|    Jan 21 Sat, 2017 11:55 am
FLASH NEWS

സൗമ്യ കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപ്പരിശോധനാ ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ഹരജി നല്‍കിയത്.
സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ഹരജി പരിഗണിച്ച് അസാധാരണമായാണ് കേസില്‍ തുറന്ന വാദം കേള്‍ക്കാമെന്നു കോടതി സമ്മതിച്ചത്. അതീവപ്രാധാന്യമുള്ള കേസുകളില്‍ മാത്രമാണ് പുനപ്പരിശോധനാ ഹരജികള്‍ മുമ്പ് തുറന്ന കോടതിയില്‍ പരിഗണിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, യു യു ലളിത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
വധശിക്ഷ സംബന്ധിച്ച പുനപ്പരിശോധനാ ഹരജികള്‍ ജഡ്ജിമാരുടെ ചേംബറില്‍ വാദംകേള്‍ക്കുന്നതാണ് സുപ്രിംകോടതിയുടെ കീഴ്‌വഴക്കം. ഗുരുതരമായ നിയമപ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രമേ ഇത്തരം കേസുകള്‍ തുറന്ന കോടതികളില്‍ വാദം കേള്‍ക്കാറുള്ളൂ. കഴിഞ്ഞമാസം കേസ് പരിഗണിക്കുന്നതിനിടെ ഗോവിന്ദച്ചാമിയാണ് സൗമ്യയെ തള്ളിയിട്ടുകൊന്നതെന്നു തെളിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ രാവിലെ 10.30ന് കേസ് പരിഗണിച്ചയുടന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കേസ് തുറന്ന കോടതിയില്‍ വാദംകേള്‍ക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മറിച്ചൊന്നും ചോദിക്കാതെ തന്നെ കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്ന് സൗമ്യയുടെ അമ്മ നല്‍കിയ അപേക്ഷയും കോടതി അംഗീകരിച്ചു. നേരത്തേ നടത്തിയ വാദത്തില്‍ പിഴവുകളുണ്ടായെന്നും ചില വസ്തുതകള്‍ സുപ്രിംകോടതി പരിഗണിച്ചില്ലെന്നും രണ്ടു ഹരജികളും പറയുന്നു.
302ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തി കീഴ്‌ക്കോടതികള്‍ വിധിച്ച വധശിക്ഷ പുനസ്ഥാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. ട്രെയിനില്‍ നിന്ന് സൗമ്യയെ തള്ളിയിട്ടതും പിന്നീട് മരണകാരണമായ മുറിവുണ്ടാക്കിയതും ഗോവിന്ദച്ചാമിയാണെന്നതിനു വ്യക്തമായ തെളിവുകളുണ്ട്.
ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്താനായിരുന്നു പ്രതി ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം സാഹചര്യത്തെളിവുകളില്‍ നിന്ന് വ്യക്തമാണ്. രക്ഷപ്പെടാനായി സൗമ്യ ട്രെയിനില്‍ നിന്ന് സ്വയം പുറത്തേക്കു ചാടിയെന്ന സഹയാത്രക്കാരായ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ സൗമ്യയെ ട്രെയിനിനുള്ളില്‍ വച്ചു തന്നെ ഗോവിന്ദച്ചാമി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.
സൗമ്യയുടെ ശരീരത്തിലുണ്ടായിരുന്ന മൂന്നു മുറിവുകളാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുണ്ട്. ട്രെയിനില്‍ നിന്ന് വീണതുമൂലമുണ്ടായ രണ്ടാമത്തെ മുറിവ് അവഗണിച്ചാലും കൊലക്കുറ്റത്തില്‍ നിന്ന് പ്രതിയെ ഒഴിവാക്കാനാവില്ല. സൗമ്യ സ്വയം ചാടിയതാണെങ്കിലും മരണകാരണമായ മറ്റ് രണ്ടു ഗുരുതര മുറിവുകള്‍ ഗോവിന്ദച്ചാമി ഉണ്ടാക്കിയതാണ്. ഇതെല്ലാം പരിഗണിച്ച് കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആത്മരക്ഷാര്‍ഥം ട്രെയിനില്‍ നിന്ന് ചാടിയതാണെങ്കിലും പ്രതിക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന 1980ലെ ജോഗീന്ദര്‍ സിങ് കേസിലെ വിധിയും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം എട്ടിന് വധശിക്ഷ ചോദ്യംചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ, പ്രതി സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന ചോദ്യത്തിനു മുന്നില്‍ പ്രോസിക്യൂഷനു മറുപടിയില്ലായിരുന്നു. ഇതോടെ സുപ്രിംകോടതി പ്രതിക്കു മേലുള്ള കൊലക്കുറ്റം ഒഴിവാക്കി പകരം ബലാല്‍സംഗത്തിനുള്ള ജീവപര്യന്തം ശിക്ഷ നിലനിര്‍ത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക