|    Dec 18 Tue, 2018 12:39 am
FLASH NEWS
Home   >  News now   >  

സൗദി കിരീടാവകാശിയുടെ ആരോഗ്യ സ്ഥിതി: സംശയമുന്നയിച്ച് വീണ്ടും മാധ്യമങ്ങള്‍

Published : 30th May 2018 | Posted By: mtp rafeek


ദോഹ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംശയമുന്നയിച്ച് കൂടുതല്‍ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. അധികാരമേറ്റെടുത്തത് മുതല്‍ വിവിധ പരിഷ്‌കരണ പ്രഖ്യാപനങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന മുഹമ്മദ് ബിന്‍ സല്‍മാനെ  കഴിഞ്ഞ ഒരു മാസമായി പൊതുപരിപാടികളിലോ മാധ്യമങ്ങളിലോ കാണാത്തതതാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.

ഏപ്രില്‍ 21 ന് നടന്ന അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടതായി ഇറാനിലെയും റഷ്യയിലെയും ചില മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ഇതേ തുടര്‍ന്ന് സൗദി വാര്‍ത്ത നിഷേധിക്കുകയും സൗദി രാജകുമാരന്‍ ഉള്‍പ്പെട്ട ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു. 21ന് നടന്നത് അട്ടിമറി ശ്രമമല്ലെന്നും കൊട്ടാരത്തിന് സമീപത്ത് അനധികൃതമായി ഡ്രോണ്‍ പറത്തിയത് വെടിവച്ച് വീഴ്ത്തിയതാണെന്നും വിശദീകരണം വന്നിരുന്നു.

അതേസമയം, ഔദ്യോഗിക വിശദീകരണം വന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഹമ്മദ് ബിന്‍ സല്‍മാന്‍ എവിടെയും പ്രത്യക്ഷപ്പെടാത്തതാണ് പുതിയ റിപോര്‍ട്ടുകള്‍ക്കടിസ്ഥാനം. സൗദി കിരീടാവകാശിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയമുള്ളതായി ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ് പത്രമായ ദ ഒബ്‌സര്‍വറാണ് ഒടുവില്‍ രംഗത്തെത്തിയത്.

ഏപ്രില്‍ 12 ന് സ്‌പെയിനിലെ രാജകുടുംബത്തോടൊപ്പമാണ് മുഹമ്മദ് ബിന്‍ സല്‍മാനെ അവസാനമായി കണ്ടതെന്നു ദ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സൗദിയിലെ 32കാരന്‍ കിരീടാവകാശി മരണപ്പെട്ടോ’ എന്നാണ് ദ ഒബ്‌സര്‍വര്‍ വാര്‍ത്തക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ 20 മിനുട്ട്‌സ് പത്രവും സമാനമായ സംശയങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി.

ഏപ്രില്‍ 21ന് നടന്ന അട്ടിമറി ശ്രമത്തിനിടെ മുഹമ്മദ് ബിന്‍ സല്‍മാന് രണ്ടു തവണ വെടിയേറ്റുവെന്നും അദ്ദേഹം മരിച്ചിരിക്കാം എന്നുമാണ് ഇറാന്‍ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പൊന്‍പിയോ റിയാദ് സന്ദര്‍ശിച്ചപ്പോള്‍ സൗദി കിറടാവകാശിയോടൊപ്പമുള്ള വീഡിയോ പുറത്തു വരാത്തതും കിവദന്തിക്ക് പ്രചാരം വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേ സമയം, ഇത്തരം റിപോര്‍ട്ടുകള്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് തള്ളിക്കളഞ്ഞു. സൗദി ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുള്ള ഇറാന്റെ ശ്രമമാണ് റിപോര്‍ട്ടുകള്‍ക്ക് പിന്നിലെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. മൈക്ക് പോംപിയോ സൗദിയിലെത്തിയപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി നേരിട്ട് സംസാരിച്ചുവെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വ്യക്തിപരമായി അദ്ദേഹം തന്നെ സ്വയം വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാവാമെന്നു പ്രമുഖ യുഎസ് നയനന്ത്രജ്ഞന്‍ സൂചിപ്പിച്ചു.

അതിനിടെ, സൗദി കിരീടാവകാശിയുടെ ഖബറടക്കല്‍ ചടങ്ങ് എന്ന പേരിലുള്ള വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് വ്യാജ വീഡിയോ ആണെന്നാണ് വ്യക്തമാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss