|    Jun 23 Fri, 2017 10:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സൗമ്യ കേസില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ നിയമോപദേശം

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ തിരുത്തല്‍ ഹരജി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയുടെ നിയമോപദേശം. ഇതുസംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇന്നലെ സുപ്രിംകോടതിയില്‍ വച്ച് മുകുള്‍ രോഹത്ഗിയുമായി ചര്‍ച്ചനടത്തി. തെറ്റുതിരുത്തല്‍ ഹരജി സമര്‍പ്പിച്ചാല്‍ സുപ്രിംകോടതിക്കു പറ്റിയ തെറ്റു ബോധ്യപ്പെടുത്താന്‍ കഴിയും. ഹരജി പരിഗണിച്ച ബെഞ്ചില്‍ കൂടുതല്‍ ജഡ്ജിമാര്‍ ഉള്ളതിനാല്‍ ഉത്തരവ് പുനപ്പരിശോധിക്കാന്‍ സാധ്യത കൂടുതലാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
കേസില്‍ കേരളത്തിനു വേണ്ടി നിയമസഹായം നല്‍കാന്‍ തയ്യാറാണെന്നും മുകുള്‍ രോഹത്ഗി വ്യക്തമാക്കി. അതേസമയം, ഇന്നലെ നടന്നത് അനൗദ്യോഗികവും പ്രാഥമികവുമായ ചര്‍ച്ച മാത്രമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ട്രെയിനില്‍ വച്ച് സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിച്ചതാണു മരണകാരണമായ മുറിവുണ്ടാക്കിയതെന്ന ഒന്നാമത്തെ കാര്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇതും മൂന്നാമതു നടന്ന ലൈംഗികപീഡനവും കോടതി അംഗീകരിച്ചു. എന്നാല്‍ അതിനിടയ്ക്കു നടന്ന ട്രെയിനില്‍ നിന്നു തള്ളിയിട്ട സംഭവം അംഗീകരിക്കാത്ത നടപടി വിധിയിലെ പിഴവാണെന്നു ചൂണ്ടിക്കാട്ടി തെറ്റുതിരുത്തല്‍ ഹരജി നല്‍കാമെന്നാണ് അറ്റോര്‍ണി ജനറലിന്റെ വാദം.
കേസില്‍ സംസ്ഥാനസര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനപ്പരിശോധനാ ഹരജികള്‍ ഈ മാസം 11നു തള്ളിയ ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പ്രഫുല്ല സി പാന്ത്, യു യു ലളിത് എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച്, ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക