|    Jan 23 Mon, 2017 10:36 pm

സൗമ്യ വധക്കേസ്: വധശിക്ഷ റദ്ദാക്കി; ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം നിലനില്‍ക്കുമെന്ന് സുപ്രിംകോടതി

Published : 16th September 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. എന്നാല്‍, മാനഭംഗത്തിനു വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. ഇതില്‍ ഇടപെടാന്‍ സുപ്രിംകോടതി തയ്യാറായില്ല. സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതിനു തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്നു കണ്ടെത്തിയാണ് ഐപിസി 302 പ്രകാരമുള്ള വധശിക്ഷ റദ്ദാക്കിയത്.
കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും അതിനാല്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല സി പാന്ത്, യു യു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, സൗമ്യയെ ഗുരുതരമായി പരിക്കേല്‍പിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 325ാം വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിനതടവ് നല്‍കാന്‍ കോടതി വിധിച്ചു. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം തടവ് ഇളവു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ജീവപര്യന്തം വരെ ജയിലില്‍ കഴിയണമെന്നതാണ് വ്യവസ്ഥ. ഗോവിന്ദച്ചാമിയുടെ ശിക്ഷ ഏഴുവര്‍ഷം കഠിനതടവ് മാത്രമായി കുറച്ചതായായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ നിന്നു വന്ന ആദ്യ റിപോര്‍ട്ടുകള്‍. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിപ്രസ്താവത്തില്‍ നിന്നു സുപ്രിംകോടതി അഭിഭാഷകര്‍ നല്‍കിയതായിരുന്നു ഈ വിവരം. എന്നാല്‍, ഒടുവില്‍ പുറത്തുവന്ന വിധിപ്പകര്‍പ്പിലാണ് ജീവപര്യന്തം തടവുശിക്ഷ നിലനില്‍ക്കുമെന്ന കാര്യം വ്യക്തമായത്. മാനഭംഗത്തിനും പിടിച്ചുപറി, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കും ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ നിലനില്‍ക്കുന്നതായി 22 പേജുള്ള വിധിയുടെ അവസാന ഭാഗത്തില്‍ വ്യക്തമാക്കി.
കീഴ്‌ക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരേ പ്രതി സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രിംകോടതിയില്‍നിന്നു സുപ്രധാന വിധിയുണ്ടായത്. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു. ഹരജിയില്‍ കഴിഞ്ഞ ദിവസം അന്തിമവാദം കേള്‍ക്കവെ സുപ്രിംകോടതി പ്രോസിക്യൂഷനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായി.
സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയെന്നതിനു തെളിവ് എവിടെയെന്ന ചോദ്യത്തിനു മതിയായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനു സാധിച്ചിരുന്നില്ല. മരണത്തിനു പ്രധാന കാരണമായ തലയ്ക്കു പിന്നിലേറ്റ ക്ഷതം ഗോവിന്ദച്ചാമിയുടെ ആക്രമണം മൂലമാണോയെന്നു തെളിയിക്കുന്നത് എങ്ങനെയെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും ജഡ്ജി താക്കീതു നല്‍കുകയും ചെയ്തു. തുടര്‍ന്ന് വാദം പൂര്‍ത്തിയാക്കിയ കോടതി വിധിപ്രഖ്യാപനം ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ കവര്‍ച്ചാശ്രമത്തിനിടെ ഗോവിന്ദച്ചാമി തള്ളിയിട്ട ശേഷം വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗമ്യ ഫെബ്രുവരി 6നു മരണപ്പെട്ടു. വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി 12നു ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്കു വിധിച്ചു. 2013 ഡിസംബര്‍ 18ന് ശിക്ഷ ഹൈക്കോടതി ശരിവച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക