|    Sep 24 Sun, 2017 5:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൗദി: 48 മണിക്കൂറിനകം പ്രശ്‌നപരിഹാരം

Published : 4th August 2016 | Posted By: SMR

ജിദ്ദ/റിയാദ്: സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കും. തൊഴില്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം വിവിധ പ്രവിശ്യകളിലുള്ള ഗവര്‍ണറേറ്റുകള്‍ തുടങ്ങിയ വകുപ്പില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണു സമിതി. കമ്പനിയുടെ കരാര്‍ തുകയില്‍നിന്നു പണം പിടിച്ചെടുത്ത് തൊഴിലാളികള്‍ക്കു നല്‍കുമെന്നും 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ മന്ത്രാലയം മക്ക മേഖലാ മേധാവി അബ്ദുല്ല അല്‍ ഉലയാന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണു കടുത്ത നടപടികളുമായി മന്ത്രാലയം മുന്നോട്ടുവന്നത്. ഓജര്‍ കമ്പനിയുടെ കീഴിലുള്ള 2,500 തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനു തൊഴില്‍മന്ത്രി ഡോ. മുഫ്‌രിജ് അല്‍ഹഖ്ബാനി പ്രത്യേക ഉത്തരവിറക്കിയിരുന്നതായി അബ്ദുല്ല അല്‍ ഉലയാന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വേണ്ടവര്‍ക്ക് അതിനു സൗകര്യമൊരുക്കും. ഇഖാമ കാലാവധി അവസാനിച്ചവരുടെ ഇഖാമ പുതുക്കിനല്‍കും. ഇതിനായി മൂന്നുമാസത്തേക്കുള്ള താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കും. ഫൈനല്‍ എക്‌സിറ്റ് വിസയില്‍ നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കും.
അതേസമയം, പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിനു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൗദിയിലെത്തി. അദ്ദേഹം ഇന്നലെ സൗദി തൊഴില്‍മന്ത്രി ഡോ. മുഫ്‌രിജ് അല്‍ഹഖ്ബാനിയുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി. ജിദ്ദ, മക്ക, ദമ്മാം, റിയാദ് തുടങ്ങി പ്രവിശ്യകളിലെ ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വി കെ സിങ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ക്യാംപുകളില്‍  ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കും.
ശമ്പള കുടിശ്ശികയുള്ളവരുടെ കേസ് രജിസ്റ്റര്‍ ചെയ്യല്‍,  സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍ എന്നിങ്ങനെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും വി കെ സിങ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക