സൗമ്യ വധക്കേസ്: കട്ജു ഇന്ന് കോടതിയില്‍ ഹാജരാവും
Published : 11th November 2016 | Posted By: SMR
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരായ കൊലപാതക കുറ്റം റദ്ദാക്കിയതിനെതിരായ പുനപ്പരിശോധനാ ഹരജിയില്‍ സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഇന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുമ്പാകെ ഹാജരാവും. ഇന്ന് രണ്ടുമണി—ക്ക് കോടതിയില്‍ ഹാജരാവുമെന്ന് കട്ജു അറിയിച്ചു. കട്ജുവിന്റെ നിലപാട്കൂടി കേട്ട ശേഷം കോടതി വിധി പുറപ്പെടുവിക്കും. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ജഡ്ജിയോട് കോടതിയില്‍ ഹാജരായി തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ കോടതി ആവശ്യപ്പെടുന്നത്.
ഗോവിന്ദച്ചാമിക്കെതിരായ കൊലപാതക കുറ്റം റദ്ദാക്കിയ കോടതിയുടെ നടപടിയില്‍ തെറ്റുണ്ടെന്നു ചൂണ്ടിക്കാട്ടി കട്ജു ഫേസ്ബുക്കിലിട്ട കുറിപ്പ് പുനപ്പരിശോധന ഹരജിയായി പരിഗണിച്ചാണ് കോടതി കട്ജുവിനോട് ഹാജരാവാന്‍ അഭ്യര്‍ഥിച്ചത്. കോടതി—ക്ക് തെറ്റുപറ്റിയെന്ന മുന്‍ നിലപാട് കട്ജു ഇന്നലെയും ഫേസ്ബുക്ക് കുറിപ്പില്‍ ആവര്‍ത്തിച്ചു.
ന്യായാധിപന്മാരും മനുഷ്യരാണ്; അവര്‍ക്കും തെറ്റുപറ്റാം. എന്നാല്‍, തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണെന്ന് കട്ജു പുതിയ പോസ്റ്റില്‍ പറയുന്നു. കേസ് വിശാല ബെഞ്ചിന് വിടുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോസ്റ്റിലുണ്ട്. നേരത്തേ തനിക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും അത് പിന്നീട് വിശാല ബെഞ്ചിലേക്ക് കൈമാറിയെന്നും കട്ജു പറഞ്ഞു. നേരത്തേ കേസില്‍ ഹാജരാവാന്‍ കട്ജു വിസമ്മതിച്ചിരുന്നു. കോടതിവിധിയെ വിമര്‍ശിച്ചതിന് തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍, നോട്ടീസ് കിട്ടിയപ്പോഴാണ് കോടതി പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അഭ്യര്‍ഥിക്കുകയാണെന്ന് മനസ്സിലായതെന്നും കട്ജു പിന്നീട് വ്യക്തമാക്കി. ഹാജരാവാമെന്ന് സമ്മതിക്കുകയും ചെയ്തു. കോടതിക്ക് വഹിക്കാന്‍ കഴിയാത്ത ജോലിഭാരമാണുള്ളത്. അതുകൊണ്ടാവും കേസില്‍ തെറ്റുവരുത്തിയത്. എല്ലാവരും മനുഷ്യരാണ്. തെറ്റുപറ്റും. മാന്യന്മാര് പറ്റിയ തെറ്റുസമ്മതിക്കുകയും തിരുത്തുകയും ചെയ്യും. ജഡ്ജിമാര്‍ക്കും ഇത് ബാധകമാണ്. തനിക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും കേസ് എടുത്തുദ്ധരിച്ച് കട്ജു പറഞ്ഞു. അത് തിരുത്താന്‍ മടികാട്ടിയിട്ടില്ലെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
സുപ്രിംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച വിചാരണക്കോടതി ജഡ്ജിയും കേസന്വേഷിച്ച ഉദ്യോഗസ്ഥയും ഒരുമിച്ച് കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത് ഇന്ന് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചേക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.