|    Dec 14 Fri, 2018 8:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൗമ്യയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 27th August 2018 | Posted By: kasim kzm

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏകപ്രതി സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ച സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിയോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, ജയില്‍ കോംപൗണ്ടിലെ കശുമാവിന്‍ കൊമ്പില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പിണറായി പടിഞ്ഞാറക്കര വണ്ണത്താന്‍കണ്ടി സൗമ്യയുടെ മൃതദേഹം പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചതിനാല്‍ നടപടിക്രമങ്ങള്‍ക്കു ശേഷം നാളെ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണു ജയില്‍ വകുപ്പ് ആലോചിക്കുന്നത്. അതിനിടെ, വനിതാ ജയില്‍ അധികൃതര്‍ക്ക് സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായാണു വിലയിരുത്തുന്നത്. കൊലക്കേസ് പ്രതികളെ പുറംജോലികള്‍ക്കു നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നു വ്യക്തമായിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ഉത്തരമേഖലാ ജയില്‍ ഡിഐജി എസ് സന്തോഷ് ഉടന്‍ കണ്ണൂരിലെത്തും. ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം തന്നെ വനിതാ ജയില്‍ സൂപ്രണ്ട് പ്രാഥമിക റിപോര്‍ട്ട് കൈമാറിയിരുന്നു. ഇതിനുപുറമെ ജയില്‍ റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ വി മുകേഷിനോടും ഡിഐജി റിപോര്‍ട്ട് തേടിയിട്ടുണ്ട്. ജയില്‍ ഡിജിപിക്ക് റിപോര്‍ട്ട് കൈമാറിയാലുടന്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണു സൂചന. ഏതൊരു ജയിലിലും സെല്ലിനു പുറത്ത് തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാവണം. എന്നാല്‍, സൗമ്യയെ കാണാതായതു തന്നെ അറിയാന്‍ ഉദ്യോഗസ്ഥര്‍ വൈകിയിരുന്നു. രാവിലെ ആറിനാണു ജോലിക്കായി തടവുകാരെ സെല്ലില്‍നിന്നു പുറത്തിറക്കിയത്. 7.30നു പ്രഭാത ഭക്ഷണം കഴിച്ചശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30നാണു സൗമ്യയെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹതടവുകാരിയുടെ സാരിയാണ് ഉപയോഗിച്ചതെന്നാണു ജയില്‍ അധികൃതരുടെ വിശദീകരണം. റിമാന്‍ഡ് തടവുകാര്‍ സാധാരണയായി ജയിലിനുള്ളില്‍ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. സഹതടവുകാരിയുടെ വസ്ത്രം എങ്ങനെയാണു സൗമ്യക്കു ലഭിച്ചതെന്നതും അന്വേഷണപരിധിയില്‍ പെടും. സാധാരണയായി ശിക്ഷാ തടവുകാര്‍ക്കു മാത്രമാണ് ജയിലിനുള്ളില്‍ ജോലി നല്‍കുക. എന്നാല്‍, റിമാന്‍ഡ് തടവുകാര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും നല്‍കും. പ്രതിയുടെ മനോനില, ഉള്‍പ്പെട്ട കേസിന്റെ ഗൗരവം എന്നിവ നോക്കിയാണ് ജോലി നല്‍കുന്ന കാര്യം ജയിലധികൃതര്‍ തീരുമാനിക്കേണ്ടത്. സൗമ്യക്ക് ആദ്യം കുട നിര്‍മാണമായിരുന്നു നല്‍കിയിരുന്നത്. പിന്നീടാണ് ഡയറി ഫാമില്‍ പശുവിനെ നോക്കുന്ന ജോലി നല്‍കിയത്. ആത്മഹത്യാ കുറിപ്പും പോലിസ് വിശദമായി പരിശോധിക്കും. മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യയെ വെള്ളിയാഴ്ച രാവിലെയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss