|    May 24 Wed, 2017 5:20 pm
FLASH NEWS

സൗഹൃദങ്ങള്‍ക്കു വേണ്ട ആദാനപ്രദാനങ്ങള്‍; കേരള സംസ്‌കാരത്തിലെ ആദാനപ്രദാനങ്ങള്‍ ഒരു തുറന്ന വായന

Published : 10th August 2015 | Posted By: admin

pu മറിച്ച് എല്ലാവര്‍ക്കും തുല്യമായ ഇടവും പങ്കാളിത്തവും ലഭിക്കുമ്പോള്‍ വെറുപ്പിനു പകരം സ്‌നേഹത്തിന്റെ ചങ്ങലകള്‍ പരസ്പരം മനുഷ്യരെ ബന്ധിപ്പിക്കുന്നതാണ്. സ്‌നേഹത്തിന്റെ തന്നെ മറ്റൊരു പ്രകടഭാവമാണ് വെറുപ്പ്!’ജമാല്‍ കൊച്ചങ്ങാടി എഡിറ്റ് ചെയ്ത കേരള സംസ്‌കാരത്തിലെ ആദാനപ്രദാനങ്ങള്‍ കേരളീയ സാംസ്‌കാരിക ജീവിതം ആവശ്യപ്പെടുന്ന ഒരു ഇടപെടലാണ്. നമ്മുടെ സാമൂഹിക ജീവിതം എങ്ങനെ സംഘര്‍ഷരഹിതവും സമാധാനപൂര്‍ണവുമാക്കി മാറ്റാമെന്ന അന്വേഷണത്തില്‍നിന്നാണ് ഇതുപോലുള്ള ഒരു സമാഹാരം ഉണ്ടാവുന്നത്. ആമുഖലേഖനത്തില്‍ ജമാല്‍ കൊച്ചങ്ങാടി പറയുന്നതു കാണുക: വിഭിന്ന സംസ്‌കാരങ്ങള്‍ക്ക് ഒരു പ്രദേശത്ത് സൗഹാര്‍ദ്ദത്തോടെ ദീര്‍ഘകാലം സഹവര്‍ത്തിക്കാന്‍ കഴിയുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായി കേരളം വാഴ്ത്തപ്പെടുന്നു. ലോകചരിത്രത്തില്‍ തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണിത്. ഇതിന്റെ കാരണങ്ങള്‍ ഇനിയും വേണ്ടത്ര അപഗ്രഥിക്കപ്പെട്ടിട്ടില്ല.’(പു.10).ഈ പുസ്തകത്തിലെ ലേഖനങ്ങള്‍, കേരളീയ ജീവിതത്തെ മതനിരപേക്ഷ ജനാധിപത്യ ഇടമാക്കി മാറ്റുന്നതില്‍ സാംസ്‌കാരികമായ മുദ്രകള്‍, പ്രത്യേകിച്ച് മതാത്മകഘടകങ്ങള്‍ വഹിച്ച പങ്കിനെ മുന്‍നിര്‍ത്തിയാണ്.   ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നൂറ്റാണ്ടുകളായി ബഹുസംസ്‌കാരം നിലനില്‍ക്കുന്ന രാജ്യമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എം.ജി.എസ്. നാരായണന്‍ ഇക്കാര്യം വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തില്‍ രൂപപ്പെട്ട സംഘര്‍ഷരഹിതമായ സംസ്‌കാരമിശ്രണത്തിന്റെ അടിസ്ഥാനത്തിലാണ്. ബ്രാഹ്മണ-ശൂദ്ര സംബന്ധത്തിലൂടെ രൂപപ്പെട്ടുവന്ന ആദിദ്രാവിഡ സമന്വയത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയതാണ് കേരളസമൂഹം. അതു പിന്നീട് ജൈന-ബൗദ്ധ-യഹൂദ-ഇസ്‌ലാമിക സമുദായങ്ങളെ സ്വാഗതം ചെയ്യുകയുണ്ടായി. അവരെല്ലാം രാജാക്കന്മാരുടെയും പ്രജകളുടെയും സന്മനസ്സോടെ ഇവിടെ സ്ഥാപിക്കപ്പെട്ട കേന്ദ്രങ്ങളില്‍നിന്നാണ് വളര്‍ന്നത്. ആരും ആക്രമിച്ചുപിടിച്ചടക്കിവന്നവരല്ല. ആരെയും ആക്രമിച്ചു പുറത്താക്കാന്‍ കേരളത്തില്‍ ശ്രമങ്ങളുണ്ടായില്ല.

ഒരുപക്ഷേ, ലോകചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മത-സമുദായ സംഗമത്തെപ്പറ്റി പലരും വികാരഭരിതരായി സംസാരിക്കുകയും എഴുതുകയും ചെയ്യാറുണ്ട്. എന്നാല്‍, അതിന്റെ കാര്യകാരണബന്ധങ്ങളെപ്പറ്റി പഴയ ചരിത്രകാരന്‍മാര്‍ വളരെയൊന്നും അന്വേഷിച്ചതായി അറിഞ്ഞുകൂടാ. (എം.ജി.എസ്. പു-15). ഇന്ത്യയില്‍ പൊതുവായുണ്ടായിരുന്ന മത-സമുദായ മൈത്രിയേക്കാള്‍ കേരളത്തിലെ മൈത്രി ഗുണപരമായി മുന്നിലാണെന്ന നിഗമനവും എം.ജി.എസ്. മുന്നോട്ടുവയ്ക്കുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ വ്യവസ്ഥയുടെ ബാഹ്യതലത്തില്‍ മാത്രമാണ് എം.ജി.എസ്. സ്പര്‍ശിക്കുന്നത്. ഇന്ത്യാ രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയും ദലിത് വിരുദ്ധതയും മുതല്‍ ന്യൂനപക്ഷസമുദായങ്ങളുടെ അധഃസ്ഥിതാവസ്ഥ വരെ പരിഗണിക്കാതെ നടത്തുന്ന നിരീക്ഷണങ്ങള്‍ എത്രമാത്രം ആരോഗ്യകരമായ മൈത്രിയിലേക്കു നയിക്കുമെന്ന സംശയം വായനക്കാരില്‍ നിലനില്‍ക്കും. മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയില്‍ നടന്ന ദലിത് കൂട്ടക്കൊലയെ മുന്‍നിര്‍ത്തി ആനന്ദ് തെല്‍തുംഡെ നടത്തിയ പഠനം മുതല്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ നല്‍കിയ മുസ്‌ലിം ജീവിതാവസ്ഥ വിവരിക്കുന്ന പഠന റിപോര്‍ട്ട് വരെ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ അവസ്ഥയില്‍ മൂടിവയ്ക്കപ്പെടുന്ന കീഴാള ജീവിതവ്യവഹാരങ്ങളാണ്. ഡോ. എന്‍.എം. നമ്പൂതിരി, ജോണ്‍ ഓച്ചന്‍തുരുത്ത്, ഡോ. എം. ഗംഗാധരന്‍ മുതലായവര്‍ നടത്തുന്ന വിശകലനങ്ങള്‍ മുഖ്യമായും സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളെ മുന്‍നിര്‍ത്തിയാണ്. മിക്ക പഠനങ്ങളും മുസ്‌ലിം/അമുസ്‌ലിം, ഹിന്ദു/മുസ്‌ലിം എന്നീ ദ്വന്ദങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടത്തിയതെന്നു കാണാന്‍ കഴിയും. കേരളീയ മുസ്‌ലിംകളുടെ സ്വത്വപ്രതിനിധാനങ്ങളില്‍ അന്തര്‍ഭവിച്ച സവര്‍ണമുദ്രകളെ മുന്‍നിര്‍ത്തിയാണ് മിക്ക വിശകലനങ്ങളും മുന്നോട്ടുപോവുന്നത്.

കെ ബാലകൃഷ്ണക്കുറുപ്പ് എഴുതിയ കേരളീയന്റെ വേഷം നൂറ്റാണ്ടുകളിലൂടെ എന്ന ലേഖനം ഒരുതരത്തില്‍ വേറിട്ടുനില്‍ക്കുന്നുവെന്നു പറയാം. വസ്ത്രധാരണരീതിയില്‍ വന്ന ആദ്യകാല മാറ്റങ്ങളെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമം ഈ ലേഖനത്തില്‍ കാണാന്‍ കഴിയും. സംഘര്‍ഷരഹിതമായ ഭൂതകാലമെന്ന എം.ജി.എസിന്റെ നിരീക്ഷണത്തില്‍നിന്നു വിഭിന്നമായ ഒരു കാര്യം കൂടി ബാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കുന്നുണ്ട്. ”പ്രാചീന കേരളത്തില്‍ യാദവന്‍മാരുടെ വരവിനു ശേഷം നാട്ടുകാര്‍ക്ക് രണ്ടുവിധത്തിലുള്ള തൊഴിലേ അറിയാമായിരുന്നുള്ളൂ. അതിലൊന്ന് യുദ്ധം ചെയ്യലും മറ്റൊന്ന് കൃഷിയുമായിരുന്നു. ഈ രണ്ടു തൊഴിലിനും ശരീരം ഇഷ്ടംപോലെ ചലിപ്പിക്കുക ആവശ്യമായിരുന്നതുകൊണ്ട് ജനങ്ങള്‍ കീഴ്മുണ്ടും പലപ്പോഴും അടിവസ്ത്രവും ധരിക്കുകയേ പതിവുണ്ടായിരുന്നുള്ളൂ.’(പു.81).വി.ടി. കുമാരന്‍ എഴുതിയ മലയാളത്തിലെ മാപ്പിളപദങ്ങളും ശൈലികളും ഭാഷാപരമായി നടന്നിട്ടുള്ള ആദാനപ്രദാനങ്ങളിലേക്കു വെളിച്ചം വീശുന്നതാണ്. ശുദ്ധമായ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി വാദിക്കുന്നവരാണ് വംശീയവാദികളായി മാറുന്നത്. എക്കാലത്തും ശുദ്ധവംശീയവാദവും ശുദ്ധിവാദവും ഉയര്‍ത്തുന്നവര്‍ അനാരോഗ്യകരമായ അസ്പൃശ്യതയും അകലവും സൃഷ്ടിച്ചുകൊണ്ടാണ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക. യഥാര്‍ഥത്തില്‍ ഉണ്ടാവുന്ന വൈരുധ്യങ്ങളും അതിന്റെ പരിഹാരത്തിലേക്കു നയിക്കുന്ന സംഘര്‍ഷവും അസ്ഥാനത്താക്കിക്കൊണ്ട് ശുദ്ധിവാദം’ വംശീയമായ വെറുപ്പിലേക്കാണ് സമുദായങ്ങളെ നയിക്കുക. വി.ടി. കുമാരന്റെ ലേഖനം മലയാളഭാഷയിലേക്കു കടന്നുവന്ന ഇതരഭാഷാപദങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ കേരളീയ സാമൂഹിക ജീവിതത്തില്‍ അന്തര്‍ഭവിച്ച വൈവിധ്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. അദ്ദേഹം നല്‍കിയ ഉദാഹരണങ്ങളില്‍ ഒന്നുമാത്രം ഇവിടെ നല്‍കാമെന്നു കരുതുന്നു: “”സല, അസ്സല്‍, നക്കല്‍, സന്നദ്, മഹസര്‍, ഒസ്യത്ത്, ബദല്, ജാമ്യം, താവഴി, റദ്ദ്, തര്‍ജ്ജമ, മുഖ്ത്യാര്‍, ഹാജര്‍, വക്കീല്‍, വക്കാലത്ത്, മുന്‍സിഫ്, നാദിര്‍, ശിപായി, കത്ത്, കൈപ്പിത്ത് (കൈഫിയത്ത്) തുടങ്ങിയ എത്രയോ പദങ്ങള്‍ കോടതികള്‍ക്ക് ചുറ്റും ഇന്നും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. ഭരണരംഗത്താണെങ്കില്‍ കസബ, ഫര്‍ക്ക, താലൂക്ക് (തഅല്ലത്ത്), ജില്ല (അറജില്‍അ), ഹജൂര്‍ കച്ചേരി, ഫസലി, ഹരജി, തഹസില്‍ദാര്‍, ദിവാന്‍, ഹവില്‍ദാര്‍, ജാമേദാര്‍, ശിപായി, സര്‍ദാര്‍, പേഷ്‌ക്കാര്‍, സര്‍ക്കാര്‍, അബ്കാരി ഇങ്ങനെ എത്രയോ പദങ്ങളുണ്ട്. ഹല്‍വ, മസാല, സുര്‍ക്ക, മൈദ, സൂചി, ചപ്പാത്തി, ബദാം, സമൂസ തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ എത്ര കിടക്കുന്നു. (പു. 136).ഇങ്ങനെ വിവിധതലങ്ങളില്‍ നടക്കുന്ന ആദാനപ്രദാനങ്ങളിലൂടെയാണ് ഓരോ സംസ്‌കാരവും വളര്‍ന്നു പന്തലിക്കുന്നത്. മതവര്‍ഗീയസങ്കുചിതവാദികളും വംശീയവാദികളും ആവര്‍ത്തിച്ചു പറയാറുള്ളതുപോലെ ഏതെങ്കിലും വേറിട്ട ശുദ്ധസംസ്‌കാരം ഒരിക്കലും ഉണ്ടാവാറില്ല.

ആരോഗ്യമുള്ള ഒരു സംസ്‌കാരത്തിന്റെ ലക്ഷണം ബഹുസ്വരതയാണ്. ബഹുവിധ സാംസ്‌കാരിക ചിഹ്നങ്ങളും ഭാഷാചിഹ്നങ്ങളും ഉല്‍പ്പാദിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ ജനവിഭാഗങ്ങള്‍ ഒന്നിച്ച് അധിവസിക്കുന്ന പ്രദേശങ്ങളാണ് കേരളീയ സംസ്‌കാരത്തിന്റെ എപ്പോഴും നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്ന വിഭിന്ന സാംസ്‌കാരിക കൂട്ടായ്മകള്‍ അംഗീകരിച്ചുകൊണ്ടാണ് ജനാധിപത്യം മുന്നേറുക. ഡോ. സുവര്‍ണ നാലപ്പാട്ട് എഴുതിയ ബൗദ്ധ-ജൈന സംസ്‌കാരങ്ങള്‍ കേരളത്തില്‍, ജോണ്‍ ഓച്ചന്‍തുരുത്തിന്റെ ക്രൈസ്തവ സ്വാധീനം കേരളീയ സംസ്‌കാരത്തില്‍ മുതലായ ലേഖനങ്ങളും കേരളീയ ജീവിതം ആന്തരവല്‍ക്കരിച്ച സംസ്‌കാരങ്ങളിലെ വൈവിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.

ബുദ്ധ-ജൈന മതങ്ങളുടെ സജീവമായ സാന്നിധ്യമുണ്ടായിരുന്ന കേരളത്തില്‍ അവ എങ്ങോട്ടു പോയിമറഞ്ഞു എന്നോ എങ്ങനെ അപ്രത്യക്ഷമായി എന്നോ ചോദിക്കാതെ സാംസ്‌കാരികമായ ആദാനപ്രദാനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പൂര്‍ണമാവുകയില്ല. കേരളീയ സംസ്‌കാരത്തിലെ ആദാനപ്രദാനങ്ങള്‍ കണ്ടെത്തുന്നതിലൂടെ നമ്മുടെ വര്‍ത്തമാനത്തെയും ഭൂതകാലത്തെയും കൂട്ടിയിണക്കാനുള്ള സാമഗ്രികളാണ് വായനക്കാര്‍ക്കു ലഭിക്കുന്നത്. സുവര്‍ണ നാലപ്പാട്ട്, ശങ്കരനെ (ശങ്കരാചാര്യരെ) സംബന്ധിച്ച് മുന്നോട്ടുവയ്ക്കുന്ന പരാമര്‍ശവും വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. ബുദ്ധമതത്തിന് ഇത്രമാത്രം സ്വാധീനമുണ്ടായിരുന്നു എന്നതിന്റെ അര്‍ഥം, ബുദ്ധമതത്തിനും അതിന്റെ വിശ്വാസികള്‍ക്കും കേരളത്തില്‍ സജീവസാന്നിധ്യമുണ്ടായിരുന്നു എന്നതാണ്. എന്തുകൊണ്ട്, എങ്ങനെ ബുദ്ധമതവും ജൈനമതവും നിര്‍മാര്‍ജനം ചെയ്യപ്പെട്ടു? ആ പ്രക്രിയയില്‍ ശങ്കരാചാര്യര്‍ക്കുള്ള പങ്കെന്താണ്? യഥാര്‍ഥത്തില്‍ ബുദ്ധദര്‍ശനത്തെ തര്‍ക്കശാസ്ത്രപരമായി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ബ്രഹ്മസൂത്രഭാഷ്യത്തില്‍ തന്നെയുണ്ട്.

സുവര്‍ണ പറയുന്നതുപോലെ ശങ്കരന്‍,നമ്പൂതിരിയായി ജനിച്ചതുകൊണ്ടല്ല അദ്ദേഹത്തെ ബുദ്ധമതത്തിന്റെ ശത്രുവായി ചരിത്രകാരന്‍മാരും ദാര്‍ശനികരും അടയാളപ്പെടുത്തുന്നത്. മറിച്ച്, ബുദ്ധന്‍ എതിര്‍ത്തു തോല്‍പ്പിച്ച വൈദികപാരമ്പര്യത്തെ ശങ്കരന്‍ പുനരുജ്ജീവിപ്പിക്കുകയും ബുദ്ധ-ജൈന വിശ്വാസികളെയും സത്തുക്കളെയും നിര്‍മാര്‍ജനം ചെയ്യുന്നതിലേക്ക് വൈദിക പാരമ്പര്യവാദികളായ ഹിന്ദുത്വശക്തികള്‍ മാറുകയും ചെയ്തതുകൊണ്ടാണ്. കൊടുത്തും വാങ്ങിയും സംസ്‌കാരങ്ങള്‍ സമ്പന്നമാവുന്നതിനു പകരം ഉന്‍മൂലനത്തിന്റെയും തകര്‍ക്കലിന്റെയും ചരിത്രമായി മാറിയതിന്റെ കാരണങ്ങളും അന്വേഷിക്കേണ്ടതാണ്.
ഗൗരവമായ സംവാദങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും തുടര്‍പഠനങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ ജമാല്‍ കൊച്ചങ്ങാടിയുടെ പരിശ്രമം സഹായകരമാണെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതയ്ക്കും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണിയായി മാറുന്ന ശുദ്ധവംശീയവാദത്തിലധിഷ്ഠിതമായ സംഘപരിവാര പ്രത്യയശാസ്ത്രം മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ ജമാല്‍ കൊച്ചങ്ങാടി സമാഹരിച്ച ലേഖനങ്ങള്‍ക്കു പ്രസക്തി വര്‍ധിക്കുകയാണ്. കേരളീയജീവിതം മാത്രമല്ല ഇന്ത്യന്‍ സമൂഹം പോലും എക്കാലത്തും ബഹുവിധമായ “ആദാനപ്രദാനങ്ങളിലൂടെ മുന്നേറിയ ചരിത്രമാണ് നല്‍കുന്നതെന്ന യാഥാര്‍ഥ്യം കൂടുതല്‍ വിശദവും വിപുലവുമായ പഠനങ്ങളിലൂടെ മുന്നോട്ടുവയ്‌ക്കേണ്ടതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day