|    Jun 25 Mon, 2018 1:52 pm
Home   >  Todays Paper  >  Page 1  >  

സൗമ്യ കേസ്: പുനപ്പരിശോധനാ ഹരജി തള്ളി; കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി

Published : 12th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി.
ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും വധശിക്ഷ റദ്ദാക്കി നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ എന്തെങ്കിലും പിഴവുണ്ടെന്ന് തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല സി പാന്ത്, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കോടതിയിലേക്കു വിളിച്ചുവരുത്തിയ സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ അദ്ദേഹത്തിന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിച്ച കോടതി, അത് മുഴുവനും കേട്ടശേഷമാണ് വിധി പ്രസ്താവിച്ചത്. കട്ജുവും കോടതിയും ഏറ്റുമുട്ടിയത് നാടകീയരംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഉത്തരവിനെ വിമര്‍ശിച്ച കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടിക്കും ഉത്തരവിട്ടു.
നേരിട്ടെത്തി വിധിയിലെ തെറ്റുകള്‍ സംബന്ധിച്ചു വിശദീകരണം നല്‍കാന്‍ കോടതി തന്നെ ആവശ്യപ്പെട്ടതുപ്രകാരമാണ് കട്ജു ഇന്നലെ കോടതിയിലെത്തിയത്. സൗമ്യയെ തള്ളിയിട്ടതാണോ അല്ലയോ എന്ന കാര്യം പ്രസക്തമല്ലെന്നും ആ സാഹചര്യത്തില്‍ സൗമ്യക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നുവെന്നും കട്ജു ചൂണ്ടിക്കാട്ടി. അതിനാല്‍ ചാടിയാല്‍ തന്നെ തള്ളിയിട്ടതിനു സമമാണെന്നും അതില്‍ പ്രതിയുടെ റോള്‍ തള്ളിക്കളയാനാവാത്തതാണെന്നും ആയതിനാല്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും കട്ജു പറഞ്ഞു.
കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനാണ്.  പ്രതിയുടെ വധശിക്ഷ റദ്ദാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയ നാലാമത്തെയും 40ാമത്തെയും സാക്ഷിമൊഴികള്‍ പരിഗണിക്കേണ്ടതില്ല. പേരോ വിലാസമോ ഇല്ലാത്ത ഒരാള്‍ പറയുന്ന കാര്യം തെളിവായി പരിഗണിക്കാനുമാവില്ല. കൊലക്കുറ്റം ചുമത്തുന്നതിന് തെളിവുകള്‍ക്കപ്പുറം സാമാന്യബുദ്ധിയും മാനുഷിക പരിഗണനയും ഉപയോഗിക്കണം .കൊല്ലണമെന്ന് ഉദ്ദേശ്യമില്ലെങ്കിലും പ്രതിയുടെ ചെയ്തിമൂലം മരണം സംഭവിച്ചാല്‍ കൊലക്കുറ്റം നിലനില്‍ക്കും . പ്രതി അപായപ്പെടുത്തുമെന്ന് ഉറപ്പുള്ളതിനാല്‍ പുറത്തുചാടുകയല്ലാതെ സൗമ്യക്കു വേറെ നിവൃത്തിയില്ല. അതിനാല്‍ ഒന്നാമത്തെയും രണ്ടാമത്തെയും മുറിവിന്റെ ഉത്തരവാദിയും ഗോവിന്ദച്ചാമി തന്നെയാണെന്നും കട്ജു വാദിച്ചു. ഇത്  കോടതി മുഖവിലയ്‌ക്കെടുത്തില്ല.  തെളിവാണ് വേണ്ടതെന്നും നിയമത്തില്‍ നിന്നു മാറി നിഗമനം നടത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഗൊഗോയ് പ്രതികരിച്ചു.
പിന്നീട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയും വാദമുഖങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്നാണ് പുനപ്പരിശോധനാ ഹരജികള്‍ തള്ളുകയാണെന്നു കോടതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇനി എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി കട്ജുവിനോട് ചോദിച്ചു. അപ്പോഴും കോടതി വിധിയോടുള്ള തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനു പിന്നാലെ വിധിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.
നേരത്തേ വാദം നടന്നപ്പോഴും മനപ്പൂര്‍വമുള്ള കൊലപാതകം എന്ന കുറ്റം ചുമത്തുകയാണെങ്കില്‍ അതിനു വസ്തുനിഷ്ഠമായ തെളിവുകള്‍ ആവശ്യമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ കൈയില്‍ ശക്തമായ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss