|    May 23 Tue, 2017 10:28 pm
FLASH NEWS

സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി സന്ദേശം

Published : 19th September 2016 | Posted By: mi.ptk

saumya-mother

തൃശൂര്‍: തീവണ്ടി യാത്രയ്ക്കിടെ ബലാല്‍സംഘത്തിനിരയായികൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് ഘാതകന്‍ ഗോവിന്ദച്ചാമിയുടെ അനുയായിയുടെ ഭീഷണി. ഷൊര്‍ണൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധശിക്ഷയില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിവാക്കി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് സുമതിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചത്. ഗോവിന്ദച്ചാമിക്കെതിരേ സംസാരിക്കുകയോ നീങ്ങുകയോ ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു തമിഴ് ചുവയുള്ള മലയാളത്തില്‍ ഫേണില്‍ വന്ന ഭീഷണി. എതിരായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്താല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ആലുവയില്‍ നിന്നാണ് വിളിക്കുന്നതെന്നും അജ്ഞാതന്‍ പറഞ്ഞതായി സുമതി ഷൊര്‍ണൂര്‍ പോലിസില്‍ മൊഴിനല്‍കി. ശനിയാഴ്ച രാത്രി എട്ടു മണിയോടേയാണ് ഷൊര്‍ണൂരിനടുത്ത കവളപ്പാറയിലെ വീട്ടിലെ ഫോണിലേക്ക്  ഭീഷണി സന്ദേശം വന്നത്. രണ്ടു പോലിസുകാര്‍ ഈ വീട്ടില്‍ കാവലുണ്ട്. വിവരമറിഞ്ഞെത്തിയ ഷൊര്‍ണൂര്‍ പോലിസാണ് സൗമ്യയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. സൈബര്‍ സഹായത്തോടെ ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാവുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. ഇന്നലെ ഉച്ചയോടെ തന്നെ സന്ദര്‍ശിക്കാനെത്തിയ കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദീഖിനോടാണ് സുമതി ഭീഷണിയുടെ കാര്യ ആദ്യം പറഞ്ഞത്. സുമതിയുടെ സഹായി പരമേശ്വരനും ഇക്കാര്യം സ്ഥിരീകരിച്ചു. ഭീഷണി ഫോണ്‍ സന്ദേശത്തിന്റെ കാര്യം ടെലഫോണ്‍ വഴി ഡിജിപി ലോക്‌നാഥ് ബെഹറയെ സിദ്ദീഖ് അപ്പോള്‍ തന്നെ അറിയിച്ചിട്ടുണ്ട്. സുമതിയുടെ സുരക്ഷയ്ക്കായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സിദ്ദീഖ് തേജസിനോട് പറഞ്ഞു. വീടിനു മുന്നില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുമെന്നും ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഇന്നലെ തന്നെ സന്ദര്‍ശിക്കാനെത്തിയവരോടെല്ലാം സൗമ്യയുടെ അമ്മ ഭീഷണി ഫോണിനെ കുറിച്ചാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. സിദ്ദീഖിനൊപ്പം സുമതിയെ ആശ്വസിപ്പിക്കാനെത്തിയവരില്‍ ഷൊര്‍ണൂര്‍ മുന്‍ കൗണ്‍സിലര്‍ വി ആനന്ദും പട്ടാമ്പി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ ഉമ്മര്‍, ബാപ്പു എന്നിവരും ഉണ്ടായിരുന്നു. ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി വന്ന ഉടനെ തന്റെ മകളുടെ ഘാതകന് തൂക്കുകയര്‍ ലഭിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സുമതിയും സൗമ്യയുടെ സഹോദരനും വ്യക്തമാക്കിയിരുന്നു. ഇതിനു വേണ്ടി ഏതറ്റം വരെ പോകുമെന്നും അവര്‍ പറഞ്ഞിരുന്നു. അമ്മയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് റിവിഷന്‍ പെറ്റീഷനും വിധിയിലെ പിഴവുകള്‍ തിരുത്താനുള്ള അപേക്ഷയും സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മകളുടെ ഘാതകന്‍ തൂക്കു കയറില്‍ നിന്നു രക്ഷപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ജീവനൊടുക്കുമെന്നും സുമതി പ്രഖ്യാപിച്ചിരുന്നു. പിഴവ് തിരുത്തല്‍ ഹരജിയില്‍ ഗോവിന്ദച്ചാമിക്ക് വീണ്ടും തൂക്കു കയര്‍ ലഭിക്കുമെന്നാണ് ഉന്നത നിയമ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൗമ്യ വധത്തിന് ഗോവിന്ദച്ചാമിക്ക് പിന്നില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഫോണ്‍ സന്ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day