|    Sep 25 Tue, 2018 4:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൗമ്യയുടെ ആത്മഹത്യ: ഉത്തര മേഖലാ ജയില്‍ ഡിഐജി തെളിവെടുത്തു

Published : 30th August 2018 | Posted By: kasim kzm

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താന്‍കണ്ടി സൗമ്യ (28) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഉത്തര മേഖലാ ജയില്‍ ഡിഐജി എസ് സന്തോഷ് തെളിവെടുപ്പ് നടത്തി. ജയില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായി അദ്ദേഹം കണ്ടെത്തി. ആകെയുള്ള 19 തടവുകാരികളില്‍ നിന്നും 20 ജീവനക്കാരില്‍ നിന്നും തെളിവെടുത്തു. വിശദമായ അന്വേഷണ റിപോര്‍ട്ട് അടുത്ത ദിവസം ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച റീജ്യനല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ വി മുകേഷ് കഴിഞ്ഞ ദിവസം ഡിഐജിക്ക് റിപോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നു മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
സംഭവദിവസം ജയില്‍ സൂപ്രണ്ട് കെ ശകുന്തള അവധിയിലായിരുന്നതിനാല്‍ അസിസ്റ്റന്റ് സൂപ്രണ്ട് കെ രമയ്ക്കായിരുന്നു ചുമതല. ആര്‍ത്തവ സമയമായതിനാല്‍ ടോയ്‌ലറ്റിലേക്ക് പോവുന്നുവെന്നു പറഞ്ഞാണ് മരിക്കുന്നതിനു മുമ്പ് സൗമ്യ മറ്റുള്ളവരെ ഒഴിവാക്കി ടോയ്‌ലറ്റിന്റെ ഭാഗത്തേക്ക് പോയതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. ആത്മഹത്യ ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് സൗമ്യ ജയില്‍ ഉദ്യോഗസ്ഥരോടും സഹതടവുകാരോടും സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നുള്ള ചുരുങ്ങിയ സമയത്തിനുള്ളിലായിരിക്കാം കണ്ണുവെട്ടിച്ച് സൗമ്യ ജീവനൊടുക്കിയതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍, കൊലക്കേസ് പ്രതികളെ പുറം ജോലിക്ക് നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായില്ല. സെല്ലിന് പുറത്ത് തടവുകാരെ ജോലിക്ക് വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാവണമെന്നാണ് ചട്ടം. സൗമ്യയുടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യക്കുറിപ്പിലെ കൈയക്ഷരം പോലിസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss