|    Dec 11 Mon, 2017 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൗമ്യ വധക്കേസ്: കട്ജു സുപ്രിംകോടതിയില്‍ ഹാജരാവും

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു സുപ്രിംകോടതിയില്‍ ഹാജരാവും. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് കട്ജു ഇക്കാര്യം അറിയിച്ചത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടി എന്തുകൊണ്ട് പുനഃപരിശോധിക്കണമെന്ന് നവംബര്‍ 11ന് രണ്ടു മണിക്ക് ഹാജരായി വിശദീകരിക്കുമെന്ന് കട്ജു പറഞ്ഞു. ഇതുസംബന്ധിച്ച സുപ്രിംകോടതിയുടെ നോട്ടീസ് ലഭിച്ചതായും കട്ജു വ്യക്തമാക്കി.
ഗോവിന്ദച്ചാമിക്കെതിരായ കൊലപാതക കുറ്റം റദ്ദാക്കിയതിനെതിരായ പുനഃപരിശോധനാ ഹരജിയില്‍ അന്തിമവാദം പൂര്‍ത്തിയായ ശേഷമാണ് കോടതി ഇക്കാര്യത്തില്‍ കട്ജുവിന്റെ വിശദീകരണം കൂടി കേള്‍ക്കാമെന്നു തീരുമാനിച്ചത്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലപാതക കുറ്റം റദ്ദാക്കിയ ഉത്തരവില്‍ തെറ്റുണ്ടെന്നു ചൂണ്ടിക്കാട്ടി കട്ജു ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് കോടതി പുനഃപരിശോധനാ ഹരജിയായി പരിഗണിക്കുകയായിരുന്നു. ഉത്തരവിലുള്ള തെറ്റുകള്‍ സംബന്ധിച്ച് സംവാദത്തിനു തയ്യാറാണെന്നു വ്യക്തമാക്കിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്, കട്ജു നേരിട്ടു ഹാജരായി വാദങ്ങള്‍ ഉന്നയിക്കണമെന്നും അഭ്യര്‍ഥിക്കുകയായിരുന്നു.
സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫേസ്ബുക്കിലെയോ ഏതെങ്കിലും മാധ്യമങ്ങളിലെയോ പരസ്യ വിമര്‍ശനം ഹരജിയായി പരിഗണിക്കുന്നത്. സുപ്രിംകോടതിയിലെ മുന്‍ ജഡ്ജിയെ നോട്ടീസ് അയച്ച് കോടതിയിലേക്കു ക്ഷണിക്കുന്നതും ആദ്യമാണ്. തനിക്ക് കോടതിയില്‍ ഹാജരാവാന്‍ നിയമപരമായി തടസ്സമുണ്ടെന്നും അതിനാല്‍ ഹാജരാവില്ലെന്നുമായിരുന്നു കട്ജുവിന്റെ ആദ്യ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക