|    May 23 Tue, 2017 11:04 am
FLASH NEWS

സൗമ്യ കേസ്: കട്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഹരജിയായി പരിഗണിച്ചു

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കിയതിനെതിരേ നല്‍കിയ പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി നവംബര്‍ 11ലേക്ക് മാറ്റി. കൊലക്കുറ്റം റദ്ദാക്കിയ ഉത്തരവില്‍ തെറ്റുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കിലിട്ട കുറിപ്പ് പുനപ്പരിശോധനാ ഹരജിയായി പരിഗണിക്കുമെന്നു കോടതി അറിയിച്ചു.
ഉത്തരവിലുള്ള തെറ്റുകള്‍ സംബന്ധിച്ച് സംവാദത്തിനു തയ്യാറാണെന്നു വ്യക്തമാക്കിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, കട്ജു നേരിട്ടു ഹാജരായി വാദങ്ങള്‍ ഉന്നയിക്കണമെന്നും അഭ്യര്‍ഥിച്ചു. ഇക്കാര്യം വ്യക്തമാക്കി ജസ്റ്റിസ് കട്ജുവിനു നോട്ടീസയച്ചു. തുടര്‍ന്നാണ് കേസ് നവംബര്‍ 11ലേക്ക് മാറ്റിയത്. അതേസമയം, കോടതിയില്‍ ഹാജരാവില്ലെന്ന് കട്ജു പറഞ്ഞു. ഭരണഘടനാപരമായ തടസ്സങ്ങളുണ്ടെന്നും ആര്‍ട്ടിക്കിള്‍ 124(7) പ്രകാരമാണ് ഹാജരാവാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫേസ്ബുക്കിലെയോ ഏതെങ്കിലും മാധ്യമങ്ങളിലെയോ പരസ്യ വിമര്‍ശനം ഹരജിയായി പരിഗണിക്കുന്നത്. സുപ്രിംകോടതിയിലെ മുന്‍ ജഡ്ജിയെ നോട്ടീസയച്ച് കോടതിയിലേക്കു ക്ഷണിക്കുന്നതും ആദ്യമാണ്.
അതേസമയം, സുപ്രിംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി, ഇക്കാര്യത്തില്‍ പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചു. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്നും ഇതു ട്രെയിനിനുള്ളില്‍ വച്ച് സൗമ്യയുടെ തലയിലേറ്റ ഒന്നാമത്തെ പ്രധാന മുറിവില്‍നിന്നു വ്യക്തമാണെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചു. എന്നാല്‍, സാക്ഷിമൊഴികള്‍ ഈ വാദത്തിനെതിരാണെന്ന മുന്‍ നിലപാട് കോടതി ആവര്‍ത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day