|    Aug 19 Sat, 2017 6:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സൗമ്യ കേസ്: സര്‍ക്കാരിന്റെ വീഴ്ച സുപ്രിംകോടതിയും ശരിവച്ചുചെന്നിത്തല

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന സുപ്രിംകോടതി പരാമര്‍ശത്തോടെ കേസിലെ സര്‍ക്കാരിന്റെ പിടിപ്പുകേട് സുപ്രിംകോടതിയും ശരിവച്ചിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് പഠിക്കാന്‍ ഇനിയും സമയം വേണമെന്ന സര്‍ക്കാര്‍ വാദം വിചിത്രമാണ്.
ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവാക്കിക്കൊണ്ട്  സുപ്രിംകോടതി നടത്തിയ വിധിപ്രസ്താവം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ തുറന്ന കോടതിയില്‍ കേസ് കേള്‍ക്കാന്‍ സുപ്രിംകോടതി സന്നദ്ധമായത് തന്നെ അത്യപൂര്‍വമാണ്. കേസിന്റെ ഗൗരവം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് സുപ്രിംകോടതി ഇത് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ അതിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല എന്നതിന്റെ തെളിവാണ് കേസ് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
സൗമ്യ കേസ് നടത്തിപ്പില്‍ സംസ്ഥാനസര്‍ക്കാരും പ്രോസിക്യൂഷനും ഉണ്ടായ വീഴ്ചകാരണമാണ് ഗോവിന്ദച്ചാമിക്കുള്ള വധശിക്ഷ ഒഴിവായത്. എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ അതില്‍ നിന്നു പാഠംപഠിച്ചിട്ടില്ലെന്നാണു പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സൗമ്യ വധക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണു വിചാരണക്കോടതിയിലും ഹൈക്കോടതിയിലും പ്രതിക്കു വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ഈ ജാഗ്രത സുപ്രിംകോടതിയില്‍ പുലര്‍ത്താന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക