|    May 23 Tue, 2017 4:08 pm
FLASH NEWS

സൗമ്യ വധക്കേസ്: ആഭ്യന്തര വകുപ്പിന്റേത് ഗുരുതരവീഴ്ച – പ്രതിപക്ഷനേതാവ്

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതാണ് പ്രതിയുടെ വധശിക്ഷ ഒഴിവാകാന്‍ കാരണം. കേസ് പോസ്റ്റ് ചെയ്യുമ്പോള്‍ സ്റ്റാന്റിങ് കോണ്‍സല്‍ ആഭ്യന്തര വകുപ്പിന് വിവരം അറിയക്കണമെന്നാണ് ചട്ടം. എന്നാല്‍, ഒരു വിവരവും അറിയിച്ചില്ല. ആഭ്യന്തര വകുപ്പിന് ഗുരുതരമായ വീഴ്ചയാണുണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്തിക്കുന്നതിന് ജസ്റ്റിസ് തോമസ് പി ജോസഫിന്റെ നേതൃത്വത്തില്‍ മികച്ച സംവിധാനമാണ് ഒരുക്കിയിരുന്നത്. അത് സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മദ്യനയം ഘട്ടംഘട്ടമായി അട്ടിമറിക്കാനുള്ള സൂത്രപ്പണിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ആദ്യപടിയാണ് വര്‍ഷം തോറും പത്ത് ശതമാനം ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന നിബന്ധന ഉപക്ഷിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് മദ്യരാജാക്കന്‍മാരില്‍ നിന്ന് വാങ്ങിയ പണത്തിന് പ്രതിഫലം കൊടുക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ നടക്കുന്ന എടിഎം തട്ടിപ്പുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലിസ് പൂര്‍ണ പരാജയമാണ്. പോലിസില്‍ സൈബര്‍ സെല്‍ പ്രവര്‍ത്തനരഹിതമായി. സംസ്ഥാന പോലിസ് അന്വേഷണത്തില്‍ പൂര്‍ണമായും പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ സിപിഎമ്മും ബിജെപിയും ആയുധം താഴെവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന കക്ഷിയും സംസ്ഥാനം ഭരിക്കുന്ന കക്ഷിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കുന്നു.
നിസ്സഹായരായ ആളുകളെ തടഞ്ഞ് നിര്‍ത്തി പടമെടുത്ത് പാര്‍ട്ടി നേതാക്കള്‍ക്കയച്ചു കൊടുത്ത് ആളെ ഉറപ്പാക്കി കൊല്ലുന്നവരാണ് വധശിക്ഷ വേണമോ വേണ്ടയോ എന്ന് തര്‍ക്കിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്ത് ലീഗ് പ്രവര്‍ത്തകനെ കൊല ചെയ്ത കേസില്‍ അന്വേഷണം എങ്ങും എത്തിയിട്ടില്ല. ആ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ അന്വേഷണം എത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ഈമാസം 22ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമാധാനസംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day