|    Jan 20 Fri, 2017 11:24 am
FLASH NEWS

സൗമ്യ വധക്കേസ്: സുപ്രിംകോടതി ഉത്തരവില്‍ ഗുരുതര പിഴവുണ്ടായെന്ന് ജസ്റ്റിസ് കട്ജു

Published : 17th September 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് സുപ്രിം കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി വിധിച്ച കൊലപാതകക്കുറ്റം ഒഴിവാക്കിയത് ഗുരുതരമായ പിഴവാണെന്നും കൊലക്കുറ്റം ഒഴിവാക്കിയതിലൂടെ നീതിന്യായ വ്യവസ്ഥിതിക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഉത്തരവിനെതിരേ ഉടന്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ തയ്യാറാണെന്നും കട്ജു വ്യക്തമാക്കി.
സൗമ്യയെ മാനഭംഗം ചെയ്തതിനു ഗോവിന്ദച്ചാമിക്കു ജീവപര്യന്തം ശിക്ഷ ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി ശരിവയ്ക്കുകയും കൊലപാതകം ഒഴിവാക്കി ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് ഏഴുവര്‍ഷം കഠിന തടവ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടുള്ള സുപ്രിംകോടതിയുടെ അന്തിമ വിലയിരുത്തലിനെയാണ് കട്ജു ചോദ്യം ചെയ്തത്. സൗമ്യയുടെ മരണത്തിനിടയാക്കിയ തലയിലെ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് ഗോവിന്ദച്ചാമിയാണെന്നതിനു തെളിവില്ലെന്നാണ് കോടതിയുടെ വിധിയിലുള്ളത്. ആക്രമണത്തിനിടയില്‍ സൗമ്യ സ്വയം എടുത്തുചാടിയതാവാമെന്നും പറയുന്നു.
അങ്ങനെയെങ്കില്‍ ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ബലംപ്രയോഗിച്ച് നാലഞ്ചു തവണ ഇടിപ്പിച്ചതിനു തെളിവ് എന്തായിരുന്നു. സൗമ്യ ഒറ്റയ്ക്ക് യാത്രചെയ്തിരുന്ന വനിതാ കംപാര്‍ട്ട്‌മെന്റില്‍നിന്നു നിലവിളിയും ശബ്ദങ്ങളും കേട്ടിരുന്നതായി രണ്ടുപേര്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. സൗമ്യ സ്വയം ചാടിയതാണെന്നു തങ്ങളോടു മധ്യവയസ്‌കനായ ഒരു വ്യക്തി പറഞ്ഞെന്നാണ് ഈ സാക്ഷികള്‍ തന്നെ പറഞ്ഞത്. ഇതുമാത്രം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി എങ്ങനെ വിശ്വാസത്തിലെടുത്തെന്നും കട്ജു ചോദിക്കുന്നു. ഇതു വിധിയിലെ വലിയ പിഴവാണ് സൂചിപ്പിക്കുന്നത്.
തല ശരീരത്തിന്റെ മര്‍മപ്രധാന ഭാഗമായാണ് കണക്കാക്കുന്നത്. തലയില്‍ മാരകമായി ഏല്‍ക്കുന്ന ഏതു വലിയ പ്രഹരവും അത് മരണത്തിനു കാരണമല്ലെങ്കില്‍ക്കൂടി കൊലപാതകമായി കണക്കാക്കാമെന്ന് ഐപിസി 300ാം വകുപ്പില്‍ പറയുന്നുണ്ടെന്ന് വിവിധ നിയമവശങ്ങളും ഹൈക്കോടതിയുടെ ഉത്തരവും ചൂണ്ടിക്കാട്ടി കട്ജു വ്യക്തമാക്കുന്നു. കൊല നടത്താനുള്ള ഉദ്ദേശ്യമില്ലെങ്കിലും നാലുഭാഗങ്ങളിലായുള്ള ഐപിസി 300ാം വകുപ്പിലെ മൂന്നു നിര്‍വചനങ്ങള്‍ സ്ഥാപിക്കാനായാല്‍ കൊലക്കുറ്റം ചുമത്താനാവും.
ട്രെയിനിനുള്ളില്‍ സൗമ്യയുടെ തല ഇടിപ്പിച്ചതും മരണത്തിലേക്കു നയിക്കാവുന്ന കാരണങ്ങള്‍ തന്നെയാണ്. വധശിക്ഷയ്ക്ക് വ്യക്തിപരമായി എതിരാണെങ്കിലും ഈ കേസില്‍ താനായിരുന്നു ജഡ്ജിയെങ്കില്‍ വധശിക്ഷയല്ലാതെ ശിക്ഷ വിധിക്കില്ലായിരുന്നുവെന്നും ജസ്റ്റിസ് കട്ജു കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക