|    Jan 19 Thu, 2017 10:49 pm
FLASH NEWS

സൗദിയില്‍ സന്ദര്‍ശന-ടൂറിസം വിസകള്‍ക്ക് 3,000 റിയാല്‍

Published : 13th August 2016 | Posted By: SMR

ജിദ്ദ: സൗദി മന്ത്രിസഭ പാസാക്കിയ വിസാ ഫീസ് വര്‍ധനയുടെ വിശദവിവരങ്ങള്‍ തൊഴില്‍മന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം സന്ദര്‍ശന-ടൂറിസം വിസകള്‍ക്കു ചെലവേറും. കുടുംബസന്ദര്‍ശന, വാണിജ്യസന്ദര്‍ശന, ടുറിസം വിസകള്‍ക്ക് ആറുമാസത്തിന് 3,000 റിയാലും ഒരുവര്‍ഷത്തിന് 5,000 റിയാലും രണ്ടുവര്‍ഷത്തിന് 8,000 റിയാലും നല്‍കേണ്ടിവരുമെന്ന് മന്ത്രാലയവക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി.
ഇത്തരം വിസകളാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ ഉള്‍പ്പെടുക. ആറുമാസ പരിധിയുള്ള സന്ദര്‍ശനവിസകളിലെത്തി പിന്നീട് വിസാ കാലാവധി നീട്ടുന്നതിനും ഈ നിരക്ക് ബാധകമായിരിക്കും. എക്‌സിറ്റ്‌റീഎന്‍ട്രി ലഭിക്കുന്ന തൊഴില്‍വിസകള്‍, ഫാമിലി വിസകള്‍, പഠന വിസകള്‍ എന്നിവയ്ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ വ്യവസ്ഥ ബാധകമല്ല. ഇപ്രകാരം സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍ക്കും മക്കള്‍ക്കും നിയമം ബാധകമാക്കില്ല. റീഎന്‍ട്രി വിസയ്ക്ക് ചുരുങ്ങിയത് 200 റിയാല്‍ നല്‍കണം. ഇതിനു രണ്ടുമാസം വരെ കാലാവധിയുണ്ട്. പിന്നീടുള്ള ഓരോ മാസത്തേക്കും 100 റിയാല്‍ നല്‍കണം. ഇപ്രകാരം ഇഖാമ കാലാവധി വരെ റീഎന്‍ട്രി അനുവദിക്കും.
മള്‍ട്ടിപ്പിള്‍ റീഎന്‍ട്രി വിസയ്ക്ക് മൂന്നുമാസത്തേക്ക് 500 റിയാല്‍ നല്‍കണം. പിന്നീടുള്ള ഓരോ മാസത്തിനും 200 റിയാല്‍ വീതം നല്‍കേണ്ടിവരും. ഇഖാമ കാലാവധി വരെ ഇപ്രകാരം മള്‍ട്ടിപ്പിള്‍ റീഎന്‍ട്രി ലഭിക്കും.
തൊഴില്‍വിസകള്‍ക്കു പുതിയ നിയമം ബാധകമാവില്ല. നിലവിലുള്ള 2,000 റിയാല്‍ തന്നെ തുടരും.
രണ്ടാംതവണയുള്ള ഹജ്ജ്-ഉംറ വിസകള്‍ക്ക് 2,000 റിയാല്‍, ട്രാന്‍സിസ്റ്റ് വിസ 300 റിയാല്‍, തുറമുഖം വഴിയുള്ള യാത്രയ്ക്ക് 50 റിയാല്‍ എന്നിങ്ങനെയാണ് മന്ത്രിസഭായോഗം നിശ്ചയിച്ചത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്കും ബാധകം ജിദ്ദ: സൗദി മന്ത്രിസഭ പാസാക്കിയ വിസാ ഫീസ് വര്‍ധന ഗാര്‍ഹിക തൊഴിലാളികളുടെ എക്‌സിറ്റ്-റീഎന്‍ട്രി വിസകള്‍ക്കും ബാധകമാവുമെന്ന് സൗദി ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്‌യീ വ്യക്തമാക്കി. തൊഴില്‍വിസകളിലുള്ളവര്‍ക്ക് ഇഖാമ കാലാവധി വരെ എക്‌സിറ്റ്-റീഎന്‍ട്രി അനുവദിക്കും. എന്നാല്‍, രണ്ടുമാസത്തില്‍ കൂടുതലുള്ള ഓരോ മാസത്തിനും 100 റിയാല്‍ നല്‍കണം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസാ ഫീസ് ബാധകമല്ലെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ജവാസാത്ത് മേധാവിയുടെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക