|    Oct 17 Wed, 2018 9:22 am
FLASH NEWS

ഹക്കീം വധം : സമരസമിതി വീണ്ടും ഹൈക്കോടതിയിലേക്ക്

Published : 28th September 2017 | Posted By: fsq

 

പയ്യന്നൂര്‍: പയ്യന്നൂരിലെ പ്രമാദമായ അബ്്ദുല്‍ ഹക്കീം വധക്കേസില്‍ സിബിഐ അന്വേഷണം നിലച്ചതിനെതിരേ സംയുക്ത സമരസമിതി വീണ്ടും ഹൈക്കോടതിയിലേക്ക്. പയ്യന്നൂരിലെ പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ ദീര്‍ഘകാലമേറിയ സമരത്തിന്റെയും ഹൈക്കോടതി ഇടപെടലിന്റെയും ഫലമായാണ് ഹക്കീം വധം സിബിഐ അന്വേഷിച്ചത്. എന്നാല്‍ അന്വേഷണം ആരംഭിച്ച് കാലമേറെയായെങ്കിലും യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് കമ്മിറ്റി മുന്‍ ഭാരവാഹികളായ കെ അബ്ദുസ്സലാം(72), കെ പി അബ്ദുന്നാസിര്‍(54), എ ഇസ്മായില്‍(48), പയ്യന്നൂര്‍ പുഞ്ചക്കാട്ടെ എ പി മുഹമ്മദ് റഫീഖ്(43) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതികളെ തുടരന്വേഷണത്തിനായി സിബിഐ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും കൃത്യം നടത്തിയവരെ പിടികൂടിയിട്ടില്ല. പള്ളിക്കമ്മിറ്റിയുടെ കുറി, കെട്ടിടനിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തികതര്‍ക്കമാണ് പള്ളിയിലെ ജീവനക്കാരനായ ഹക്കീമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിബിഐ നിഗമനം. കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.സിബിഐ ഡിവൈഎസ്പി കെ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര വര്‍ഷത്തിലേറെയാണ് പയ്യന്നൂരില്‍ ക്യാംപ് ചെയ്ത് കേസന്വേഷിക്കുന്നത്. ഇഴഞ്ഞുനീങ്ങുന്ന കേസന്വേഷണം വഴിവിട്ട നിലയിലാണ് പോവുന്നതെന്നാണ് ജനസംസാരം. ഈ സാഹചര്യത്തിലാണ് സംയുക്ത സമരസമിതി യോഗം ചേര്‍ന്ന് സിബിഐ അന്വേഷണത്തിനുള്ള അസംതൃപ്തി സിബിഐ ഡയറക്ടറെ അറിയിക്കാന്‍ തീരുമാനിച്ചത്. കേസന്വേഷണം ത്വരിതഗതിയില്‍ നേര്‍വഴിക്ക് നടത്താനുള്ള ഇടപെടല്‍ നടത്താന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ സംയുക്ത സമരസമിതി ചെയര്‍മാന്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജി ഡി നായര്‍, ടി പുരുഷോത്തമന്‍, ടി ദേവി, എന്‍ കെ ഭാസ്‌കരന്‍, എം രാമകൃഷ്ണന്‍, ജമാല്‍ കടന്നപ്പള്ളി, കെ എം ബാലകൃഷ്ണന്‍ സംസാരിച്ചു. 2014 ഫെബ്രുവരി 10ന് രാവിലെയാണ് കൊറ്റി ജുമാ മസ്ജിദ് വളപ്പിലുള്ള മദ്്‌റസ കെട്ടിടത്തിനു പിന്‍വശത്ത് അബ്്ദുല്‍ ഹക്കീമിന്റെ മൃതദേഹം കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. തലയോട്ടിയുടെയും നെഞ്ചിന്‍ കൂടിന്റെയും കുറച്ചു ഭാഗം മാത്രമാണ് കത്താന്‍ ബാക്കിയുണ്ടായിരുന്നത്. മദ്്‌റസ കെട്ടിടത്തിനു പിന്നിലുണ്ടായിരുന്ന പഴയ കട്ടിളകളും മരസാമഗ്രികളും നിരത്തി അതിനു മുകളിലിട്ടാണ് കത്തിച്ചത്. ഹക്കീമിന്റെ ഷര്‍ട്ടും മൊബൈല്‍ ഫോണും പഴ്‌സും സമീപത്തും പള്ളി വളപ്പില്‍ നിന്നു കണ്ടെത്തിയതോടെയാണ് മരിച്ചത് ഹക്കീമാണെന്നു ബോധ്യമായത്. പയ്യന്നൂര്‍ തെക്കേ മമ്പലത്തെ ദാമോദരന്‍ ഹിന്ദുമതം ഉപേക്ഷിച്ചാണ് ഹക്കീം എന്ന പേര് സ്വീകരിച്ചത്. ഇതിനു ശേഷം മുസ്്‌ലിം സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. കേസ് ആദ്യം ലോക്കല്‍ പോലിസും െ്രെകം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതിനുശേഷമാണ് പയ്യന്നൂരിനെ ഞെട്ടിച്ച മാസങ്ങള്‍നീണ്ട ജനകീയ പ്രക്ഷോഭം അരങ്ങേറിയത്. ഇതിനിടെ പല അഭ്യൂഹങ്ങളും പ്രചരിച്ചെങ്കിലും രാഷ്ട്രീയ ബന്ധങ്ങളും പോലിസിലെ സ്വാധീനങ്ങളും പ്രതികളെ പിടിക്കുന്നത് വൈകിച്ചു. തുടര്‍ന്ന് ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത കര്‍മസമിതിയും സിബിഐ. അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss