|    Mar 23 Thu, 2017 11:58 am
FLASH NEWS

സൗദി: പ്രതിസന്ധി തീര്‍ക്കാന്‍ 10 കോടി റിയാല്‍

Published : 9th August 2016 | Posted By: mi.ptk

king salman SA

നിഷാദ്  അമീന്‍
ജിദ്ദ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. സര്‍ക്കാരുമായി വിവിധ കരാറുകളിലേര്‍പ്പെട്ട കമ്പനികളിലെ തൊഴിലാളികള്‍ക്ക് മുടങ്ങിയ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് ധനമന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തൊഴില്‍-സാമൂഹികക്ഷേമ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാജാവ് അടിയന്തരമായി 10 കോടി റിയാല്‍ അനുവദിച്ചു. ഈ തുക സൗദി മോണിറ്ററിങ് ഏജന്‍സി(സാമ)യുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തൊഴില്‍-സാമൂഹികക്ഷേമ മന്ത്രിയുടെ അറിവോടെയാവണം ഈ അക്കൗണ്ടില്‍നിന്ന് തൊഴിലാളികള്‍ക്കു പണം നല്‍കേണ്ടത്. പണം നല്‍കിയ വിവരങ്ങള്‍ ധനമന്ത്രാലയം അതതു കമ്പനികളെ അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുടങ്ങിയ ശമ്പളം നല്‍കിയെന്ന് ഉറപ്പുവരുത്താതെ കമ്പനികള്‍ക്ക് അവകാശപ്പെട്ട കരാര്‍ തുക വകവച്ചുനല്‍കരുത്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം. പണമടയ്ക്കാത്തതിന്റെ പേരിലോ മറ്റോ പാര്‍പ്പിടങ്ങളില്‍ വൈദ്യുതി, ജലവിതരണം നിര്‍ത്തിവച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി പുനസ്ഥാപിക്കണം. ബില്ല് കുടിശ്ശിക ധനമന്ത്രാലയത്തില്‍നിന്ന് അനുവദിക്കേണ്ടതാണ്. പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണവും ചികില്‍സയും നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നടപടി സ്വീകരിക്കണം. നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കും മറ്റു രാജ്യക്കാര്‍ക്കും ടിക്കറ്റ് ലഭ്യമാക്കാന്‍ സൗദി എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം. ഇവര്‍ക്ക് പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ (ജവാസാത്ത്) നിന്ന് എക്‌സിറ്റ് പതിച്ചുനല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. അടിയന്തരമായി നാടുവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സേവനാനന്തര ആനുകൂല്യം ഉള്‍പ്പെടെ അവകാശപ്പെട്ട മുഴുവന്‍ തുകയും അവരുടെ നാടുകളില്‍ എത്തിച്ചുനല്‍കുന്നതിനു നിയമസ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാന്‍ തൊഴില്‍-സാമൂഹികക്ഷേമ, വിദേശമന്ത്രാലയങ്ങളോട് നിര്‍ദേശിച്ചു. ഇതിന്റെ രേഖകള്‍ തൊഴിലാളികള്‍ക്കു നല്‍കണം. ഇന്ത്യക്കാരായ തൊഴിലാളികളുടെ വിഷയത്തില്‍ സൗദി ഭരണകൂടം സ്വീകരിച്ച നടപടി ഇന്ത്യന്‍ അംബാസഡറെ ബോധ്യപ്പെടുത്താന്‍ തൊഴില്‍-സാമൂഹികക്ഷേമ മന്ത്രാലയത്തിന് രാജാവ് നിര്‍ദേശം നല്‍കി. മറ്റു രാജ്യക്കാരുടെ വിഷയത്തിലും ഇതേ നടപടി പാലിക്കണം. ഇതിനായി അംബാസഡര്‍മാരുടെ യോഗം വിളിക്കണം. പ്രതിസന്ധിയിലായ തൊഴിലാളികളുടെ, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യക്കാരുടെ കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ സാംസ്‌കാരിക-വാര്‍ത്താവിനിമയ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യമേഖലയില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് പ്രതിസന്ധിയിലുള്ളതെന്നും രാജാവ് മന്ത്രാലയങ്ങള്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു.

(Visited 204 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക