|    Nov 22 Thu, 2018 12:02 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സൗദി മറുപടി പറയേണ്ട ചോദ്യങ്ങള്‍

Published : 6th November 2018 | Posted By: kasim kzm

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

തുര്‍ക്കി പ്രസിഡന്റ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനം:

കഥ ഇപ്പോള്‍ ഏവര്‍ക്കും അറിയാം. സൗദി പത്രപ്രവര്‍ത്തകനും ഗൃഹനാഥനുമായ ജമാല്‍ ഖഷഗ്ജി തന്റെ വിവാഹം സംബന്ധിച്ച ചില രേഖകള്‍ ലഭിക്കുന്നതിനായി ഒക്ടോബര്‍ 2ന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കടന്നുചെല്ലുന്നു. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല; പുറത്തു കാത്തുനില്‍ക്കുന്ന പ്രതിശ്രുത വധു പോലും.
കഴിഞ്ഞ ഒരു മാസമായി തുര്‍ക്കി അധികൃതര്‍ ഈ സംഭവത്തിന്റെ എല്ലാ വശങ്ങളിലും വെളിച്ചം വീശുന്നതിനായി നെട്ടോട്ടമോടുകയായിരുന്നു. നമ്മുടെ ശ്രമങ്ങളുടെ ഫലമായി ഖഷഗ്ജിയെ ഒരു കൊലയാളിസംഘം നിഷ്ഠുരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇന്നു ലോകം അറിയുന്നു.
എന്നാല്‍, തീര്‍ത്തും അപലപനീയമായ ഈ സംഭവത്തെക്കുറിച്ചു കൂടുതല്‍ നല്ല ധാരണയുണ്ടാവാന്‍ അത്രതന്നെ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. ഖഷഗ്ജിയുടെ മൃതദേഹത്തിന് എന്തു പറ്റി? ആരാണ് സൗദികളുമായി പ്രാദേശികമായി സഹകരിച്ചവര്‍? തങ്ങള്‍ അവര്‍ക്ക് മൃതദേഹം കൈമാറിയെന്നു സൗദികള്‍ പറയുന്നു. ആ നല്ല മനുഷ്യനെ കൊല്ലാന്‍ ആരാണ് ഉത്തരവിട്ടത്? നിര്‍ഭാഗ്യവശാല്‍ സൗദി അധികാരികള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഇന്നുവരെ തയ്യാറായിട്ടില്ല.
സൗദി അറേബ്യ തടങ്കലില്‍ വച്ച 18 പേരില്‍ പെട്ടവരാണ് അക്രമികള്‍ എന്നു ഞങ്ങള്‍ക്കറിയാം. ഖഷഗ്ജിയെ കൊല്ലുക, സ്ഥലം വിടുക- തങ്ങള്‍ക്ക് ലഭിച്ച ഈ കല്‍പനകള്‍ നിറവേറ്റാനാണ് അവര്‍ വന്നത്. സൗദി ഭരണകൂടത്തിലെ ഉന്നതരില്‍ നിന്നാണ് ആ കല്‍പന വന്നതെന്നും ഇപ്പോള്‍ നമുക്ക് അറിയാം.
കാലം ചെല്ലുന്നതോടെ ഈ ‘പ്രശ്‌നം’ തേഞ്ഞുമാഞ്ഞുപോവുമെന്ന് ചിലര്‍ കരുതുന്ന പോലെയുണ്ട്. തുര്‍ക്കിയിലെ കുറ്റാന്വേഷണത്തിനു നിര്‍ണായകമായതിനാല്‍ മാത്രമല്ല, ഖഷഗ്ജിയുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി കൂടിയാണ് ഞങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. കൊല നടന്ന് ഒരു മാസം കഴിഞ്ഞിട്ടും മൃതദേഹത്തിന് എന്തു പറ്റിയെന്ന് ആര്‍ക്കും അറിയില്ല. ഇസ്‌ലാമിക മര്യാദ അനുസരിച്ചുള്ള ഖബറടക്കം അദ്ദേഹം അര്‍ഹിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വാഷിങ്ടണ്‍ പോസ്റ്റിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ഈ മാന്യദേഹത്തോട് അന്തിമമായി വിടപറയുകയും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതുവരെ ലോകം ഈ ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതുള്ളതിനാല്‍, ലഭ്യമായ തെളിവുകള്‍ യുഎസ് അടക്കമുള്ള സുഹൃത്തുക്കളും സഖ്യരാഷ്ട്രങ്ങളുമായി ഞങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.
ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതിനായി കാത്തിരിക്കുമ്പോള്‍ തുര്‍ക്കിയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദബന്ധത്തിന് അടിവരയിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു വിശുദ്ധ ദേവാലയങ്ങളുടെ സംരക്ഷകനായ സല്‍മാന്‍ രാജാവ് ഖഷഗ്ജിയെ കൊല്ലാന്‍ ഉത്തരവിടുമെന്ന് ഒരു നിമിഷം പോലും ഞങ്ങള്‍ കരുതുന്നില്ല. അതിനാല്‍ തന്നെ ഈ കൊലപാതകം സൗദി അറേബ്യയുടെ ഔദ്യോഗിക നയമാണെന്നും ഞങ്ങള്‍ കരുതുന്നില്ല. കൊലപാതകം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല താനും.
എന്നാല്‍ അതേയവസരം, ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ വിവരങ്ങള്‍ നമുക്കു മുമ്പില്‍ ഇതള്‍ വിരിയുമ്പോള്‍ സൗദി അറേബ്യയുമായുള്ള ദീര്‍ഘകാല ബന്ധത്തിന്റെ പേരില്‍ അവയ്ക്കു നേരെ കണ്ണടയ്ക്കുക സാധ്യമല്ല. ഖഷഗ്ജിയുടെ മരണം ദുര്‍ഗ്രഹമായിരിക്കുന്നു. യുഎസിലോ മറ്റേതെങ്കിലും രാജ്യത്തോ ആണ് ഈ ഭീകര സംഭവം നടന്നിരുന്നതെങ്കില്‍ അന്വേഷണം അതിന്റെ അടിത്തട്ടുവരെ എത്തിയേനെ. അതിനാല്‍ തന്നെ മറ്റൊരു രീതിയില്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ തുര്‍ക്കിക്ക് സാധ്യമല്ല.
ഒരു നാറ്റോ സഖ്യരാഷ്ട്രത്തിന്റെ മണ്ണില്‍ അത്തരം ചെയ്തികള്‍ക്ക് ആരും ധൈര്യപ്പെടരുത്. ഈ താക്കീത് അവഗണിക്കാമെന്ന് വല്ലവരും കരുതുന്നുവെങ്കില്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അവര്‍ അനുഭവിക്കും. ഖഷഗ്ജിയുടെ കൊല നയതന്ത്ര ബന്ധങ്ങളെക്കുറിച്ച വിയന്ന കരാറുകളുടെ വ്യക്തമായ ലംഘനവും ദുരുപയോഗവുമാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കാതിരിക്കുന്നത് അപകടകരമായ ഒരു കീഴ്‌വഴക്കമായി മാറും.
നമ്മുടെ നടുക്കത്തിനും ദുഃഖത്തിനും മറ്റൊരു കാരണം കൂടിയുണ്ട്. ചില സൗദി ഉദ്യോഗസ്ഥന്‍മാര്‍ നീതിക്കു വേണ്ടി നിലകൊള്ളുന്നതിനു പകരം ഖഷഗ്ജിയുടെ ആസൂത്രിതമായ കൊല മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം അത്തരമൊരു പെരുമാറ്റമല്ല ആവശ്യപ്പെടുന്നത്. സംശയിക്കപ്പെടുന്ന 18 പേരെ തടങ്കലില്‍ വച്ചിട്ടുണ്ടെങ്കിലും മാധ്യമങ്ങളോട് പച്ചനുണ പറഞ്ഞ് ഉടനെ സ്ഥലം വിട്ട സൗദി കോണ്‍സല്‍ ജനറലിനെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന കാര്യം ഉല്‍ക്കണ്ഠ ഉളവാക്കുന്നു.
അതുപോലെ നിരാശ ഉളവാക്കുന്നതായിരുന്നു സൗദി പബ്ലിക് പ്രോസിക്യൂട്ടറുടെ പെരുമാറ്റവും. സംഭവത്തെ തുടര്‍ന്ന് ഇസ്താംബൂളില്‍ എത്തിയ അദ്ദേഹം അന്വേഷണവുമായി സഹകരിച്ചില്ലെന്നു മാത്രമല്ല, ലളിതമായ ചില ചോദ്യങ്ങള്‍ക്കു വരെ ഉത്തരം പറയാന്‍ വിസമ്മതിക്കുകയും ചെയ്തു. തുര്‍ക്കിയിലെ അന്വേഷകരെ റിയാദ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ച അദ്ദേഹം ബോധപൂര്‍വം അന്വേഷണം വച്ചു താമസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു കരുതാം.
ഒരുകൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുംകൈ എന്നതിന് അപ്പുറത്തേക്കാണ് ഈ കൊലപാതകം വികസിക്കുന്നത്. (പ്രസിഡന്റ് നിക്‌സന്റെ കാലത്തുണ്ടായ) വാട്ടര്‍ ഗേറ്റ് വിവാദം ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫിസില്‍ ചിലര്‍ രഹസ്യമായി കടന്നുചെന്നതല്ല. സപ്തംബര്‍ 11 ചിലര്‍ വിമാനം റാഞ്ചിയതല്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമുള്ള അംഗങ്ങള്‍ എന്ന നിലയില്‍ ഖഷഗ്ജിയുടെ കൊലയ്ക്കു പിന്നില്‍ ആരാണ് ചരടുവലിച്ചതെന്നും, സൗദി ഉദ്യോഗസ്ഥന്‍മാര്‍ ആരില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇതു ചെയ്തതെന്നും ആരാണ് രഹസ്യങ്ങള്‍ മൂടിവയ്ക്കുന്നതെന്നും നാം അറിയേണ്ടതുണ്ട്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss