|    Dec 16 Sun, 2018 6:01 pm
FLASH NEWS
Home   >  News Today   >  

സൗദി കിരീടാവകാശിയ്ക്ക് വെടിയേറ്റെന്ന്: വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

Published : 21st May 2018 | Posted By: sruthi srt

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വെടിയേറ്റെന്ന് റിപോര്‍ട്ട്. ഇക്കാരണത്താലാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നുമാണ് ചില ഇറാന്‍, റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതത്്. എന്നാല്‍ വാര്‍ത്ത സൗദി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.ഏപ്രില്‍ 21ന് നടന്ന അട്ടിമറി ശ്രമത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വെടിയേറ്റെന്നാണ് മാധ്യമ വാര്‍ത്തകള്‍.

വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന മട്ടിലാണ് പ്രചാരണം. ഏപ്രില്‍ 21ന് സൗദി കൊട്ടാര പരിസരത്ത് നിന്നു വെടിശബ്ദം ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍, കൊട്ടാര പരിസരത്ത് അനധികൃതമായി പറത്തിയ ഡ്രോണ്‍ സുരക്ഷാ ഗാര്‍ഡുകള്‍ വെടിവച്ചിട്ടതാണ് ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചതെന്ന് സൗദി അധികൃതര്‍ വിശദീകരിച്ചിരുന്നു.
ഏപ്രില്‍ 28ന് നടന്ന ഒരു ചടങ്ങില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി രാജാവിനൊപ്പം പങ്കെടുക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ഖിദ്ദിയ വിനോദ റിസോര്‍ട്ടിന്റെ ഉദ്ഘാടന വേളയിലാണ് മറ്റ് അതിഥികളോടൊപ്പം ഇരുവരും പങ്കെടുത്തത്.
അതേസമയം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഏഴു മനുഷ്യാവകാശ പ്രവര്‍ത്തകരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് (എച്ച്ആര്‍ഡബ്ല്യൂ) ഇക്കാര്യം പുറത്തുവിട്ടത്. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് നിലനിന്നിരുന്ന വിലക്ക് നീങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് അറസ്റ്റ്. ഇവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരില്‍ രണ്ടു പുരുഷന്മാരുമുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരായ ലൗജായിന്‍ അല്‍ ഹാത്‌ലോല്‍, ഇമാന്‍ അല്‍ നഫ്ജാന്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി എച്ച്ആര്‍ഡബ്ല്യൂ പറഞ്ഞു. സുരക്ഷയും സ്ഥിരതയും അട്ടിമറിക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ശ്രമിച്ചതിനാണ് ഏഴുപേരെ അറസ്റ്റ് ചെയ്തതെന്നു രാജ്യസുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് സൗദിയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു.
വിദേശത്തു നിന്നുള്ള വ്യക്തികളുമായി ഇവര്‍ സംശയകരമായ ബന്ധം പുലര്‍ത്തിയെന്നും വിദേശങ്ങളിലെ ശത്രുക്കള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു.ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാമെന്ന് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം പുരുഷ രക്ഷകര്‍ത്താവ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ ഭരണകൂടത്തിനു നല്‍കിയ അപേക്ഷയിലും ലൗജായിന്‍ അല്‍ ഹാത്‌ലോലും ഇമാന്‍ അല്‍ നഫ്ജാനും ഒപ്പിട്ടിരുന്നു.ഹാത്‌ലോല്‍ മൂന്നാം തവണയാണ് അറസ്റ്റിലാവുന്നത്. നേരത്തേ യുഎഇ അതിര്‍ത്തിയില്‍ വാഹനമോടിക്കാന്‍ ശ്രമിച്ചതിന് 2014ലും പിന്നീട് 2017ലുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നു സൗദി ഭരണകൂടം ഇവര്‍ക്ക് സപ്തംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും എച്ച്ആര്‍ഡബ്ല്യൂ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss