|    Jan 23 Mon, 2017 6:12 am
FLASH NEWS

സൗദി: കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം-ചെന്നിത്തല

Published : 2nd August 2016 | Posted By: SMR

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴില്‍ നഷ്ടപ്പെട്ടവരില്‍ നിരവധി മലയാളികളുണ്ട്. ഒട്ടേറെപേര്‍ ലേബര്‍ ക്യാംപുകളില്‍ പട്ടിണിയെ അഭിമുഖീകരിച്ചും രോഗങ്ങള്‍ക്ക് അടിമപ്പെട്ടും ദുരിതത്തില്‍ കഴിയുകയാണ്. അവര്‍ക്ക് ഭക്ഷണവും ഔഷധങ്ങളും ലഭ്യമാക്കണം. പലരുടെയും കൈവശം പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ല. അവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തി ല്‍ സമ്മര്‍ദ്ദം ചെലുത്തണം. മാത്രമല്ല, മടങ്ങിയെത്തുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ സി ജോസഫ്
സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് മുന്‍ പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. നോര്‍ക്ക സെക്രട്ടറിയെ ചുമതല ഏല്‍പിച്ചാല്‍ മാത്രം പരിഹരിക്കാവുന്ന കാര്യമല്ല ഇത്. മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ബന്ധപ്പെടണം. ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം സംസ്ഥാന ഗവണ്‍മെന്റ് ഇതേവരെ കാണിക്കാന്‍ തയ്യാറാവാത്തതു നിര്‍ഭാഗ്യകരമാണെന്ന് കെ സി ജോസഫ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടി
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടമായ മലയാളികളടക്കമുള്ളവര്‍ക്ക് നാട്ടിലേക്കു തിരിച്ചുവരാനുള്ള സൗകര്യമൊരുക്കാ ന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി സംഘടനകളുടെ സഹായം ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷകൂടി ഉറപ്പുവരുത്താനുള്ള നടപടികള്‍ എംബസിയുമായി ബന്ധപ്പെട്ടും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും ഉറപ്പുവരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് നിത്വാഖാതിന്റെ ഭാഗമായി തൊഴില്‍ നഷ്ടമായത്. ഇഖാമ പോലും കൈവശമില്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ പോലും പ്രയാസമുണ്ടാവുമെന്നാണ് പ്രവാസി സംഘടനകള്‍ പറയുന്നത്. കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലെടുത്തിരുന്ന നിരവധി പേര്‍ക്ക് ശമ്പളക്കുടിശ്ശികയും ലഭിക്കാനുണ്ട്.
ഇഖാമയും ശമ്പളക്കുടിശ്ശികയുമടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ പ്രവാസി സംഘടനകള്‍ക്ക് കാര്യമായ ഇടപെടല്‍ നടത്താനാവുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഗുരുതരമായ ഈ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്ത് അടിയന്തരമായി പരിഹാര നടപടികള്‍ കൈക്കൊള്ളണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

പ്രവാസി ഫോറം
സൗദിയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ദുരിതമനുഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സൗദി ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമെന്ന് പ്രവാസി ഫോറം കേരള പ്രസിഡന്റ് പി അഹ്മദ് ശരീഫ് ആവശ്യപ്പെട്ടു. ഇപ്പോള്‍ പതിനായിരത്തോളം പേരാണു ദുരിതത്തിലായിട്ടുള്ളത്. ഇനിയും ആയിരക്കണക്കിനു പേര്‍ ഈ ദുരിതം കാത്തിരിക്കുകയാണ്.
അതിനാല്‍ പ്രശ്‌നത്തിന് നയതന്ത്രപരമായ പരിഹാരമാണ് അടിയന്തരമായി ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളായി ശമ്പളം പോലും ലഭിക്കുന്നില്ലെന്നാണ് അറിയാ ന്‍ കഴിയുന്നത്. ആയതിനാല്‍ ദുരിതമനുഭവിക്കുന്ന മലയാളികളായ പ്രവാസികളുടെ വീടുകളില്‍ സൗജന്യറേഷന്‍ നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക