയായി.  ഇന്ത്യന്‍ ഹാജിമാരുടെ താമസസ്ഥലങ്ങളിലെല്ലാം നേരിട്ട് സന്ദര്‍ശനം നടത്തിയെന്നും പരാതിയുടെ ശബ്ദം ഒരിടത്തും ഉണ്ടായില്ലെന്നും ഇന്ത്യന്‍ ഹജ്ജ് പ്രതിനിധിസംഘം ഉപാധ്യക്ഷന്‍ മുഹമ്മദ് അലി ഖാദിരി ചൂണ്ടിക്കാട്ടി.ഹജ്ജ് മന്ത്രി ഉള്‍പ്പെടെ സൗദി അധികൃതരില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ഏറ്റവും മികച്ച പിന്തുണയാണു ലഭിച്ചതെന്ന് അംബാസഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യയില്‍നിന്ന് 144 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 539 ഉദ്യോഗസ്ഥരാണ് ഹജ്ജ് ഡെപ്യൂട്ടേഷനിലെത്തിയത്. 1,35,904 ഇന്ത്യക്കാര്‍ ഹജ്ജ് നിര്‍വഹിച്ചു. 66 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. മിനാ, മദീന എന്നിവിടങ്ങളില്‍ വച്ച് രണ്ട് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.
ഏഴുവര്‍ഷത്തിനിടെ ഏറ്റവും മികച്ച ഹജ്ജ് സീസണാണ് സമാപിച്ചതെന്ന് ഏഴുവര്‍ഷമായി ഹജ്ജ് സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് പറഞ്ഞു. ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക