|    Dec 12 Wed, 2018 7:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം; തുണീസ്യയില്‍ പ്രതിഷേധം

Published : 25th November 2018 | Posted By: kasim kzm

തുണിസ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ വിമര്‍ശനം നേരിടുന്ന സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനെതിരേ തുണീസ്യയില്‍ പ്രതിഷേധം. രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുഹമ്മദിന്റെ സന്ദര്‍ശനത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇസ്താംബൂളില്‍ സൗദി കോണ്‍സുലേറ്റില്‍ ഖഷഗ്ജി കൊല്ലപ്പെട്ടതിനു ശേഷം ആദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ മുഹമ്മദ് ബഹ്‌റയ്ന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം 27ന് തുണീസ്യയിലെത്തും. തുണീസ്യന്‍ സര്‍ക്കാര്‍ വക്താവ് സയ്ദ ഖറാഷ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഈ മാസം അവസാനം അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലും കിരീടാവകാശി പങ്കെടുക്കും. ഖഷഗ്ജി വധത്തില്‍ മുഹമ്മദിനു പങ്കുണ്ടെന്ന് ആരോപിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടക്കമുള്ള നേതാക്കളെ നേരില്‍ കാണാനും സാധ്യതയുണ്ട്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് കിരീടാവകാശിയുടെ വിദേശപര്യടനമെന്നും അന്താരാഷ്ട്രതലത്തില്‍ ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. ഖഷഗ്ജി വധത്തെ തുണീസ്യന്‍ സര്‍ക്കാര്‍ അപലപിക്കുന്നുവെന്നും സത്യം വെളിപ്പെടുത്തണമെന്നാണ് തങ്ങളുടെ നിലപാടെന്നും ഖറാഷ് കൂട്ടിച്ചേര്‍ത്തു.
കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കാര്‍ത്താജിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ നടത്തുന്ന ധര്‍ണയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ താരീഖ് ഖഹ്‌ലവി അറിയിച്ചു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ പോപുലര്‍ ഫ്രന്റ് പാര്‍ട്ടി നേതാവും മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി.
തുണീസ്യയിലെ ഒരു സംഘം അഭിഭാഷകര്‍ മുഹമ്മദിന്റെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അമ്പതോളം അഭിഭാഷകരാണ് ഇക്കാര്യമാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് തുണീസ്യയിലെത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss