|    Jan 22 Sun, 2017 5:14 am
FLASH NEWS

സൗദി പ്രശ്‌നം: കേന്ദ്രമന്ത്രി ഇന്ന് ജിദ്ദയില്‍

Published : 2nd August 2016 | Posted By: SMR

നിഷാദ്  അമീന്‍

ജിദ്ദ: സൗദിയിലെ വന്‍കിട കമ്പനികളിലെ പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര പരിഹാരം കാണുന്നതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാത്രി ജിദ്ദയിലെത്തും. തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് അറിയിച്ചു.
58,000 പേര്‍ ജോലിചെയ്യുന്ന സൗദി ഓജര്‍ കമ്പനി അടച്ചുപൂട്ടിയതോടെ ഏഴുമാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ല. ഈ കമ്പനിയുടെ ജിദ്ദ ഉള്‍പ്പെടുന്ന മേഖലയില്‍ 3000ഓളം ഇന്ത്യക്കാരാണ് തൊഴിലെടുക്കുന്നത്. ജോലി നഷ്ടമായ 2,500ഓളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍സുലേറ്റ് ശേഖരിച്ചു.
ഇവരില്‍ ഏതാനും മലയാളികളും ഉള്‍പ്പെടുന്നു. ലേബര്‍ ക്യാംപുകളില്‍ അടുത്ത 10 ദിവസത്തേക്കുള്ള ഭക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. 1,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രമുഖ കമ്പനിയില്‍ ജോലിവാഗ്ദാനം ലഭിച്ചതായും കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി. ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇന്നുരാവിലെ സൗദി തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മന്ത്രി വി കെ സിങ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിശദാംശങ്ങള്‍ തേടും. ഇതിനുശേഷമായിരിക്കും ലേബര്‍ ക്യാംപ് സന്ദര്‍ശനം. ഏതാനും വന്‍കിട കമ്പനി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ തൊഴില്‍മന്ത്രാലയം അനുഭാവപൂര്‍വമായ സമീപനമാണു സ്വീകരിക്കുന്നതെന്ന് ലേബര്‍ കോണ്‍സല്‍ ആനന്ദ്കുമാര്‍ പറഞ്ഞു. തൊഴിലാളികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സൗദിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായം നല്‍കും. നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത്, മൊറോക്കോ, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും കോണ്‍സുലേറ്റുകളും  സൗദി അധികൃതരുമായി ആശയവിനിമയം നടത്തി. പ്രശ്‌നം അതിവേഗം പരിഹരിക്കണമെന്ന് ഫ്രാന്‍സ് അംബാസഡര്‍ സൗദി അധികൃതരോടും സൗദി ഓജര്‍ കമ്പനിയോടും ആവശ്യപ്പെട്ടു.
അതേസമയം, സൗദിയിലെ തൊഴില്‍പ്രതിസന്ധി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായി. ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണികിടക്കേണ്ട സാഹചര്യം വരില്ലെന്നും സൗദിയിലെ ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന നടപടിക്ക് താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
തൊഴിലാളിക്ക് രാജ്യംവിടാന്‍ തൊഴില്‍ദാതാവിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍, കമ്പനി ഓഫിസ് അടച്ചുപൂട്ടി ബന്ധപ്പെട്ടവര്‍  സ്ഥലംവിട്ടിരിക്കുകയാണ്. എക്‌സിറ്റ് വിസ നല്‍കുന്നതിന് സൗദി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. അതിനിടെ, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എംബസി, മലയാളി സംഘടനകള്‍ എന്നിവയെ ഏകോപിപ്പിച്ചും വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ചും  നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക