|    Nov 19 Mon, 2018 12:18 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഹംഗറിയിലെ മാധ്യമങ്ങള്‍

Published : 3rd November 2018 | Posted By: kasim kzm

തീവ്ര വലതുപക്ഷ രാഷ്ട്രീയം അധികാരത്തില്‍ വന്നാല്‍ എന്താണു മാധ്യമങ്ങള്‍ക്കു സംഭവിക്കുക എന്നറിയണമെങ്കില്‍ ഹംഗറിയിലേക്കു നോക്കിയാല്‍ മതി. രണ്ടാം ലോകയുദ്ധത്തിനുശേഷം കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്ന പ്രദേശമാണു കിഴക്കന്‍ യൂറോപ്പിലെ ഈ കൊച്ചുരാജ്യം. ഇപ്പോള്‍ തീവ്ര വലതുപക്ഷക്കാരനായ വിക്ടര്‍ ഒര്‍ബാനാണ് ഹംഗറിയുടെ ഭരണാധികാരി.
ഒര്‍ബാന്‍ ജനപിന്തുണ നേടിയത് വര്‍ധിച്ചുവരുന്ന കുടിയേറ്റവും സാമ്പത്തിക പ്രതിസന്ധിയും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ മുതലെടുത്തുകൊണ്ടാണ്. പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹത്തെ ചൂണ്ടിക്കാണിച്ച്, യൂറോപ്പിനെ മുസ്‌ലിംകള്‍ കൈയടക്കുകയാണ് എന്നാണ് ഒര്‍ബാന്‍ പറഞ്ഞത്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ഒര്‍ബാന്റെ പാര്‍ട്ടിയാണു വിജയിച്ചത്.
ഈ കാലത്തിനിടയില്‍ സ്വതന്ത്ര പത്രങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമായി. ഏറ്റവും പ്രശസ്തം നെപ്‌സാബ്‌സാഗ് എന്ന പേരിലുള്ള ദിനപത്രമായിരുന്നു. 2016ല്‍ അത് പൂട്ടിയതായി ഒരുദിവസം കമ്പനിപ്പടിക്കല്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടു. സര്‍ക്കാര്‍ പരസ്യമാണ് അവിടെ മാധ്യമങ്ങളുടെ മുഖ്യവരുമാനം. അതു തടയപ്പെട്ടപ്പോള്‍ ഉടമ പത്രം വിറ്റു സ്ഥലംവിട്ടു. അതോടെ അതിന്റെ അന്ത്യവുമായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഇത്തരം നിരവധി സംഭവങ്ങളുണ്ടായതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം പറയുന്നു. 2015ല്‍ ഒര്‍ബാന്റെ പാര്‍ട്ടിയോ അതിന്റെ പണച്ചാക്കുകളോ നിയന്ത്രിച്ച മാധ്യമങ്ങളുടെ എണ്ണം വെറും 23 മാത്രമായിരുന്നു. ഇപ്പോള്‍ 500ലേറെ മാധ്യമസ്ഥാപനങ്ങള്‍ അവര്‍ കൈയടക്കിയിരിക്കുന്നു. എതിര്‍ക്കുന്നവരെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന പരിപാടി അഭംഗുരം തുടരുകയുമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss