|    Jul 22 Sat, 2017 2:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൗമ്യ വധക്കേസ്: ഡോ. ഉന്മേഷിനെതിരായ പരാതി വിജിലന്‍സ് കോടതി അടുത്തമാസം ആറിനു പരിഗണിക്കും

Published : 20th September 2016 | Posted By: SMR

തൃശൂര്‍: സൗമ്യവധക്കേസ് അട്ടിമറിക്കാന്‍ സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷ് കൂറുമാറിയെന്നും ഗൂഢാലോചന നടത്തിയെന്നുമാരോപിച്ചുള്ള പരാതി ഒക്ടോബര്‍ ആറിന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും.
ഉന്മേഷിനെതിരേ കേസെടുക്കണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി വിധി വന്നിരുന്നു. തുടര്‍ന്ന് തൃശൂര്‍ സിജെഎം കോടതി സിറ്റിങും നടത്തിയിരുന്നു. എന്നാല്‍ കേസ് ഫയലുകള്‍ സുപ്രിംകോടതിയിലേക്ക് കൊണ്ടുപോയതിനാല്‍ പിന്നീട് സിറ്റിങ് നടന്നില്ല. കേസില്‍ വിധി വന്ന 2011 നവംബറിലായിരുന്നു കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്ന ആക്ഷേപവുമായി ജോര്‍ജ് വട്ടുകുളം വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇവിടെയും ഒരു തവണ മാത്രമാണ് സിറ്റിങ് നടന്നത്.
എന്നാല്‍ സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് സംബന്ധിച്ച് വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണ റിപോര്‍ട്ട് മൂന്നുമാസത്തിനകം  നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസുവും അസോ. പ്രഫ. ഡോ. എ കെ ഉന്മേഷും തമ്മിലുള്ള തര്‍ക്കമാണ് സൗമ്യ വധക്കേസിലെ പോസ്റ്റ്‌മോര്‍ട്ടവും വിവാദത്തിലാവാന്‍ കാരണം.  രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും  ഉന്മേഷ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴിനല്‍കിയെന്ന പരാതിയാണ് വിവാദ  കാരണം. മുമ്പ് നടന്ന രണ്ട് അന്വേഷണങ്ങളിലും ഉന്മേഷാണ് പോസ്റ്റുമോര്‍ട്ടം ചെയ്തതെന്നും ഷേര്‍ളി വാസു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നുമാണ് കണ്ടെത്തിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക