|    Nov 21 Wed, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൗദിയില്‍ 10,000ത്തിലധികം തൊഴിലാളികള്‍ക്കു ജോലി നഷ്ടമായി; ഇന്ത്യക്കാര്‍ ദുരിതത്തില്‍

Published : 1st August 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയിടിവുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വന്‍കിട നിര്‍മാണ കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍. 10,000ത്തിലധികം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. ഇവര്‍ മാസങ്ങളായി ശമ്പളമില്ലാതെ വിവിധ ലേബര്‍ ക്യാംപുകളില്‍ ദുരിതമനുഭവിക്കുകയാണ്.
ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കും. ഇതിനായി സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ സഹകരണത്തോടെ നടപടികള്‍ ഊര്‍ജിതമാക്കി. തൊഴില്‍ നഷ്ടപ്പെട്ടവരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കുകയോ ഹാജിമാരുമായി പോവുന്ന വിമാനം ഉപയോഗിക്കുകയോ ചെയ്യുമെന്നാണു വിവരം. ദൗത്യത്തിനു നേതൃത്വംനല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ് സൗദിയിലേക്ക് ഉടന്‍ പുറപ്പെടും. തൊഴിലാളികളുടെ എക്‌സിറ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജിദ്ദയില്‍ 2,450 ഇന്ത്യന്‍ തൊഴിലാളികള്‍ക്കു സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഭക്ഷണം വിതരണം ചെയ്തതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 16,000 കിലോ ഭക്ഷണസാധനങ്ങളും 1,850 ഭക്ഷണപ്പൊതികളും എത്തിച്ചുനല്‍കി. ഇവരെല്ലാം സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളാണ്. അരലക്ഷത്തോളം പേര്‍ ജോലിചെയ്യുന്ന കമ്പനി ഏഴുമാസത്തോളമായി ശമ്പളം നല്‍കുന്നില്ല. ഇവരില്‍ 4,000 തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. ഇതില്‍ 100ല്‍ താഴെ മലയാളികളുണ്ടെന്നാണു വിവരം. സൗദി ഓജര്‍ കമ്പനിയിലെ ലേബര്‍ ക്യാംപുകളില്‍ 10 ദിവസം മുമ്പ് മെസ് നിര്‍ത്തിയിരുന്നു. ജിദ്ദ റഹ്മാനിയയിലുള്ള ക്യാംപില്‍ രണ്ടുദിവസം മുമ്പ് പണമടയ്ക്കാത്തതിനാല്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ തൊഴിലാളികള്‍ തെരുവിലിറങ്ങി. ഇതോടെയാണു പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. സുരക്ഷാസേന തൊഴിലാളികളെ നീക്കി ഗതാഗതവും വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചു.
ഏറ്റവും വലിയ നിര്‍മാണക്കമ്പനികളിലൊന്നായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പില്‍ ലക്ഷക്കണക്കിനു തൊഴിലാളികളാണ് ഉള്ളത്. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ബസ്സുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടാനോ ശമ്പളക്കുടിശ്ശികയും വിമാന ടിക്കറ്റും നല്‍കാനോ സാധിക്കുന്നില്ല. ആനുകൂല്യങ്ങള്‍ നല്‍കി തൊഴിലാളികളെ നാട്ടിലേക്കു കയറ്റിവിടാമെന്നു കമ്പനി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നു  തൊഴില്‍മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.
അതിനിടെ സൗദിയിലെ നാലു കമ്പനികളെ ഫിലിപ്പീന്‍സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ്, സൗദി ഓജര്‍, മുഹമ്മദ് അല്‍ മുഅജ്ജില്‍, മുഹമ്മദ് അല്‍ ബര്‍ഗീഷ് ആന്റ് ബ്രദേഴ്‌സ് കോണ്‍ട്രാക്റ്റിങ് കമ്പനി എന്നിവയാണിവ. ഈ കമ്പനികളിലേക്ക് ഫിലിപ്പീന്‍സില്‍നിന്ന് റിക്രൂട്ട്‌മെന്റ് അനുവദിക്കില്ല. ഒമ്പതു പ്രമുഖ കമ്പനികള്‍ സാമ്പത്തികമായി കൂപ്പുകുത്തി. ആലുംകോ, അല്‍മിറ കോണ്‍ട്രാക്റ്റിങ് കമ്പനി, ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനി, ഫൗസി സ്വാലിഹ് കോണ്‍ട്രാക്റ്റിങ് കമ്പനി, അറാപ്റ്റക് കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവയും ഇതിലുള്‍പ്പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss