|    Feb 21 Wed, 2018 1:09 am
FLASH NEWS

സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢശ്രമം

Published : 23rd January 2017 | Posted By: fsq

 

കാളികാവ്: വാണിയമ്പലം ത്രിപുര സുന്ദരി ക്ഷേത്രത്തിനുനേരെ സാമൂഹിവിരുദ്ധര്‍ നടത്തിയ ആക്രമണം പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ സംഘടനാ നേതാക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന അക്രമികള്‍ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചു. വിഗ്രഹത്തില്‍ ചാര്‍ത്തിയ പട്ടുവസ്ത്രങ്ങളും മറ്റും തീയിട്ട് നശിപ്പിച്ചു. പുറത്ത് പ്രതിഷ്ഠിച്ച നാഗ വിഗ്രഹം കാണാനില്ല. ക്ഷേത്രത്തിലെ കംപ്യൂട്ടറും മറ്റു പകരണങ്ങളും സമീപത്തെ കിണറ്റിലിട്ടു. ജനറേറ്റര്‍ നശിപ്പിക്കുകയും ക്ഷേത്ര സ്‌റ്റോര്‍റൂമിന്റെ വാതില്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരം അശുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ക്ഷേത്രം പൂജാരി എത്തിയപ്പോഴാണ് സംഭവം കാണുന്നത്. രണ്ടു മാസം മുമ്പ് ഇവിടെ സാമൂഹികവിരുദ്ധര്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ നശിപ്പിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. ഭണ്ഡാരം തുറയ്ക്കുകയോ മറ്റു വസ്തുക്കള്‍ മോഷണം പോവുകയൊ ചെയ്തിട്ടില്ലെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എം പി ഗിരീഷ് പറഞ്ഞു. സംഭവത്തില്‍ ജാതി-മത ഭേദമന്യേ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വണ്ടൂര്‍ പോലിസാണ് കേസന്വേഷിക്കുന്നത്. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്ന വിവിധ മത നേതാക്കള്‍ സൗഹൃദം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കരുതെന്നും മുന്നറിയിപ്പു നല്‍കി. ക്ഷേത്ര ഭാരവാഹികളെയും ഭക്തജനങ്ങളെയും നേരില്‍ കണ്ട് വിവിധ സംഘടനാ നേതാക്കള്‍ സഹായവും വാഗ്ദാനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. കെ എന്‍ എ ഖാദര്‍, എ പി അനില്‍കുമാര്‍ എംഎല്‍എ,  ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, ഡിസിസി മുന്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ക്ഷേത്രം സന്ദര്‍ശിച്ചു. മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട മലപ്പുറം ജില്ലയിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നു മുനവ്വറലി തങ്ങള്‍ പറഞ്ഞു. ക്ഷേത്രത്തിനുണ്ടായ എല്ലാ നഷ്ടങ്ങള്‍ക്കും സഹായം നല്‍കാന്‍ തയ്യാറാണെന്നും നേതാക്കള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss